കുഞ്ഞുങ്ങളുടെ കണ്ണീരുപ്പ് കലർന്ന തടാകം, വോൾട്ടയിലെ അവസാനിക്കാത്ത ബാലവേല...

By Web TeamFirst Published Apr 25, 2021, 3:30 PM IST
Highlights

എബനീസെർ അത്തരത്തിൽ കടത്തപ്പെട്ട ഒരു കുട്ടിയായിരുന്നു. അമ്മ മരിച്ചപ്പോൾ എബനീസർ കുഞ്ഞായിരുന്നു. തുടർന്ന് അവന്റെ മുത്തശ്ശി അവനെ വീട്ടിലേക്ക് കൊണ്ടുപോയി. 

ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിത തടാകമാണ് വോൾട്ട തടാകം. ഘാനയുടെ പകുതിയോളം വ്യാപിച്ചുകിടക്കുന്ന തടാകത്തിൽ ചില്ലു പോലെ തെളിഞ്ഞ വെള്ളമാണ്. വെള്ളത്തിൽ നിറയെ വൃക്ഷത്തൈകളും കാണാം. ചുറ്റും താമസിക്കുന്ന ഘാനക്കാരുടെ സങ്കീർണ്ണമായ സാമ്പത്തിക സാമൂഹിക ചരിത്രവുമായി ഈ തടാകം ഏറെ ബന്ധപ്പെട്ടിരിക്കുന്നു. മത്സ്യബന്ധനം ഇവിടത്തെ ജനങ്ങളുടെ പ്രധാന വ്യവസായങ്ങളിലൊന്നാണ്. വിശാലമായ തടാകം കാണാൻ വളരെ മനോഹരമാണെങ്കിലും, ഇതിന് ഒരു ഇരുണ്ട വശമുണ്ട്. കാരണം ആയിരക്കണക്കിന് കുട്ടികൾ ബാലവേലക്കായി ഇവിടെയ്ക്ക് കടത്തപ്പെടുന്നു.    

കുട്ടികൾ അവിടത്തെ വമ്പൻ മത്സ്യബന്ധന വ്യവസായത്തിൽ പ്രവർത്തിക്കുന്നു. പലപ്പോഴും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ കൂടുതൽ സമയം ജോലി ചെയ്യാൻ അവർ നിർബന്ധിതരാകുന്നു. കുട്ടികളെ ബാലവേലക്കായി കടത്തുന്നത് ഇവിടത്തെ ഒരു വലിയ സാമൂഹ്യ പ്രശ്‌നമാണ്. കൊച്ചുകുട്ടികളുടെ വേഗത്തിൽ നീങ്ങാനുള്ള കഴിവും, വലകൾ പെട്ടെന്ന് അഴിക്കാൻ കഴിയുന്ന അവരുടെ കുഞ്ഞു കൈകളും കണക്കിലെടുത്ത് മത്സ്യബന്ധനത്തിന് അവരെ വൻതോതിൽ ഉപയോഗിക്കുന്നു. ഇത് യാഥാർത്ഥ്യത്തിൽ ആ കൊച്ചുകുട്ടികളുടെ നിഷ്‌കളങ്ക ബാല്യത്തെയും, സന്തോഷത്തെയും അപഹരിക്കുന്നു.  

