
തായ്‌വാനിൽ വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു സംഭവം ഇപ്പോൾ വീണ്ടും സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ ചർച്ചകൾക്ക് വഴി തുറന്നിരിക്കുകയാണ്. വിവാഹ ശേഷം ഒരു മാസക്കാലത്തോളം ശമ്പളത്തോട് കൂടിയുള്ള അവധി ലഭിക്കുന്നതിന് വേണ്ടി മാത്രം ഒരു യുവാവ് പ്രയോഗിച്ച അതിബുദ്ധിയാണ് ഈ സംഭവത്തിന് പിന്നിൽ. തായ്‌വാനിൽ നിന്നും 2020 -ൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഈ സംഭവത്തിൽ 37 ദിവസത്തിനുള്ളിൽ ഒരു യുവാവ് ഒരേ യുവതിയെ തന്നെ വിവാഹം കഴിച്ചത് നാല് തവണ. അതില്‍ മൂന്ന് തവണ വിവാഹമോചനവും നടത്തി. രാജ്യത്തെ തൊഴിൽ നിയമങ്ങളിലെ പഴുതുകൾ മുതലെടുത്ത്, 32 ദിവസത്തെ ശമ്പളത്തോട് കൂടിയ അവധി അവകാശപ്പെടാൻ വേണ്ടി മാത്രമാണ് ഇയാൾ ഇങ്ങനെ ഒന്നിലേറെ തവണ ഒരാളെ തന്നെ വിവാഹം കഴിക്കുകയും വിവാഹമോചനങ്ങൾ നേടുകയും ചെയ്തത് എന്നാണ് ഏറെ കൗതുകകരമായ കാര്യം.
2020 ഏപ്രിൽ 6 -നാണ് ബാങ്ക് ക്ലർക്കായ ഈ യുവാവ് ആദ്യമായി വിവാഹം കഴിക്കുന്നത്. തായ്‌വാനീസ് നിയമപ്രകാരം, ജീവനക്കാർക്ക് വിവാഹത്തിന് എട്ട് ദിവസത്തെ ശമ്പളത്തോട് കൂടിയ അവധിക്ക് അർഹതയുണ്ട്. ആദ്യ അവധി ഉപയോഗിച്ച ശേഷം, അയാൾ ഭാര്യയെ വിവാഹ മോചനം ചെയ്യുകയും അടുത്ത ദിവസം തന്നെ അവളെ വീണ്ടും വിവാഹം കഴിക്കുകയും ചെയ്തു. അങ്ങനെ അധിക അവധിക്ക് അവകാശപ്പെട്ടു. ഈ രീതി ആവർത്തിച്ച യുവാവ് 37 ദിവസം കൊണ്ട് ഒരേ യുവതിയെ തന്നെ നാല് തവണ വിവാഹം കഴിക്കുകയും മൂന്ന് തവണ വിവാഹമോചനം ചെയ്യുകയും ചെയ്തു. അങ്ങനെ വിവാഹ ശേഷം 32 ദിവസം ശമ്പളത്തോട് കൂടിയുള്ള അവധി ഇയാൾ നേടിയെടുത്തു.
ക്ലർക്കിന്‍റെ പ്രവൃത്തിയിൽ സംശയം തോന്നിയ ബാങ്ക് അധികൃതർ, നിയമത്തിന്‍റെ ദുരുപയോഗം ചൂണ്ടിക്കാട്ടി ആദ്യ വിവാഹത്തിന് ശേഷമുള്ള വിവാഹങ്ങൾക്ക് അവധി നൽകാൻ വിസമ്മതിച്ചു. എന്നാൽ, ഇതിൽ പ്രകോപിതനായ യുവാവ് "ലേബർ ലീവ് നിയമത്തിലെ" ആർട്ടിക്കിൾ 2 പ്രകാരം, ഓരോ വിവാഹത്തിനും എട്ട് ദിവസത്തെ ശമ്പളത്തോട് കൂടിയ അവധിക്ക് തനിക്ക് അർഹതയുണ്ടെന്ന് വാദിച്ച് കൊണ്ട് തായ്‌പേയ് സിറ്റി ലേബർ ബ്യൂറോയിൽ പരാതി നൽകി.
2020 ഒക്ടോബറിൽ, ലേബർ ബ്യൂറോ, ക്ലാർക്കിന് അനുകൂലമായി വിധിച്ചു. ഒപ്പം ബാങ്ക്, നിയമം ലംഘിച്ചുവെന്ന് വിധിച്ച കോടതി ഏകദേശം 50,000 രൂപ ബാങ്കിന് പിഴ ചുമത്തുകയും ചെയ്തു. എന്നാൽ, ക്ലാർക്ക് നിയമത്തിൽ വ്യക്തമായ കൃത്രിമത്വം കാണിച്ചുവെന്ന് വാദിച്ചുകൊണ്ട് ബാങ്ക് വീണ്ടും അപ്പീൽ നൽകി. പക്ഷേ, 2021 ഏപ്രിൽ 10 -ന് ലേബർ ബ്യൂറോ വീണ്ടും ക്ലർക്ക് അനുകൂലമായി വിധിച്ചു. വളരെ വേഗത്തിൽ മാധ്യമശ്രദ്ധ നേടിയ ഈ സംഭവം വലിയ ചർച്ചയായി. നിരവധി പേർ ബാങ്ക് ക്ലർക്കിന്‍റെ അതിബുദ്ധിയെ പ്രശംസിച്ചു. എന്നാൽ, ഈ സംഭവം ആവർത്തിക്കാതിരിക്കാൻ തായ്‌വാനിലെ തൊഴിൽ നിയമങ്ങളിൽ ഭേദഗതികൾ വരുത്തണമെന്ന ആവശ്യവും അതേസമയം തന്നെ തൊഴിലുടമകളുടെ ഭാഗത്ത് നിന്നും ശക്തമായി. വർഷങ്ങൾക്കിപ്പുറം വീണ്ടും ഈ സംഭവം സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാവുകയാണ്.