ബെംഗളൂരുവിലുള്ള കാമുകനെ കാണാൻ ഇറ്റലിയിൽ നിന്നും ഒറ്റയ്ക്ക് യാത്ര ചെയ്തെത്തിയ ഒരു യുവതിയുടെ റെഡ്ഡിറ്റ് പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. തന്റെ ഇന്ത്യൻ യാത്രയിൽ ഇഷ്ടപ്പെട്ടതും അല്ലാത്തതുമായ കാര്യങ്ങളുമാണ് പോസ്റ്റിൽ പറയുന്നത് .

ബെംഗളൂരുവിലേക്ക് ആദ്യമായി ഒറ്റയ്ക്ക് യാത്ര ചെയ്തെത്തിയ ഒരു ഇറ്റാലിയൻ സ്ത്രീ തന്റെ ഇന്ത്യൻ സന്ദർശനത്തെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ പങ്കുവച്ചിരിക്കുന്ന പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. തന്റെ കാമുകനെ കാണാൻ വേണ്ടിയാണ് അവർ ഇന്ത്യയിലെത്തിയത്. ഇവിടെ തനിക്ക് ഇഷ്ടപ്പെട്ടതും ഇഷ്ടപ്പെടാത്തതുമായ എല്ലാ കാര്യങ്ങളെ കുറിച്ചും അവർ പോസ്റ്റിൽ പറയുന്നുണ്ട്. റെഡ്ഡിറ്റിലാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.

തന്റെ സന്ദർശനത്തിന് സഹായിക്കും വിധത്തിൽ വിലപ്പെട്ട ഉപദേശവും ടിപ്സും നൽകിയവർക്കുള്ള നന്ദിയും അവർ പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്. "മാസങ്ങൾക്ക് മുമ്പ്, ഞാൻ എന്റെ കാമുകനെ കാണാൻ ബെംഗളൂരുവിലേക്ക് പറക്കാൻ പദ്ധതിയിട്ടിരുന്ന സമയത്ത് ടിപ്സും സന്ദർശിക്കേണ്ട സ്ഥലങ്ങളും ഒക്കെ ചോദിച്ചുകൊണ്ട് ഒരു പോസ്റ്റ് ഞാൻ ഷെയർ ചെയ്തിരുന്നു. അതിന്റെ അനുഭവം പങ്കുവയ്ക്കാൻ ഞാൻ ആ​ഗ്രഹിക്കുന്നു. ഒപ്പം അന്ന് എനിക്ക് ഉപദേശം നൽകിയ എല്ലാവർക്കും നന്ദി പറയാനും ഞാൻ ആഗ്രഹിക്കുന്നു" എന്നാണ് അവൾ കുറിച്ചിരിക്കുന്നത്.

പിന്നാലെ, താൻ സന്ദർശിച്ച സ്ഥലങ്ങളെ കുറിച്ചും പരീക്ഷിച്ച ഭക്ഷണത്തെ കുറിച്ചുമാണ് അവൾ പറയുന്നത്. താസസ്ഥലത്ത് താൻ ചെറുതായൊന്ന് പറ്റിക്കപ്പെട്ടു എന്നും അവൾ പറയുന്നുണ്ട്. കബ്ബൺ പാർക്കിലും ലാൽബാഗിലും പോകുന്നത് തനിക്ക് വളരെ ഇഷ്ടമായിരുന്നു, എംജി റോഡും നല്ലതായിരുന്നു, പക്ഷേ അവിടുത്തെ തിരക്ക് തന്നെ സംബന്ധിച്ച് അൽപ്പം കൂടുതലായിരുന്നു, ക്ഷേത്രങ്ങളും ഷോപ്പിംഗ് സ്ട്രീറ്റുകളും എല്ലാം മനോഹരമായിരുന്നു എന്നും പോസ്റ്റിൽ പറയുന്നു. ഇനിയും താൻ ഇന്ത്യയിലേക്ക് വരാൻ ആ​ഗ്രഹിക്കുന്നു എന്നാണ് യുവതിയുടെ പോസ്റ്റിൽ പറയുന്നത്.

നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയിരിക്കുന്നത്. ഇന്ത്യയിലേക്ക് വന്നതിൽ സന്തോഷം പ്രകടിപ്പിച്ചും അടുത്ത തവണ വരുമ്പോൾ എങ്ങനെയൊക്കെ യാത്ര സുഖകരമാക്കാം എന്നതിനെ കുറിച്ചുമെല്ലാം ആളുകൾ കമന്റ് നൽകിയിട്ടുണ്ട്.