മീൻ പിടിക്കാൻ ഇറങ്ങിയ ആളെ ജീവനോടെ തിന്ന് മുതല 

By Web TeamFirst Published Feb 5, 2023, 3:49 PM IST
Highlights

രക്ഷാപ്രവർത്തകർ മാർവിന്റെ ശരീരത്തിനായി തിരച്ചിൽ ആരംഭിച്ചു എങ്കിലും അദ്ദേഹത്തിന്റെ ശരീരമോ കൊലയാളിയായ മുതലയെയോ ഇതുവരെയും കണ്ടെത്താനായിട്ടില്ല.

മീൻ പിടിക്കാനായി പുഴയിൽ ഇറങ്ങിയ യുവാവിനെ സുഹൃത്തുക്കൾ നോക്കിനിൽക്കെ മുതല ജീവനോടെ തിന്നു. ഫിലിപ്പിനോ സ്വദേശിയായ ഫാംഹാൻഡ് മാർവിൻ സൂസ എന്ന 36 -കാരനാണ് മുതലയുടെ അപ്രതീക്ഷിത ആക്രമണത്തിന് ഇരയായത്. മലേഷ്യയിലെ സബയിലെ സെമ്പോർണ സിറ്റിയിലെ പെഗാഗൗ ഫാം ഏരിയയിൽ ഏഴോളം സുഹൃത്തുക്കളോടൊപ്പം മത്സ്യബന്ധനം നടത്തുന്നതിനിടയിലാണ് ഇയാളെ മുതല പിടികൂടിയത്. ജനുവരി 29 -ന് ഉച്ചയ്ക്കു ശേഷമാണ് അപകടമുണ്ടായത്. മുതല ഇയാളെ പിടികൂടുന്നത് സുഹൃത്തുക്കൾ കണ്ടെങ്കിലും  രക്ഷിക്കാൻ അവർക്ക് സാധിക്കാതെ വരികയായിരുന്നു.

മീൻ പിടിക്കാനായി പുഴയിലേക്ക് എറിഞ്ഞ ചൂണ്ട എന്തിലോ തടഞ്ഞതായി സംശയം തോന്നിയ മാർവിൻ സൂസ അത് പരിശോധിക്കാനാണ് പുഴയുടെ അരികിലേക്ക് നീങ്ങിയത്. പെട്ടെന്നായിരുന്നു തീർത്തും അപ്രതീക്ഷിതമായി മുതല വെള്ളത്തിനടിയിൽ നിന്നും പൊങ്ങിവന്ന് മാർവിന്റെ കാലിൽ പിടിച്ചു വലിച്ചു വെള്ളത്തിനടിയിലേക്ക് മുങ്ങുകയായിരുന്നു. സുഹൃത്തുക്കൾക്ക് രക്ഷിക്കാൻ ആകുന്നതിനു മുൻപ് തന്നെ അയാൾ മുതലയുടെ പിടിയിൽ ആയിരുന്നു. 

രക്ഷാപ്രവർത്തകർ മാർവിന്റെ ശരീരത്തിനായി തിരച്ചിൽ ആരംഭിച്ചു എങ്കിലും അദ്ദേഹത്തിന്റെ ശരീരമോ കൊലയാളിയായ മുതലയെയോ ഇതുവരെയും കണ്ടെത്താനായിട്ടില്ല. തിരച്ചിലിനിടയിൽ ഒരുതവണ മാർവിന്റെ ശരീര അവശിഷ്ടങ്ങളുമായി മുതല വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത് കണ്ടെങ്കിലും പെട്ടെന്ന് തന്നെ അത് അപ്രത്യക്ഷമാകുകയായിരുന്നു. രണ്ടുദിവസത്തോളം തുടർച്ചയായി പുഴയിലും പുഴയുടെ പ്രാന്ത പ്രദേശങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും മാർവിന്റെ ശരീരഭാഗങ്ങളോ അക്രമകാരിയായ മുതലയേയോ കണ്ടെത്താനായിട്ടില്ല. അധികൃതർ പരിസരവാസികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. 

പുഴയിൽ ഇറങ്ങുന്നതും പുഴയുടെ പരിസരപ്രദേശങ്ങളിൽ എത്തുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്. മൂന്നു കുട്ടികളുടെ അച്ഛനാണ് കൊല്ലപ്പെട്ട ഫാംഹാൻഡ് മാർവിൻ സൂസ. സുഹൃത്തുക്കളോടൊപ്പം അവധി ആഘോഷിക്കാൻ ആണ് ഇദ്ദേഹം ഇവിടെ മീൻ പിടിക്കാനായി എത്തിയത്.

(ചിത്രം പ്രതീകാത്മകം)

click me!