ബോട്ട് തകർന്ന് ആൾത്താമസമില്ലാത്ത ദ്വീപിലകപ്പെട്ടു, മൂന്നുപേർ 33 ദിവസം അതിജീവിച്ചത് തേങ്ങ കഴിച്ച്

By Web TeamFirst Published Feb 11, 2021, 4:26 PM IST
Highlights

അഞ്ച് ആഴ്ച മുമ്പ് തങ്ങളുടെ ബോട്ട് കൊടുങ്കാറ്റിലായതായും അവർ ദ്വീപിലേക്ക് നീന്തിക്കയറിയതായും റേഡിയോയിലൂടെ അവർ സംഘത്തെ അറിയിച്ചു.

ബഹമാസിലെ ജനവാസമില്ലാത്ത ദ്വീപിൽ നിന്ന് യുഎസ് തീരസംരക്ഷണ സേന ചൊവ്വാഴ്ച മൂന്ന് പേരെ രക്ഷപ്പെടുത്തുകയുണ്ടായി. 33 ദിവസമായി അവർ ആ ദ്വീപിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ജനവാസമില്ലാത്ത അവിടെ അവർ തേങ്ങയും, കൊഞ്ചും, എലികളെയും കഴിച്ചാണ് അതിജീവിച്ചത്.  ക്യൂബ നിവാസികളായ രണ്ട് പുരുഷന്മാരും, ഒരു സ്ത്രീയുമാണ് ആഴ്ചകളോളം ദ്വീപിൽ കുടുങ്ങിയത്. തങ്ങൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞപ്പോൾ അവർ നീന്തി ദ്വീപിലെത്തുകയായിരുന്നു. തിങ്കളാഴ്ച വിജനമായ ദ്വീപിനു മുകളിലൂടെ നടത്തിയ പതിവ് നിരീക്ഷണ പട്രോളിംഗിനിടെയാണ് ആംഗ്വില്ല കേയിൽ വച്ച് അവരെ കണ്ടെത്തിയതെന്ന് യുഎസ് കോസ്റ്റ് ഗാർഡ് പ്രസ്താവനയിൽ പറഞ്ഞു. അവർ സ്ഥാപിച്ചിരുന്ന ഒരു കുരിശും താൽക്കാലിക പതാകയും പട്രോളിംഗിന്റെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നായിരുന്നു ഇത്.

കമാൻഡർ ലഫ്റ്റനന്റ് റൈലി ബീച്ചറാണ് മൂവരെയും ആദ്യം കണ്ടെത്തിയത്. “ഈ ദ്വീപിൽ ഇത്തരമൊരു സംഭവം എന്റെ അനുഭവത്തിൽ ഇതാദ്യമായാണ്. അടുത്തെത്തിയപ്പോൾ, പതാകയുടെ അടുത്ത് രണ്ടു വ്യക്തികൾ കൈകൾ വീശുന്നത് ഞങ്ങൾ കണ്ടു. അവർ ശരിക്കും ദുരിതത്തിലാണെന്ന് ഞങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരുന്നു” അദ്ദേഹം പറഞ്ഞു. എന്നാൽ, മോശം കാലാവസ്ഥയായതിനാൽ അവർക്ക് താഴെ ഇറങ്ങാൻ സാധിച്ചില്ല. എന്നിരുന്നാലും നിരീക്ഷണസംഘം അകപ്പെട്ടവർക്കായി ഭക്ഷണവും വെള്ളവും റേഡിയോയും നൽകി.  രണ്ടാമത്തെ വിമാനത്തിൽ വന്ന ലഫ്റ്റനന്റ് ജസ്റ്റിൻ ഡഗേർട്ടി കമാൻഡർ, വാട്ടർ ബോട്ടിലുകൾ, ലൈഫ് ജാക്കറ്റുകളും, പഞ്ചസാര പാക്കറ്റുകൾ എന്നിവ കയർ വഴി ഇട്ടു കൊടുത്തു. “ഞങ്ങളുടെ ഉപയോഗത്തിനായി സൂക്ഷിച്ചിരുന്ന ആഹാരം മുഴുവൻ ഞങ്ങൾ അവർക്ക് നൽകി” അദ്ദേഹം പറഞ്ഞു. അമിതമായി ഭക്ഷണം കഴിക്കരുതെന്ന് അവർ ഗ്രൂപ്പിന് മുന്നറിയിപ്പ് നൽകി, ഉടൻ തന്നെ ഒരു റെസ്ക്യൂ ഹെലികോപ്റ്ററോ ബോട്ടോ അവിടെയെത്തുമെന്ന് അറിയിക്കുകയും ചെയ്യ്തു.  

