
മാഡ്രിഡ്: സഹപ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമിടയില്‍ കൊവിഡ് രോഗം പരത്തി എന്നാരോപിച്ച് സ്‌പെയിനില്‍ ഒരാള്‍ അറസ്റ്റില്‍. മനാകോര്‍ നഗരത്തിലാണ് 22 പേര്‍ക്ക് രോഗം പരത്തി എന്ന കുറ്റം ചുമത്തി 40 -കാരന്‍ അറസ്റ്റിലായത്. സംഭവം. ദിവസങ്ങളോളം കൊവിഡ് രോഗലക്ഷണങ്ങള്‍ കാണിച്ചിട്ടും വീട്ടില്‍നിന്നും ജോലി ചെയ്യാന്‍ തയ്യാറാവാതെ ജോലിക്ക് പോവുകയും സഹപ്രവര്‍ത്തകര്‍ക്കം വീട്ടുകാര്‍ക്കും കൊവിഡ് വരാന്‍ കാരണമാവുകയും ചെയ്തു എന്നാണ് ഇയാള്‍ക്കെതിരായ പരാതി.
104 ഡിഗ്രി ഫാരന്‍ഹീറ്റ് പനിയും കനത്ത ചുമയും ഉണ്ടായിട്ടും ഓഫീസില്‍ പോയ ഇയാള്‍ സഹപ്രവര്‍ത്തകര്‍ക്ക് രോഗംവരാന്‍ കാരണമായതായി സ്പാനിഷ് പൊലീസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. മജോര്‍ക നഗരത്തില്‍ ജോലി ചെയ്യുന്ന ഇയാള്‍ സഹപ്രവര്‍ത്തകരുമായി അടുത്തിടപഴകി. രോഗലക്ഷണങ്ങളുണ്ടായിട്ടും ഇയാള്‍ ജിമ്മില്‍ തുടര്‍ച്ചയായി പോയിരുന്നതായും പൊലീസ് പറയുന്നു.
തുടര്‍ന്ന്, അഞ്ച് സഹപ്രവര്‍ത്തകര്‍ കൊവിഡ് പോസിറ്റീവായി. ജിമ്മിലുണ്ടായിരുന്ന മൂന്നു പേര്‍ക്കും രോഗം വന്നു. ഇവരുടെ കുടുംബംഗങ്ങളായ 14 പേര്‍ക്കു കൂടി തുടര്‍ന്ന് രോഗമുണ്ടായി. ഇതിനു ശേഷമാണ്, പൊലീസ് ഇയാള്‍ക്കെതിരെ കേസ് എടുത്തത്. സഹപ്രവര്‍ത്തകര്‍ വീട്ടില്‍ പോവാന്‍ ആവശ്യപ്പെട്ടുവെങ്കിലും ഇയാള്‍ വിസമ്മതിച്ചു. മാസ്‌ക് അഴിച്ച് നടക്കുകയും എല്ലാവര്‍ക്കും കൊവിഡ് വരുത്തും എന്ന് ഭീഷണി മുഴക്കിയതായും സഹപ്രവര്‍ത്തകര്‍ മൊഴി നല്‍കി.
രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഇയാള്‍ പരിശോധന നടത്തിയെങ്കിലും റിസല്‍റ്റ് വരാന്‍ കാത്തുനില്‍ക്കാതെ ഓഫീസിലും ജിമ്മിലും പോയിരുന്നതായി പൊലീസ് പറയുന്നു.