
ജിപിഎസ് ഉപയോഗിച്ചാണ് ഇപ്പോൾ നമ്മൾ പലപ്പോഴും യാത്ര ചെയ്യുന്നത്. അതുമായി ബന്ധപ്പെട്ട് പലർക്കും വളരെ മോശം അനുഭവങ്ങളും ചിലപ്പോഴൊക്കെ ഉണ്ടാകാറുണ്ട്. എന്നാൽ, ഒരാൾക്ക് തന്റെ ജീവിതം തന്നെ അതുവഴി നഷ്ടപ്പെട്ടിരിക്കുകയാണ്. തകർന്നുപോയ ഒരു പാലത്തിലേക്കാണ് ഫിലിപ് പാക്സൺ എന്ന 47 -കാരന് ജിപിഎസ് വഴി കാണിച്ച് കൊടുത്തത്.
വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് ഫിലിപ്. അതിൽ മൂത്ത മകളുടെ പിറന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങി വരികയായിരുന്നു അദ്ദേഹം. അപ്പോഴാണ് ജിപിഎസ് 2013 -ലെ വെള്ളപ്പൊക്കത്തിൽ തകർന്നു പോയ ഒരു പാലത്തിലേക്ക് വഴി കാണിച്ച് കൊടുത്തത്. വാഹനവുമായി അദ്ദേഹം നേരെ പാലത്തിലേക്ക് കയറി, വീണത് വെള്ളത്തിലാണ്.
'അതൊരു മഴയുള്ള ഇരുണ്ട രാത്രി ആയിരുന്നു. അദ്ദേഹം ജിപിഎസ്സിനെ പിന്തുടർന്ന് വരികയായിരുന്നു. അത് തകർന്ന ഒരു പാലത്തിലേക്ക് വഴി കാണിച്ചു കൊടുത്തു. ആ പാലം ഒമ്പത് വർഷം മുമ്പ് തകർന്നതാണ്. പിന്നീട് ശരിയാക്കിയിട്ടില്ല. അതിന് എന്തെങ്കിലും വച്ച് തടസപ്പെടുത്തുകയോ മുന്നറിയിപ്പ് ബോർഡോ ഉണ്ടായിരുന്നില്ല. അതുകൊണ്ട് അത് 47 -കാരനും രണ്ട് കുട്ടികളുടെ പിതാവും ആയ ഒരാളുടെ മരണത്തിന് കാരണമായി. അദ്ദേഹത്തെ അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളും മിസ് ചെയ്യും. ഇത് തീർച്ചയായും തടയാവുന്ന ഒരു അപകടമായിരുന്നു. അദ്ദേഹത്തിന്റെ മരണത്തിൽ ഞങ്ങൾ ദുഖാർത്തരാണ്' എന്ന് ഫിലിപ്പിന്റെ അമ്മായിഅമ്മ ലിൻഡ മാക്ഫീ കോനിഗ് ഫേസ്ബുക്കിൽ കുറിച്ചു.
ആ പാലം ശരിയാക്കിയിരുന്നു എങ്കിലോ അവിടെ എന്തെങ്കിലും മുന്നറിയിപ്പ് ബോർഡ് വച്ചിരുന്നു എങ്കിലോ ആ അപകടം ഒഴിവാക്കാമായിരുന്നു എന്നാണ് ഫിലിപ്പിന്റെ കുടുംബം പറയുന്നത്. വേണ്ടപ്പെട്ടവരുടെ ശ്രദ്ധ അതിലേക്ക് എത്തിക്കാൻ ശ്രമിക്കുകയാണ് ഇപ്പോൾ ഫിലിപ്പിന്റെ കുടുംബം. 'ഇത്രയും വർഷങ്ങളായി ആ പാലം അങ്ങനെ കിടക്കുന്നു. ആരും അത് ശരിയാക്കുന്നതിനെ കുറിച്ചോ അവിടെ ഒരു മുന്നറിയിപ്പ് ബോർഡ് വയ്ക്കുന്നതിനെ കുറിച്ചോ ആലോചിച്ചിട്ടില്ല. അതിന് നൽകേണ്ടി വന്നത് നമ്മുടെ പ്രിയപ്പെട്ട ഒരാളുടെ വിലപ്പെട്ട ജീവനാണ്' എന്ന് ഫിലിപ്പിന്റെ കുടുംബം പറഞ്ഞു.