
നേപ്പാളിലെ നുവാക്കോട്ടിലെ ( Nepal's Nuwakot) ജലവൈദ്യുത നിലയത്തിൽ ഒരാൾ പവർ ട്രാൻസ്മിഷൻ ലൈനിൽ (Transmission Line) കയറിയതിനെ തുടർന്ന് വൈദ്യുതി ഉത്പാദനം സ്തംഭിച്ചു. റിപ്പോർട്ടുകൾ പ്രകാരം, മനുഷ്യൻ ട്രാൻസ്‍മിഷൻ ലൈനിൽ മുറുകെ പിടിക്കുകയായിരുന്നു.
നുവക്കോട്ടിലെ ട്രാൻസ്മിഷൻ ലൈനിൽ ഒരാൾ കയറിയതിനെ തുടർന്ന് നേപ്പാൾ ഇലക്ട്രിസിറ്റി അതോറിറ്റി (എൻഇഎ) പവർ പ്രോജക്റ്റ് അടച്ചുപൂട്ടാൻ നിർബന്ധിതരാകുകയും അപ്പർ ത്രിശൂലി 3 എ ഹൈഡൽ സ്റ്റേഷൻ ലൈനിലേക്കുള്ള വൈദ്യുതി വിതരണം വിച്ഛേദിക്കുകയും ചെയ്തുവെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു.
നുവകോട്ട് ജില്ലയിലെ ഘലേഗൗണിൽ നിന്നുള്ള മൈല ബികെ എന്നയാളാണ് ട്രാൻസ്ഫോർമർ ലൈനിൽ വലിഞ്ഞു കയറിയത് എന്ന് പൊലീസ് പറയുന്നു. "രാവിലെ 10 മണി കഴിഞ്ഞപ്പോഴാണ് ഇയാൾ ട്രാൻസ്മിഷൻ വയറുകളിൽ പറ്റിപ്പിടിച്ചിരുന്നത്, അതിനാൽ ഞങ്ങൾ വൈദ്യുതി വിതരണം വിച്ഛേദിക്കുകയായിരുന്നു" വക്താവ് സുരേഷ് ഭട്ടതിരി ANI-യോട് ഫോണിൽ സ്ഥിരീകരിച്ചു.
വൈദ്യുതി വിതരണം തടസ്സപ്പെടുത്തേണ്ടി വന്നതിനാൽ ശരാശരി ഒരു മില്ല്യൺ നേപ്പാളി രൂപയുടെ (ആറ് ലക്ഷത്തിലധികം രൂപ) നഷ്ടം രാജ്യത്തിനുണ്ടായിട്ടുണ്ടെന്നും ഭട്ടതിരി സ്ഥിരീകരിച്ചു. കൂടുതൽ നഷ്ടം ഉണ്ടാകാതിരിക്കാൻ ആളെ ട്രാൻസ്മിഷൻ ലൈനിൽ നിന്ന് താഴെയിറക്കാനും പ്രദേശത്തെ വൈദ്യുതി വിതരണം പുനരാരംഭിക്കാനും ഹെലികോപ്റ്റർ വിന്യസിക്കണമെന്ന് ഊർജ മന്ത്രി പമ്പാ ഭൂസൽ നേപ്പാൾ സൈന്യത്തോട് അഭ്യർത്ഥിച്ചു.