“അവർ എങ്ങനെ അതിജീവിച്ചു എന്നത് അത്ഭുതമൂറുന്ന കാര്യമാണ്. അവർ ശരിക്കും ഭാഗ്യവാന്മാരാണ്” ലെഫ്റ്റനന്റ് ഡഗേർട്ടി പറഞ്ഞു. അഞ്ച് ആഴ്ച മുമ്പ് തങ്ങളുടെ ബോട്ട് കൊടുങ്കാറ്റിലായതായും അവർ ദ്വീപിലേക്ക് നീന്തിക്കയറിയതായും റേഡിയോയിലൂടെ അവർ സംഘത്തെ അറിയിച്ചു. തീരസംരക്ഷണ സേന പിറ്റേന്ന് ഒരു ഹെലികോപ്റ്ററിൽ തിരിച്ചെത്തി മൂവരെയും സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചു. പരിക്കുകളൊന്നുമില്ലായിരുന്നുവെങ്കിലും, വിദഗ്ദ്ധ പരിശോധനയ്ക്ക് ഇവരെ ഫ്ലോറിഡയിലെ ഒരു മെഡിക്കൽ സെന്ററിലേക്ക് കൊണ്ടുപോയി. “പതിവ് പട്രോളിംഗ് നടത്തിയ ഞങ്ങളുടെ എയർ ക്രൂകൾക്ക് നന്ദി, ദുരിതത്തിലായ ആളുകളെ കണ്ടെത്താനും രക്ഷിക്കാനും അവർക്ക് കഴിഞ്ഞു,” കോസ്റ്റ് ഗാർഡ് സെവൻത് ഡിസ്ട്രിക്റ്റിലെ കമാൻഡ് ഡ്യൂട്ടി ഓഫീസർ സീൻ കോനെറ്റ് പറഞ്ഞു.

ശുദ്ധജലം കണ്ടെത്തുകയെന്നതാണ് ദ്വീപിലെ തങ്ങളുടെ ഏറ്റവും വലിയ വെല്ലുവിളിയായതെന്ന് സംഘം സേനയോട് പറഞ്ഞു. ദ്വീപിലെ ശുദ്ധജലത്തിന്റെ അഭാവം മൂലം അവർ കടുത്ത പ്രതിസന്ധിയിലായിരുന്നുവെന്നും, ശരീരത്തിൽ ജലാംശം നിലനിർത്താൻ തേങ്ങ കഴിച്ചിരുന്നുവെന്നും അവർ പറഞ്ഞു. "ഒറ്റനോട്ടത്തിൽ ദ്വീപിൽ ഒന്നുമില്ലെന്ന് തോന്നുമെങ്കിലും, അവിടെയുള്ള ചില കുറ്റിച്ചെടികളും മരങ്ങളും അവർക്ക് അഭയമായി” കോനെറ്റ് പറഞ്ഞു. ക്യൂബയിൽ നിന്ന് 45 മൈൽ വടക്ക് ജനവാസമില്ലാത്ത ഒരു ചെറിയ ദ്വീപാണ് ആൻ‌ഗ്വില്ല കേ.  

click me!