വീട് വയ്ക്കാൻ മരം മുറിച്ചു, യുവാവിനുമേൽ വൻതുക പിഴ ചുമത്തി വനം വകുപ്പ്, വിവരമറിയിച്ചത് എട്ടാം ക്ലാസുകാരന്‍

By Web TeamFirst Published Feb 11, 2021, 4:53 PM IST
Highlights

ഒറ്റരാത്രികൊണ്ട് വേപ്പ് മരം വെട്ടിമാറ്റിയതായി ശ്രദ്ധയിൽപ്പെട്ട കുട്ടി പിറ്റേന്ന് രാവിലെ വനംവകുപ്പിന്റെ ടോൾ ഫ്രീ നമ്പറിൽ വിളിക്കുകയായിരുന്നു. 

വീടിനടുത്ത് നിന്ന ഒരു വേപ്പ് മരം വെട്ടിയതിന്റെ പേരിൽ 62,075 രൂപ പിഴയടയ്ക്കാൻ തെലങ്കാന വനംവകുപ്പ് ഒരാളോട് ആവശ്യപ്പെട്ടു. ഹൈദരാബാദിന് സമീപം സൈദാബാദിലാണ് സംഭവം. വീട് വയ്ക്കാൻ വേണ്ടി നാല് പതിറ്റാണ്ടിലേറെ പഴക്കമുള്ള കൂറ്റൻ വേപ്പ് മരം  മുറിച്ചതിനെ തുടർന്നാണ് യുവാവ് വെട്ടിലായത്. ഒരു എട്ടാം ക്ലാസ് വിദ്യാർത്ഥി നൽകിയ പരാതിയിലാണ് വനം വകുപ്പ് നടപടി എടുത്തത്.  

തന്റെ പുതിയ വീടിന്റെ നിർമ്മാണ സ്ഥലത്ത് നിന്നിരുന്ന മരമാണ് ജി സന്തോഷ് റെഡ്ഡി മുറിച്ച് മാറ്റിയത്. ഒറ്റരാത്രികൊണ്ട് വേപ്പ് മരം വെട്ടിമാറ്റിയതായി ശ്രദ്ധയിൽപ്പെട്ട കുട്ടി പിറ്റേന്ന് രാവിലെ വനംവകുപ്പിന്റെ ടോൾ ഫ്രീ നമ്പറിൽ വിളിക്കുകയായിരുന്നു.  വനംവകുപ്പ് ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നതിനിടെ, താൻ ഒരു 'ഹരിത ബ്രിഗേഡിയർ' ആണെന്നും, മരം മുറിച്ചതിന് ഉത്തരവാദികൾക്കെതിരെ നടപടിയെടുകണമെന്നും കുട്ടി അഭ്യർത്ഥിച്ചു. ഉദ്യോഗസ്ഥർ വിവരം ലഭിച്ച ഉടനെ, മരം വെട്ടുന്നതിൽ ഉൾപ്പെട്ടവരെക്കുറിച്ച് അന്വേഷിക്കാൻ തുടങ്ങി. മരം മുറിക്കാൻ സന്തോഷ് മുൻകൂർ അനുമതി വാങ്ങിയിട്ടില്ലെന്ന് അന്വേഷണത്തിൽ ഉദ്യോഗസ്ഥർ കണ്ടെത്തി. അനുമതിയില്ലാതെ 42 വർഷം പഴക്കമുള്ള മരം മുറിച്ചതിന് വനം വകുപ്പ് യുവാവിന് ഒരു വലിയ തുക പിഴയായി ചുമത്തുകയും ചെയ്‌തു.

"പുലർച്ചെ നാല് മണിയോടെ കുട്ടി ഞങ്ങളുടെ ടോൾ ഫ്രീ നമ്പറിലേക്ക് വിളിച്ച് മുറിച്ച മരം വാഹനത്തിൽ കയറ്റിക്കൊണ്ടിരിക്കുകയാണെന്ന് അറിയിച്ചു. ശബ്ദം കേട്ട് കുട്ടി ഉറക്കമുണരുകയായിരുന്നു" ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് ഓഫീസർ സി വെങ്കടയ്യ ഗൗഡ് പറഞ്ഞു. ഉത്തരവാദിത്തത്തോടെ പെരുമാറിയതിനും സംഭവത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയതിനും വനംവകുപ്പ് ഉദ്യോഗസ്ഥർ കുട്ടിയെ അഭിനന്ദിച്ചു.  തെലങ്കാന സർക്കാർ സ്കൂളുകളിൽ 'ഹരിത ബ്രിഗേഡുകൾ' സൃഷ്ടിക്കാൻ നിർദേശം നൽകിയിരുന്നു. ഈ പരിപാടിയിലൂടെ, വിദ്യാർത്ഥികളും അധ്യാപകരും ബ്രിഗേഡിലെ അംഗങ്ങളായി പ്രവർത്തിക്കുകയും പദ്ധതിയുടെ ഭാഗമായി നട്ട തൈകളെ സംരക്ഷിക്കുകയും ചെയ്യുന്നു.


(ചിത്രം പ്രതീകാത്മകം)

click me!