
ചൈനയിലെ സ്പായിൽ പോയ യുവതിക്ക് മസാജ് ചെയ്യാനെത്തിയത് ഒരു പുരുഷൻ. പുരുഷൻ പറ്റില്ല എന്ന് പറഞ്ഞപ്പോൾ സ്പായുടെ മാനേജർ പറഞ്ഞ മറുപടിയാണ് യുവതിയെ കൂടുതൽ അമ്പരപ്പിച്ചത്. ഹുനാൻ പ്രവിശ്യയിലെ ചാങ്ഷയിലുള്ള യുഷിമാൻ ഹൈടെക് ആന്റി-ഏജിംഗ് സെന്ററിൽ ഡിസംബർ 12 -നാണ് സംഭവം നടന്നതെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഹുവാങ് എന്ന് പേരുള്ള യുവതി മസാജ് ചെയ്യാൻ വരുന്നത് പുരുഷനാണ് എന്ന് അറിയാതെ വസ്ത്രം അഴിച്ചുമാറ്റി തോളിലും കഴുത്തിലും മസാജ് ചെയ്യുന്നതിനായി കാത്തിരിക്കുകയായിരുന്നു. ആ സമയത്താണ് ഒരു വനിതാ മാനേജർ വന്ന് അവരുടെ മേൽ ഒരു ടവൽ എടുത്തിട്ടത്. താമസിയാതെ, മറ്റൊരാൾ അകത്തു കയറി, അത് പുരുഷനാണ് എന്ന് അപ്പോഴാണ് തനിക്ക് മനസിലാകുന്നത് എന്നാണ് ഹുവാങ് പറയുന്നത്.
പിന്നാലെ, ഹുവാങ് വനിതാ മാനേജരോട് തനിക്ക് ഒരു പുരുഷൻ മസാജ് ചെയ്യുന്നത് അംഗീകരിക്കാനാവില്ല എന്ന് പറയുകയായിരുന്നു. 'എന്തുകൊണ്ട് ഒരു പുരുഷ തെറാപിസ്റ്റ് പറ്റില്ല' എന്നായിരുന്നു മാനേജരുടെ മറുചോദ്യം. നഗ്നയായിരിക്കുമ്പോൾ മുറിയിൽ ഒരു പുരുഷൻ കയറുന്നത് തനിക്ക് അംഗീകരിക്കാനേ സാധിക്കില്ല എന്ന് ഹുവാങ് മറുപടിയും നൽകി. എന്നാൽ, മാനേജർ ഹുവാങ്ങിനെ പരിഹസിക്കുകയായിരുന്നു. 'നിങ്ങൾക്ക് വിവരമില്ല' എന്നാണ് മാനേജർ പറഞ്ഞത്. 'പുരുഷ ഡോക്ടർമാരില്ലേ? ഫൂട് മസാജർമാരിൽ പുരുഷന്മാരില്ലേ അതുപോലെ കണ്ടാൽ മതി' എന്നും മാനേജർ പറഞ്ഞത്രെ.
മാത്രമല്ല, സ്ത്രീകൾ വേണം എന്ന് പ്രത്യേകം പറയാത്തതിനാലാണ് പുരുഷന്മാരെ അയച്ചത് എന്നും മാനേജർ പറഞ്ഞു. 'പുരുഷ തെറാപിസ്റ്റ് ചെറുപ്പക്കാരനും ആകർഷണമുള്ളവനുമാണ്, ഹുവാങ്ങിന് അമ്മയുടെ പ്രായമുണ്ട്, അതിനാൽ ഒന്നും പേടിക്കണ്ട' എന്നു പറഞ്ഞും മാനേജർ ഹുവാങ്ങിനെ അധിക്ഷേപിച്ചു. അവസാനം പൊലീസിനെ വിളിക്കും എന്ന് പറഞ്ഞപ്പോഴാണ് ഒരു വനിതാ തെറാപിസ്റ്റിനെ അയച്ചത്. എന്തായാലും, ഹുവാങ്ങിനുണ്ടായ അനുഭവം ചൈനയിലെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനത്തിനാണ് കാരണമായി തീർന്നത്.