ടിക്കറ്റിന് 20 രൂപ അധികമീടാക്കി, 22 വർഷം റെയിൽവേയ്‍ക്കെതിരെ കേസ് നടത്തി പലിശയടക്കം തിരിച്ചു പിടിച്ചു

Published : Aug 12, 2022, 10:00 AM IST
ടിക്കറ്റിന് 20 രൂപ അധികമീടാക്കി, 22 വർഷം റെയിൽവേയ്‍ക്കെതിരെ കേസ് നടത്തി പലിശയടക്കം തിരിച്ചു പിടിച്ചു

Synopsis

ഏതായാലും കേസ് മുന്നോട്ട് തന്നെ പോയി. 1999 മുതൽ 2022 വരെ 12 ശതമാനം പലിശയടക്കം കൂട്ടി ചതുർവേദിക്ക് 15,000 രൂപ നൽകാൻ കോടതി വിധിച്ചു.

റെയിൽവേ ടിക്കറ്റിന് അമിത വിലയീടാക്കിയതിനെതിരെ ഒരാൾ നിയമപോരാട്ടം നടത്തിയത് 22 വർഷം. 1999 -ൽ വാങ്ങിയ രണ്ട് ടിക്കറ്റിന് അഭിഭാഷകനായ ​തും​ഗനാഥ് ചതുർവേദിയോട് 20 രൂപയാണ് അധികം ഈടാക്കിയത്. ഉത്തർപ്രദേശിലെ മഥുര കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടന്നത്.

കഴിഞ്ഞയാഴ്ച ഒരു ഉപഭോക്തൃ കോടതി ചതുർവേദിക്ക് അനുകൂലമായി വിധിച്ചു. പണം പലിശയടക്കം തിരികെ കൊടുക്കണം എന്നായിരുന്നു വിധി. “ഈ കേസുമായി ബന്ധപ്പെട്ട് നൂറിലധികം ഹിയറിംഗുകളിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്.  എന്നാൽ, ഈ കേസുമായി പോരാടുന്നതിന് വേണ്ടി എനിക്ക് നഷ്ടപ്പെട്ട ഊർജ്ജത്തിനും സമയത്തിനും നിങ്ങൾക്ക് ഒരു വിലയും പകരം നൽകാനാവില്ല" -66 കാരനായ ചതുർവേദി ബിബിസിയോട് പറഞ്ഞു. 

ഉത്തർപ്രദേശിൽ താമസിക്കുന്ന ചതുർവേദി മഥുരയിൽ നിന്ന് മൊറാദാബാദിലേക്ക് പോകവേയാണ് അമിത നിരക്ക് ഈടാക്കിയത്. 35 രൂപയുടെ രണ്ട് ടിക്കറ്റുകളെടുത്ത് ചതുർവേദി നൂറ് രൂപ നൽകി. എന്നാൽ, 30 രൂപ ബാക്കി നൽകേണ്ടുന്നതിന് പകരം 10 രൂപ മാത്രമാണ് ബാക്കി നൽകിയത്. അപ്പോൾ തന്നെ ചതുർവേദി തനിക്ക് 20 രൂപ കൂടി ബാക്കി കിട്ടാനുണ്ട് എന്ന് പറഞ്ഞെങ്കിലും തിരികെ കൊടുക്കുകയുണ്ടായില്ല. 

അതിനാൽ, നോർത്ത് ഈസ്റ്റ് റെയിൽവേയ്ക്കും (ഗോരഖ്പൂർ) ബുക്കിംഗ് ക്ലർക്കിനുമെതിരെ മഥുരയിലെ ഒരു ഉപഭോക്തൃ കോടതിയിൽ കേസ് ഫയൽ ചെയ്യാൻ അദ്ദേഹം തീരുമാനിച്ചു. അങ്ങനെയാണ് കേസ് ഫയൽ ചെയ്യുന്നത്. എന്നാൽ, വർഷങ്ങൾ വേണ്ടി വന്നു ചതുർവേദിക്ക് അനുകൂലമായി വിധി വരാൻ. അതിനിടയിൽ റെയിൽവേയും കേസ് നിലനിൽക്കില്ല എന്ന് പറയുന്നുണ്ടായിരുന്നു. കൺസ്യൂമർ കോടതിയിൽ അല്ല റെയിൽവേക്കെതിരെ പരാതി നൽകേണ്ടത് റെയിൽവേ ട്രിബ്യൂണലിലാണ് എന്ന് പറഞ്ഞു കൊണ്ടായിരുന്നു ഇത്. 

ഏതായാലും കേസ് മുന്നോട്ട് തന്നെ പോയി. 1999 മുതൽ 2022 വരെ 12 ശതമാനം പലിശയടക്കം കൂട്ടി ചതുർവേദിക്ക് 15,000 രൂപ നൽകാൻ കോടതി വിധിച്ചു. എന്നാൽ, ആ സമയങ്ങളിൽ താൻ അനുഭവിച്ച മാനസിക പ്രയാസങ്ങൾ വലുതായിരുന്നു എന്ന് ചതുർവേദി പറയുന്നു. കുടുംബത്തിലെ പലരും കേസുമായി മുന്നോട്ട് പോകണ്ട എന്നാണ് പറഞ്ഞത്. എന്നാൽ, മുന്നോട്ട് തന്നെ പോവാൻ താൻ തീരുമാനിക്കുകയായിരുന്നു എന്നും ചതുർവേദി പറയുന്നു. അങ്ങനെ 22 വർഷത്തെ പോരാട്ടത്തിനൊടുവിലാണ് അനുകൂലമായ വിധി ചതുർവേദി നേടിയെടുത്തത്. 

PREV
Read more Articles on
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