
മൊബൈൽ ഗെയിമുകളുടെ പിന്നാലെ പോയി മരണം സംഭവിച്ച പല കേസുകളും പലയിടങ്ങളിൽ നിന്നുമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, അടുത്തിടെ മൊബൈൽ ഗെയിമല്ലാത്ത ഒരു ഗെയിമിനിടെ ഒരാൾക്ക് തന്റെ ജീവൻ നഷ്ടപ്പെട്ടു. 'നിധിവേട്ട' കളിക്കുന്നതിനിടെ ഹൈദ്രാബാദിൽ നിന്നുമുള്ള ഒരു എഞ്ചിനീയർക്കാണ് 30 അടി താഴ്ചയുള്ള കിണറിലേക്ക് വീണ് ജീവൻ നഷ്ടപ്പെട്ടത്. വികാരാബാദിൽ ഒരു സാഹസിക ക്ലബ്ബിൽ നടന്ന കളിക്കിടെയാണ് യുവാവിന് ജീവൻ നഷ്ടപ്പെട്ടത്.
സായ് കുമാർ എന്ന മുപ്പത്തിയെട്ടുകാരനാണ് കിണറിൽ വീണ് മരിച്ചത്. ഗോദുമഗുഡ ഗ്രാമത്തിൽ 'ഹൈദരാബാദ് അഡ്വഞ്ചർ ക്ലബ്ബ്' സംഘടിപ്പിച്ച മൂൺലൈറ്റ് ക്യാമ്പിംഗിനിടെ ആയിരുന്നു അപകടം. ശനിയാഴ്ച സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ഒപ്പമായിരുന്നു സായ് കുമാർ ഗെയിമിൽ പങ്കെടുത്തത്.
ഈ അഡ്വഞ്ചർ ക്ലബ്ബ്, ഇതുപോലെ രസകരമെന്ന് തോന്നുന്ന പല ഗെയിമുകളും പരിപാടികളും സംഘടിപ്പിക്കാറുണ്ട് എന്ന് പൊലീസ് പറയുന്നു. അതിൽ കാമ്പിങ്, ട്രെക്കിംഗ്, നിധിവേട്ട, മറ്റ് ഗെയിമുകൾ എന്നിവയെല്ലാം പെടുന്നു. അന്ന് സംഘടിപ്പിച്ച നിധിവേട്ടയുടെ ഭാഗമായി സമ്മാനം നേടുന്നതിന് വേണ്ടി എല്ലാവരും പലയിടങ്ങളിലായി ഒളിപ്പിച്ച നിധിക്ക് വേണ്ടിയുള്ള ക്ലൂ തിരയുകയായിരുന്നു. ഗെയിമിൽ പങ്കെടുത്തുകൊണ്ടിരുന്ന കുമാർ കിണറിനരികിലേക്ക് പോവുകയും അതിൽ വീഴുകയും മുങ്ങിപ്പോവുകയും ആയിരുന്നു.
കിണറിൽ നിന്നും പുറത്ത് വരാൻ പലതരത്തിൽ സായ് കുമാർ ശ്രമിച്ചു. എന്നാൽ, സാധിച്ചിരുന്നില്ല. ഉടനെ തന്നെ കുമാറിന്റെ സുഹൃത്തുക്കൾ പൊലീസിനെയും അഗ്നിരക്ഷാസേനാംഗങ്ങളെയും വിവരം അറിയിച്ചു. അവർ ഉടനെ തന്നെ സ്ഥലത്തെത്തുകയും സായ് കുമാറിനെ കിണറിൽ നിന്നും പുറത്തെടുക്കുകയും ചെയ്തു.
ഉടനെ തന്നെ കുമാറിനെ ആശുപത്രിയിലെത്തിച്ചു. എന്നാൽ, അയാൾ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. അതോടെ പൊലീസ് പരിപാടിയുടെ സംഘാടകർക്ക് മേൽ അശ്രദ്ധയ്ക്ക് കുറ്റം ചുമത്തി. ഇതുപോലെ ഒരു പരിപാടി സംഘടിപ്പിക്കുമ്പോൾ സംഘാടകർ എന്തെങ്കിലും മുൻകരുതൽ എടുക്കുകയുണ്ടായില്ല എന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണവും ആരംഭിച്ചു.