
ഭാഗ്യം വരുന്ന വഴി എന്നൊക്കെ പറഞ്ഞാൽ ഇതാണ്. കടയിൽ ആരും എടുക്കാതെ അവശേഷിച്ച രണ്ട് ലോട്ടറി ടിക്കറ്റുകൾ എടുത്ത കടയുടെ ഉടമയെ ഭാഗ്യം തുണച്ചപ്പോൾ കിട്ടിയത് നാലു മില്യൺ ഡോളർ. 33,11,76,200 ഇന്ത്യൻ രൂപ വരും ഇത്. ഇയാൾ എടുത്ത രണ്ടു ടിക്കറ്റുകളിൽ ഒന്നിനാണ് നാലു മില്യൺ ഡോളർ അടിച്ചത്.
തന്റെ കടയിൽ രണ്ട് ഡയമണ്ട് 7 സ്റ്റാർ സ്‌ക്രാച്ച് ഓഫ് ലോട്ടറി ടിക്കറ്റുകൾ മാത്രം അവശേഷിക്കുന്നത് ശ്രദ്ധയിൽപ്പെട്ട മിഷിഗൻ സ്വദേശിയായ ലോട്ടറി ഏജന്റിനാണ് ഈ ഭാഗ്യം ഉണ്ടായത്. കടയിലെത്തിയ പലരോടും ഇയാൾ നിരവധി തവണ അവശേഷിക്കുന്ന ടിക്കറ്റുകൾ എടുക്കണം എന്ന് അഭ്യർത്ഥിച്ചെങ്കിലും ആരും തയ്യാറായില്ല. ഒടുവിൽ മനസ്സില്ലാ മനസ്സോടെ അദ്ദേഹം തന്നെ ആ ടിക്കറ്റുകൾ എടുക്കുകയായിരുന്നു.
വലിയ പ്രതീക്ഷകൾ ഒന്നും കൂടാതെയാണ് അദ്ദേഹം കടയിൽ ഇരുന്നു തന്നെ അവ സ്ക്രാച്ച് ചെയ്തു നോക്കിയത്. പക്ഷേ, സ്ക്രാച്ച് ചെയ്തു നോക്കിയ താൻ അമ്പരന്നു പോയെന്നും സന്തോഷം കൊണ്ട് എന്ത് ചെയ്യണമെന്ന് അറിയാതെ കടയിൽ നിന്ന് ഇറങ്ങി ഓടിയെന്നുമാണ് പിന്നീട് ഇയാൾ പ്രാദേശിക മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നത്.
42 -കാരനായ ഇദ്ദേഹത്തിന് മുൻപ് ചെറിയ ചില സമ്മാനങ്ങൾ അടിച്ചിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് അദ്ദേഹത്തെ തേടി ബംബർ എത്തുന്നത്. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകളുള്ള തനിക്ക് സ്വന്തമായി ഒരു വീടില്ലെന്നും അതുകൊണ്ടുതന്നെ ഈ പണം ഉപയോഗിച്ചുകൊണ്ട് തന്റെ ആദ്യത്തെ പരിഗണന സ്വന്തമായൊരു വീട് നിർമ്മിക്കാനാണ് എന്നുമാണ് ഇദ്ദേഹം പറയുന്നത്. ഈ സന്തോഷം എങ്ങനെയാണ് പറഞ്ഞറിയിക്കേണ്ടതെന്ന് തനിക്കറിയില്ലെന്നും ഇതൊരു വലിയ അനുഗ്രഹമായാണ് താൻ കാണുന്നതെന്നും ഇദ്ദേഹം പറയുന്നു.