
ആന്ധ്രാപ്രദേശിലെ കോനസീമ ജില്ലയിൽ മദ്യപിച്ച് ലക്കുകെട്ട വയോധികൻ മൂർഖൻ പാമ്പുമായി ഗ്രാമത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പാമ്പിനെ കഴുത്തിൽ ചുറ്റി നാട്ടുകാരെ ഭീഷണിപ്പെടുത്തുന്ന ഇയാളുടെ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. യാതൊരുവിധ സുരക്ഷാ മുൻകരുതലുകളും ഇല്ലാതെ വിഷപ്പാമ്പിനെ കഴുത്തിൽ ചുറ്റിയായിരുന്നു ഇയാളുടെ അഭ്യാസപ്രകടനം. പാമ്പ് കടിക്കാതെ ഇയാളെ രക്ഷപ്പെടുത്താൻ നാട്ടുകാർ ശ്രമിച്ചെങ്കിലും രണ്ടുതവണ ഇയാൾക്ക് പാമ്പുകടിയേറ്റതായാണ് സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നത്. നാട്ടുകാർക്ക് നേരെ പാമ്പിനെ എറിയും എന്നു പറഞ്ഞ് ഇയാൾ ഭീഷണിപ്പെടുത്തുന്നതും വീഡിയോയിൽ കാണാം.
കോനസീമ ജില്ലയിലെ മമ്മിടിവാരത്ത് ഡോ. ബി.ആർ. അംബേദ്കറുടെ പ്രതിമയ്ക്ക് മുന്നിലാണ് സംഭവം നടന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മൂർഖൻ പാമ്പിനെ പിടികൂടിയതിന് ശേഷം അതിനെ കഴുത്തിൽ ചുറ്റിയും അലക്ഷ്യമായി കയ്യിൽ പിടിച്ചുമൊക്കെ ഇയാൾ ഗ്രാമത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.
വീട്ടുമുറ്റത്തെ കോഴിക്കൂടിനടുത്തേക്ക് പോയപ്പോഴാണ് ഇയാൾക്ക് പാമ്പിനെ കിട്ടിയത്. കോഴിക്കൂടിനടുത്തു കൂടി കടന്നു പോയപ്പോൾ പാമ്പ് തന്നെ കടിച്ച ദേഷ്യത്തിലാണ് ഇയാൾ പാമ്പിനെ പിടികൂടിയത്. ഉടൻതന്നെ വൈദ്യസഹായം തേടണമെന്ന് നാട്ടുകാർ പറയുന്നുണ്ടെങ്കിലും മദ്യലഹരിയിൽ ആയിരുന്ന ഇയാൾ അതൊന്നും ശ്രദ്ധിക്കാതെ പാമ്പിനെ കഴുത്തിൽ ചുറ്റി നടക്കുകയായിരുന്നു. "നീ എന്നെ കടിക്കുമോ?" എന്ന് ചോദിച്ചു കൊണ്ടാണ് ഇയാൾ പാമ്പുമായി നടന്നത്.
ഇടയ്ക്ക് സംഭവമറിഞ്ഞ് തടിച്ചുകൂടിയ നാട്ടുകാർക്ക് നേരെ പാമ്പിനെ എറിയാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. ഈ സാഹസിക പ്രകടനങ്ങൾക്കിടയിൽ പാമ്പ് ഇയാളെ വീണ്ടും കടിച്ചു. അതോടെ, നാട്ടുകാർ പാമ്പിനെ ഇയാളിൽ നിന്ന് പിടിച്ചു വാങ്ങുകയായിരുന്നു. ശേഷം, ഇയാളെ ചികിത്സയ്ക്കായി സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. ഇയാൾ അപകടനില തരണം ചെയ്തെന്നും ചികിത്സയിലാണെന്നുമാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.