
മക്കൾ വലിയ നേട്ടങ്ങളുണ്ടാക്കണമെന്ന് ആഗ്രഹിക്കുന്നത് സാധാരണമാണ്. എന്നാൽ, ഏതെങ്കിലും ഘട്ടത്തിൽ അവർക്ക് വേണ്ടതുപോലെ എന്തെങ്കിലും നേടാൻ സാധിച്ചില്ലെങ്കിൽ അവരെ അപഹസിക്കുകയും ഒറ്റപ്പെടുത്തുകയും ഒക്കെ ചെയ്യുന്ന മാതാപിതാക്കളും ഉണ്ട്. അതുപോലെ, ഹൃദയഭേദകമായ ഒരു അനുഭവമാണ് ഒരു യുവാവ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. കസിൻസുമായി താരതമ്യപ്പെടുത്തുമ്പോൾ യുവാവ് ഒന്നും നേടിയിട്ടില്ല എന്നും പറഞ്ഞ് ഈ വർഷത്തെ കുടുംബവുമായുള്ള എല്ലാ ക്രിസ്മസ് ഒത്തുചേരലുകളും യുവാവിന്റെ മാതാപിതാക്കൾ ഒഴിവാക്കുകയായിരുന്നത്രെ. യുവാവ് ഒന്നും നേടാത്തത് തങ്ങൾക്ക് നാണക്കേടുണ്ടാക്കുന്നു എന്നു മാതാപിതാക്കൾ പറഞ്ഞെന്നും യുവാവിന്റെ പോസ്റ്റിൽ കാണാം.
'നിങ്ങളുടെ കുടുംബത്തിന്റെ വലിയവലിയ പ്രതീക്ഷകളെ നിങ്ങൾ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്?' എന്ന് ചോദിച്ചുകൊണ്ടാണ് യുവാവ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. ലോ, മെഡിസിൻ, ഫിനാൻസ്, ഉയർന്ന കോർപ്പറേറ്റ് ജോലികൾ ഇവയെല്ലാം സാധാരണയായി മാത്രം കണക്കാക്കുന്ന ഉയർന്ന നേട്ടങ്ങളുണ്ടാക്കുന്ന ഒരു ചൈനീസ് കുടുംബത്തിലാണ് താൻ വളർന്നതെന്ന് യുവാവ് പറയുന്നു. തന്റെ ബന്ധുക്കളിൽ പലരും സിഇഒമാരോ ഫൗണ്ടർമാരോ, മുതിർന്ന എക്സിക്യൂട്ടീവുകളോ ആണെന്നും, ഇളയ കസിൻസ് പോലും ഇതിനകം തന്നെ അഭിമാനകരവും ഉയർന്ന ശമ്പളമുള്ളതുമായ ജോലികൾ നേടിയിട്ടുണ്ട് എന്നും യുവാവ് പറയുന്നു.
കുറഞ്ഞ GPA -യോടെയാണ് താൻ ബിരുദം നേടിയത്, ഈ വർഷം ആദ്യ ജോലി നഷ്ടപ്പെട്ടു, അതിനുശേഷം ജോലി കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ്. തന്റെ മുൻ ജോലിസ്ഥലത്തെ ഒരു വലിയ പിഴവ് കമ്പനി അടച്ചുപൂട്ടലിന് കാരണമാവുകയായിരുന്നു. പിന്നീട് സ്ഥാപന ഉടമ പോഡ്‌കാസ്റ്റുകളിൽ തന്റെ പേര് പരാമർശിക്കാതെ ഇക്കാര്യം പരസ്യമായി ചർച്ച ചെയ്തു. ഇത് നാണക്കേട് കൂട്ടി. ജോലിയിൽ നിന്നും പിരിച്ചുവിട്ടശേഷം, മാതാപിതാക്കളുടെ മനോഭാവത്തിൽ കാര്യമായ മാറ്റമുണ്ടായി. തന്നോട് സംസാരിക്കാൻ പോലും സമയം കിട്ടാതായി അവർക്ക്. ഇന്ന്, ഞങ്ങൾ പങ്കെടുക്കേണ്ടിയിരുന്ന എല്ലാ ക്രിസ്മസ് കുടുംബ ഒത്തുചേരലുകളും തന്റെ മാതാപിതാക്കൾ വേണ്ടെന്ന് വച്ചുവെന്നും പോസ്റ്റിൽ പറയുന്നു.
താൻ വലിയ നാണക്കേടാണ് എന്ന് വീട്ടുകാർ പറഞ്ഞു തുടങ്ങി. അവർ തന്നെ ശകാരിക്കാൻ തുടങ്ങി. തന്റെ പ്രായത്തിലുള്ള കസിൻസെല്ലാം വലിയ നിലയിലെത്തി. താൻ ജോലിയില്ലാതെ നടക്കുമ്പോൾ അവർ കാറും വീടുമൊക്കെ വാങ്ങിയെന്നും അവരെപ്പോലെയാകാത്തത് എന്താണെന്ന് വീട്ടുകാർ ചോദിക്കുന്നുവെന്നും യുവാവ് പറയുന്നു.
തന്റെ കാര്യത്തിൽ വീട്ടുകാർക്ക് നിരാശയുണ്ട് എന്ന് അറിയാമായിരുന്നുവെങ്കിലും താൻ അവർക്കൊരു നാണക്കേടാണ് എന്ന് അറിഞ്ഞിരുന്നില്ല എന്നാണ് യുവാവ് പറയുന്നത്. മാത്രമല്ല ആങ്സൈറ്റിയിലൂടെയും വിഷാദത്തിലൂടെയുമാണ് യുവാവ് കടന്നുപോകുന്നത്. ഉപദേശം തേടിയാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. നിങ്ങളുടെ കുടുംബമാണ് ഈ അവസ്ഥയ്ക്ക് കാരണം, പിന്തുണയ്ക്കുന്നതിന് പകരം അവർ നിങ്ങളിലെ ആത്മവിശ്വാസം ഇല്ലാതാക്കുകയാണ്, ആ പ്രതീക്ഷകൾ നിറവേറ്റുന്നതിന് പകരം നിങ്ങൾക്ക് സന്തോഷം തരുന്നതുപോലെ ജീവിക്കാൻ ശ്രമിക്കൂ എന്നാണ് ആളുകൾ യുവാവിനെ ഉപദേശിച്ചത്.