
ഓൺലൈനായി വാങ്ങിയിട്ടില്ലെന്ന് ഉറപ്പുണ്ടെങ്കിൽ ഓൺലൈനായി ലഭിക്കുന്ന പാർസലുകൾ തുറക്കരുതെന്നതും പ്രത്യേകിച്ചും പണം അടച്ച് അവ കൈപ്പറ്റരുതെന്നുമുള്ള ഒരു അനുഭവം പങ്കുവയ്ക്കപ്പെട്ടപ്പോൾ സമൂഹ മാധ്യമങ്ങളിൽ അത് വൈറലായി. ഓർഡർ ചെയ്യാത്ത ഒരു ക്യാഷ് ഓൺ ഡെലിവറി പാർസൽ വീട്ടിലെത്തിയെന്നും അതിനുള്ളിൽ ഉണ്ടായിരുന്നത് കീറിപ്പറിഞ്ഞ ഉപയോഗിച്ച് ഉപേക്ഷിച്ച ഒരു കുർത്തയാണെന്നും യുവതിയുടെ പരാതി. എഴുത്തുകാരിയും സോഷ്യൽ മീഡിയ ഉപയോക്താവുമായ കിരൺ മൻറാളാണ് സംഭവത്തെക്കുറിച്ച് എക്സിൽ പങ്കുവെച്ചത്. ഡെലിവറി വഴിയെത്തിയ പാർസലിൽ തന്‍റെ പേര്, ഫോൺ നമ്പർ, വിലാസം എന്നിവ കൃത്യമായിരുന്നെങ്കിലും അയച്ചയാളുടെ വ്യക്തമായ വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും കിരൺ കുറിപ്പിൽ പറയുന്നു.
പാർസൽ ക്യാഷ് ഓൺ ഡെലിവറി ആയിരുന്നതിനാൽ മകൻ പണം നൽകിയ ശേഷമാണ് പാക്കറ്റ് തുറന്നതെന്നും കിരൺ പറഞ്ഞു. എന്നാൽ, താൻ ഇത്തരമൊരു സാധനവും ഓർഡർ ചെയ്തിരുന്നില്ല. പാക്കറ്റ് തുറന്നപ്പോൾ പകുതി കീറിയ നിലയിലുള്ള പഴയ, ഉപയോഗിച്ച ഒരു കുർത്തയാണ് ലഭിച്ചതെന്നും അവർ വ്യക്തമാക്കി. സംഭവത്തെ ‘വിപുലമായി ആസൂത്രണം ചെയ്ത തട്ടിപ്പ്’ എന്നാണ് കിരൺ വിശേഷിപ്പിച്ചത്.
I was subject to an elaborate scam yesterday. Parcel comes home via @delhivery COD. Everything perfect, my name address phone number. But nothing about the sender. My son pays. I have not ordered anything. See what was sent. A half torn used kurta. What they call chindi. Delhivery obviously saying collect your money from sender. I have no clue who the sender is. I wonder how many folks have been scammed this way. Any help will be welcome. It’s a small amount but just the principle of the thing.
— Kiran Manral (@KiranManral) October 4, 2026
പണം നൽകിയ ശേഷം ആരാണ് പാർസൽ അയച്ചതെന്ന് കണ്ടെത്താൻ കഴിയാത്ത അവസ്ഥയാണെന്നും, ഇതുപോലെ എത്ര പേർ തട്ടിപ്പിനിരയായിട്ടുണ്ടാകാമെന്ന ആശങ്കയുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. തുക ചെറുതാണെങ്കിലും വിഷയം പണത്തിന്‍റെ മാത്രം കാര്യമല്ലെന്നും കിരൺ വ്യക്തമാക്കുന്നു.
കിരണിന്‍റെ സോഷ്യൽ മീഡിയ പോസ്റ്റിന് പിന്നാലെ ഡെലിവറി ഹെൽപ്‌ഡെസ്ക് പ്രതികരണവുമായി രംഗത്തെത്തി. ലഭിച്ച ഷിപ്പ്മെന്‍റിലെ സാധനവും പ്രതീക്ഷിച്ച സാധനവും തമ്മിലുള്ള പൊരുത്തക്കേട് ശ്രദ്ധയിൽപ്പെട്ടതായി കമ്പനി അറിയിച്ചു. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച ഡെലിവറി കമ്പനി, വിഷയം പ്രദേശത്തെ പാട്ണർക്ക് കൈമാറിയതായും ഉടൻ പരിഹാരമുണ്ടാകുമെന്നും അവർ ബന്ധപ്പെടുമെന്നും വ്യക്തമാക്കി. അതേസമയം സംഭവം യഥാർഥത്തിൽ തട്ടിപ്പാണോ, അതോ പാർസൽ എവിടെ നിന്നാണ് അയച്ചതെന്നോ നിലവിൽ വ്യക്തമായിട്ടില്ല. എന്നാൽ ഓർഡർ ചെയ്തിട്ടില്ലാത്ത ക്യാഷ് ഓൺ ഡെലിവറി പാർസലുകൾ ലഭിക്കുമ്പോൾ പണം നൽകുന്നതിന് മുമ്പ് ഓർഡറും അയച്ചയാളുടെ വിവരങ്ങളും പരിശോധിക്കണമെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ മുന്നറിയിപ്പ് നൽകുന്നു.