തടാകത്തിന്റെ എല്ലാ മാന്ത്രികതയ്ക്കും സൗന്ദര്യത്തിനും ഇടയിൽ, ആ ഇരുണ്ട യാഥാർത്ഥ്യം അവശേഷിക്കുന്നു. ആയിരക്കണക്കിന് കുട്ടികളാണ് അതിന്റെ കൂറ്റൻ മത്സ്യബന്ധന വ്യവസായത്തിൽ ജോലി ചെയ്യുന്നത്. ഇരകളെ തിരിച്ചറിയുന്നതിനും രക്ഷാപ്രവർത്തനം നടത്തുന്നതിനും സംശയമുള്ളവരെ അറസ്റ്റ് ചെയ്യുന്നതിനും ആവശ്യമായ പരിശീലനവും പിന്തുണയും നിയമപാലകർക്കും പ്രോസിക്യൂട്ടർമാർക്കും നൽകുന്ന ഒരു  സംഘടനയാണ് ഇന്റർനാഷണൽ ജസ്റ്റിസ് മിഷൻ. അവർക്കായി ഫോട്ടോ എടുക്കുന്നതിനായിട്ടാണ് ഘാനയിലേക്ക് ഫോട്ടോഗ്രാഫ് സ്നെൽ ആദ്യമായി പറന്നത്. എന്നാൽ തടാകത്തിൽ ഒരുപാട് സമയം ചെലവഴിച്ച ശേഷം ഒരു പദ്ധതി അദ്ദേഹം കുട്ടികൾക്കായി ആരംഭിക്കുകയുണ്ടായി. ഘാനയിലെ വോൾട്ട തടാകത്തിന് ചുറ്റുമുള്ള കുട്ടികളുടെയും പരിസ്ഥിതിയുടെയും ചിത്രീകരണമാണ് ജെറമി സ്നെലിന്റെ ബോയ്സ് ഓഫ് വോൾട്ട ഫോട്ടോ സീരീസ്. വിറ്റഴിച്ച ലാഭത്തിന്റെ 10% എൻ‌ജി‌ഒ ഇന്റർനാഷണൽ ജസ്റ്റിസ് മിഷന് അദ്ദേഹം സംഭാവന ചെയ്തു.

പ്രധാനമായും അവിടത്തെ ദാരിദ്ര്യം മുതലെടുത്താണ് കുട്ടികളെ കടത്തുന്നത്. "സ്കൂളിൽ ചേർക്കാൻ കഴിയാത്ത മൂന്ന് കുട്ടികൾ നിങ്ങൾക്ക്  ഉണ്ടെങ്കിൽ, ഒരാളെ സ്കൂളിൽ ചേർക്കാൻ ആരെങ്കിലും കൊണ്ടുപോകുകയും മറ്റ് രണ്ട് പേരെ സ്കൂളിൽ ചേർക്കാൻ പണം നൽകുകയും ചെയ്താൽ, നിങ്ങൾ എന്തിന് അത് വേണ്ടെന്ന് പറയും?" ബാലക്കടത്തിനെതിരെ പ്രവർത്തിക്കുന്ന ഹെൻറി ടെറ്റെ അമാനോർ പറയുന്നു.
അതിനാൽ അവരുടെ മാതാപിതാക്കൾ അവരുടെ കുട്ടികളെ 300 സെഡിസിന്  മുതൽ 78 യുഎസ് ഡോളറിന് വരെ വിൽക്കുന്നു. “ചിലപ്പോൾ, കടത്തുകാർ കുട്ടികളെ അടുത്തുള്ള പട്ടണത്തിലേക്കാണ് എന്നും പറഞ്ഞ് കൊണ്ടുപോകും. എന്നാൽ വാസ്തവത്തിൽ അവർ കുട്ടികളെ വളരെ ദൂരെക്കാണ് കൊണ്ടുപോകുന്നത്. ചിലപ്പോൾ അവർക്ക് സ്വന്തം വീട്ടിലേക്കുള്ള വഴി കണ്ടെത്താനാകാത്ത വിധം ദൂരേയ്ക്ക്" ഹെൻറി പറയുന്നു. വാസ്തവം മറ്റൊന്നാണെങ്കിലും, തന്റെ മക്കൾ സന്തോഷമായി ജീവിച്ചിരിക്കുണ്ടെന്ന് ആ മാതാപിതാക്കൾ വെറുതെ ആശ്വസിക്കുന്നു.    

ഘാനയുടെ സമ്പദ്‌വ്യവസ്ഥയുടെ ഒരു പ്രധാന ഘടകമാണ് വോൾട്ടയുടെ മത്സ്യബന്ധന വ്യവസായം. പക്ഷേ, ഇത് ദുർബലരായ കുട്ടികളുടെ മേലാണ് പണിതുയർത്തിയിരിക്കുന്നത്. കടത്തപ്പെടുന്നവർക്ക് ഏറ്റവും അപകടകരവും ബുദ്ധിമുട്ടുള്ളതുമായ ജോലികൾ നൽകുന്നു. അവർ കൂടുതൽ തീവ്രമായ അക്രമത്തിന് വിധേയരാകുന്നു. അവരിൽ ഭൂരിഭാഗവും 10 വയസ്സിന് താഴെയുള്ളവരാണ്. കുട്ടികളെ അവർ കൂടുതൽ മണിക്കൂർ ജോലി ചെയ്യിപ്പിക്കുകയും, ഭക്ഷണം നിഷേധിക്കുകയും, അന്യായമായി തടഞ്ഞുവയ്ക്കുകയും ചെയ്യുന്നു. തടാക വോൾട്ട മേഖലയിൽ 3 കുട്ടികളിൽ ഒരാൾ ബാലവേലക്കാരാണ്.

