ഐവിഎഫിലൂടെ ഗർഭം ധരിച്ച് ചൈനയിൽ 62 വയസ്സുകാരിയായ സ്ത്രീ. മരിച്ചുപോയ തന്റെ മകന്റെ പുനർജന്മമാണ് വയറ്റിലുള്ള കുഞ്ഞെന്നാണ് ഇവർ വിശ്വസിക്കുന്നത്. ഈ വാർത്ത ചൈനീസ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
ഐവിഎഫിലൂടെ ഗർഭം ധരിച്ച് ചൈനയിൽ നിന്നുള്ള 62 -കാരി. തന്റെ വയറ്റിലുള്ള കുഞ്ഞ് തന്റെ മരിച്ചുപോയ മകന്റെ പുനർജന്മമാണ് എന്നാണ് ഇവർ പറയുന്നത്. ഇവർക്ക് ആകെയുണ്ടായിരുന്നത് ഒരു മകനാണ്. ആ മകൻ പിന്നീട് മരിച്ചുപോവുകയായിരുന്നു. ചൈനയിലെ ജിലിൻ പ്രവിശ്യയിലെ സോങ്‌യുവാനിൽ നിന്നുള്ള സ്ത്രീ ഇപ്പോൾ ആറുമാസം ഗർഭിണിയാണത്രെ. അവരുടെ ഇളയ സഹോദരിയാണ് ചൈനയിലെ സോഷ്യൽ മീഡിയയിൽ ഇതേക്കുറിച്ചുള്ള പോസ്റ്റുകൾ ഷെയർ ചെയ്തിരിക്കുന്നത്. അതോടെ ഇത് വലിയ ചർച്ചയായി മാറുകയായിരുന്നു.
സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, 2025 ജനുവരിയിലാണ് ഇവർക്ക് തന്റെ മകനെ നഷ്ടപ്പെട്ടത്. അവന് എത്ര വയസായിരുന്നു എന്നോ എങ്ങനെയാണ് മരിച്ചത് എന്നതിനെയോ കുറിച്ച് വെളിപ്പെടുത്തിയിട്ടില്ല. കുറച്ച് മാസങ്ങൾക്ക് ശേഷം, അവർ ഐവിഎഫ് വഴി ഗർഭം ധരിക്കുകയായിരുന്നു. അത് അവരുടെ ജീവിതത്തിലെ രണ്ടാമത്തെ ഗർഭധാരണമായിരുന്നു. സിയാവോ വെയ് എന്ന അപരനാമത്തിൽ ഇവരുടെ സഹോദരി സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഷെയർ ചെയ്യാറുണ്ട്. ഇങ്ങനെ ഷെയർ ചെയ്തിരിക്കുന്ന വീഡിയോയിലാണ് 62 -കാരിയെ കുറിച്ചുള്ള വിവരങ്ങളും പറഞ്ഞിരിക്കുന്നത്. ഏറെ സന്തോഷവതിയാണ് അവർ.
'പറഞ്ഞിരിക്കുന്ന തീയതിക്ക് മുമ്പ് തന്നെ കുഞ്ഞ് ജനിക്കുമെന്ന് ഞാൻ കരുതുന്നു. കുഞ്ഞിന് എന്റെ വയറ്റിൽ ചവിട്ടുന്നത് ഇഷ്ടമാണ്. ഞാൻ മധുരമുള്ള ഭക്ഷണം കഴിക്കുമ്പോഴെല്ലാം കുഞ്ഞ് അനങ്ങുന്നതായി എനിക്ക് തോന്നുന്നു' എന്നാണ് ഡിസംബർ അവസാനം പുറത്തിറക്കിയ ഒരു വീഡിയോയിൽ അവർ പറയുന്നത്. തന്റെ വയറ്റിലുള്ള കുഞ്ഞിന് മധുരം ഇഷ്ടമാണ് എന്ന് താൻ കരുതുന്നു. അത് ഒരു ആൺകുഞ്ഞാണ് എന്നാണ് കരുതുന്നത്. ഇത് തന്റെ മരിച്ചുപോയ മകന്റെ പുനർജന്മമാണ്' എന്നാണ് അവർ പറയുന്നത്.
അതേസമയം, ഇവരുടെ പോസ്റ്റുകൾ വൈറലായതിന് പിന്നാലെ വലിയ ചർച്ചയും ചൈനയിലെ സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. ഒരുവിഭാഗം സ്ത്രീയെ അഭിനന്ദിക്കുമ്പോൾ മറ്റൊരു വിഭാഗം പ്രായമായിട്ടുള്ള ഗർഭാധാരണത്തിലെയും പ്രസവത്തിലെയും സങ്കീർണതകളെ കുറിച്ചാണ് പറയുന്നത്.
