
നല്ല ശമ്പളവും ജീവിതവും ഉറപ്പ് വരുത്താനായി വിദേശത്ത് പോകുന്നവർ അനേകമുണ്ട്. എന്നാൽ, അതിന് അവർക്ക് ചില ത്യാഗങ്ങളൊക്കെ വേണ്ടി വരും. അതിൽ പ്രധാനമാണ് നാട്ടിലുള്ള കുടുംബത്തെ പിരിഞ്ഞിരിക്കേണ്ടി വരിക എന്നത്. പ്രവാസികളുടെ ഈ മാനസികാവസ്ഥ തുറന്നുകാട്ടുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പ്രദീപ് ചൗധരി എന്ന യുവാവാണ് ഈ മനോഹരമായ നിമിഷം പങ്കുവെച്ചിരിക്കുന്നത്.
ഇന്ത്യയിൽ തന്റെ കുടുംബം പുതിയ വീട് വാങ്ങിയതിന്റെയും അതിന്റെ ഗൃഹപ്രവേശന ചടങ്ങിന്റെയും വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. 'ഇന്ത്യയിലെ പുതിയ വീട്ടിൽ ഗൃഹപ്രവേശന ചടങ്ങാണ്. എനിക്ക് അവിടെയെത്താൻ കഴിയില്ല. പിന്നെ ഇത്രയും ദൂരെ വന്ന് പണം സമ്പാദിച്ചിട്ട് എന്തുകാര്യം? ടിക്കറ്റ് എടുത്ത് ആ ചടങ്ങിന് പങ്കെടുക്കാൻ പോലും കഴിയുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് ഈ പ്രവാസ ജീവിതം തന്നെ?' എന്നായിരുന്നു പ്രദീപിന്റെ വാക്കുകൾ. 'വിദേശ ജീവിതത്തിന്റെ ഏറ്റവും മോശം വശം' എന്നും പ്രദീപ് കുറിച്ചിരിക്കുന്നു.
എന്നാൽ, അധികം വൈകാതെ വീഡിയോയിൽ ഒരു ട്വിസ്റ്റാണ്. ഗൃഹപ്രവേശന ചടങ്ങിന് പോകാനും കുടുംബത്തെ ഞെട്ടിക്കാനും താൻ തീരുമാനിച്ചിരിക്കുകയാണെന്നും പ്രദീപ് പറയുന്നു. 'അതുകൊണ്ടാണ് ഞാൻ യാത്ര പുറപ്പെട്ടത്! പ്രധാനപ്പെട്ട നിമിഷങ്ങൾ നമ്മൾ നഷ്ടപ്പെടുത്തരുത്, കുടുംബത്തിന് സർപ്രൈസ് നൽകണം. ദൂരെ താമസിക്കുന്നതിന്റെ ഏറ്റവും വലിയ ഗുണവും അതാണ്, എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് പെട്ടെന്ന് വീട്ടിലേക്ക് ചെന്ന് കയറാം' പ്രദീപ് പറയുന്നു. തുടർന്ന് പ്രദീപ് വീട്ടിലെത്തുന്നത് കാണാം. പലരും അപ്രതീക്ഷിതമായ ഈ വരവിൽ അമ്പരന്നു.
നിരവധി പേരാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയത്. അതിലേറെയും പ്രവാസികളാണ്. 'ഇതാണ് പ്രവാസ ജീവിതത്തിന്റെ യഥാർത്ഥ അവസ്ഥ' എന്ന് ഒരാൾ കുറിച്ചു. 'നഷ്ടപ്പെട്ട ഓർമ്മകൾ പണം നൽകി തിരികെ വാങ്ങാൻ കഴിയില്ല' എന്നായിരുന്നു മറ്റൊരാൾ അഭിപ്രായപ്പെട്ടത്. 'കുടുംബത്തോടൊപ്പമുള്ള സമയത്തിന് പകരമാകാൻ ഒരു ശമ്പളത്തിനുമാവില്ല' എന്നായിരുന്നു മറ്റൊരു കമന്റ്.