എബനീസെർ അത്തരത്തിൽ കടത്തപ്പെട്ട ഒരു കുട്ടിയായിരുന്നു. അമ്മ മരിച്ചപ്പോൾ എബനീസർ കുഞ്ഞായിരുന്നു. തുടർന്ന് അവന്റെ മുത്തശ്ശി അവനെ വീട്ടിലേക്ക് കൊണ്ടുപോയി. മുത്തശ്ശിയുടെ വീട്ടിൽ അവനെ അന്വേഷിച്ച് ഒരാൾ വന്നപ്പോൾ അവന് ആറു വയസ്സായിരുന്നു. തനിക്ക് ഒരു ഫിഷിംഗ് ബോട്ട് ഉണ്ടെന്ന് വന്നയാൾ വിശദീകരിച്ചു. മത്സ്യബന്ധനത്തിനായി ആൺകുട്ടികളെ നോക്കുകയാണ് താൻ എന്നും അയാൾ പറഞ്ഞു. നല്ല ജോലി, സ്ഥിരമായ വേതനം, ഭക്ഷണം, ഉറങ്ങാൻ സുരക്ഷിതമായ സ്ഥലം എന്നിവ അയാൾ വാഗ്ദാനം ചെയ്തു. എന്നാൽ അയാളുടെ വാഗ്ദാനങ്ങൾ ആ കുഞ്ഞിന്റെ പുഞ്ചിരി പോലെ ശൂന്യമായിരുന്നു.

മൂന്ന് വർഷം, എബനീസെർ തടാകത്തിൽ ജോലി ചെയ്തു. തോളുകൾ വേദനിക്കുകയും കൈകൾ പൊട്ടി രക്തമൊഴുകുകയും ചെയ്യുന്നതുവരെ അവൻ വലയിട്ടു കൊണ്ടിരുന്നു.  “ഞാൻ തനിയെ ഇരുന്നു എന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കാറുണ്ടായിരുന്നു. എനിക്ക് പോകാൻ ആഗ്രഹമുണ്ടായിരുന്നു, പക്ഷെ കഴിഞ്ഞില്ല. കാരണം എന്റെ കൈയിൽ പണമില്ലായിരുന്നു. അവിടെ നിന്ന് രക്ഷപ്പെടാൻ ദൈവം എന്നെ സഹായിക്കണമെന്ന് ഞാൻ പ്രാർത്ഥിക്കാറുണ്ടായിരുന്നു," എബനീസെർ പറയുന്നു. ഘാനയിൽ കടത്ത് നിയമവിരുദ്ധമാണ്. എന്നാൽ വെള്ളത്തിൽ അതിന് ഒരു നിയമവുമില്ല. കുട്ടികളെ പതിവായി പാഡിൽസ്, കനത്ത കയറുകൾ, ഇലക്ട്രിക്കൽ കേബിളുകൾ എന്നിവ ഉപയോഗിച്ച് അടിക്കുന്നു. ഉറക്കക്കുറവ്, പോഷകാഹാരക്കുറവ്, ലൈംഗികാതിക്രമം, ഗുരുതരമായ പരിക്കുകൾ എന്നിവ അവർക്ക് അനുഭവിക്കേണ്ടി വരുന്നു.  പറഞ്ഞറിയിക്കാനാവാത്ത കുറ്റകൃത്യങ്ങൾക്ക് അവർ ഇരയാകുന്നു. അവർക്ക് വൈദ്യസഹായം, വിദ്യാഭ്യാസം, വിനോദം എന്നിവ നിഷേധിക്കപ്പെടുന്നു. യഥാർത്ഥത്തിൽ, അവർ അടിമകളാണ് എന്ന് പറയാം. സർക്കാർ അതിനെ നേരിടാൻ വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുന്നുവെങ്കിലും, ഇപ്പോഴും ആ തടാകത്തിലെ വെള്ളത്തിന് കുഞ്ഞുങ്ങളുടെ കണ്ണുനീരിന്റെ ഉപ്പാണ്.  

click me!