
നേപ്പാളിൽ കഴിഞ്ഞ ദിവസമാണ് പ്രക്ഷോഭത്തിനിടെ പ്രതിഷേധക്കാർ പാർലമെന്റ് മന്ദിരം ആക്രമിക്കുകയും തീയിടുകയും ചെയ്തത്. ഇതേ തുടർന്ന് നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലി രാജി വെക്കേണ്ടുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തിയിരുന്നു. ഇതുവരെ 19 പേർ മരിക്കുകയും 500 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സ്ഥിരീകരിച്ചിട്ടുണ്ട്. അതിനിടയിലാണ്, കത്തിക്കൊണ്ടിരിക്കുന്ന ഒരു കെട്ടിടത്തിന് മുൻപിൽ നിന്ന് ഒരു പ്രതിഷേധക്കാരൻ ഡാൻസ് വീഡിയോ ചിത്രീകരിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്.
പ്രതിഷേധത്തിനിടെയാണ് യുവാവ് പുതിയ ട്രെൻഡ് ഡാൻസ് സ്റ്റെപ്പുകൾ ചെയ്യുന്നതും അതിന്റെ ടിക് ടോക് വീഡിയോ എടുക്കുന്നതും. അയാൾക്ക് പിന്നിൽ ഒരു കെട്ടിടം കത്തുന്നുമുണ്ട്. 29 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ നിരവധി അക്രമസംഭവങ്ങളുണ്ട്. ഇതേ വീഡിയോയിൽ തന്നെ തെരുവിന്റെ നടുവിൽ വലിയ തീ ആളിക്കത്തുന്നതും പ്രതിഷേധക്കാരിലൊരാൾ അത് മൊബൈലിൽ പകർത്തുന്നതും തീയുടെ മുന്നിൽ നിന്ന് സെൽഫിയെടുക്കുന്നതും കാണാം.
വലിയ വിമർശനമാണ് ഈ വീഡിയോക്കെതിരെ സാമൂഹികമാധ്യമങ്ങളിൽ ഉയരുന്നത്. യുവജനപ്രക്ഷോഭകരുടെ നിരുത്തരവാദപരമായ പെരുമാറ്റത്തെ നെറ്റിസൻസ് പരിഹസിക്കുകയും വിമർശിക്കുകയും ചെയ്തിട്ടുണ്ട്. സ്വന്തം വീടിന് തീയിട്ടാലും നമ്മൾ നമ്മുടെ സന്തോഷത്തിൽ എന്നാണ് ഒരാൾ വീഡിയോയ്ക്ക് താഴെ കമൻ്റ് ചെയ്തിരിക്കുന്നത്.
"നേപ്പാൾ 100 വർഷം പിന്നോട്ട് പോയി" എന്നാണ് മറ്റൊരാളുടെ അഭിപ്രായം. "നേപ്പാളിലെ യുവതലമുറ ഇങ്ങനെയാണ് - പാർലമെന്റ് കത്തിച്ചത് വെറും തമാശക്ക്, എന്റെ യഥാർത്ഥ കഴിവ് ഇൻസ്റ്റഗ്രാമിൽ നൃത്തം ചെയ്യുന്നതാണ്" എന്നും മറ്റൊരു ഉപയോക്താവ് കുറിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ശക്തമായതിനെ തുടർന്ന് രാജ്യവ്യാപകമായി നിരോധനാജ്ഞയും കർഫ്യൂവും ഏർപ്പെടുത്തിയതായി നേപ്പാൾ ആർമി ബുധനാഴ്ച അറിയിച്ചു. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡയറക്ടറേറ്റ് ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ, നിരോധനാജ്ഞ വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണി വരെ പ്രാബല്യത്തിൽ ഉണ്ടാകുമെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്.