സോഷ്യൽ മീഡിയ പ്രണയം; കാമുകിയെ കാണാൻ അതിർത്തി കടന്നു, പാക് അധിനിവേശ കശ്മീരില്‍ നിന്നുള്ള യുവാവ് സൈനികരുടെ പിടിയിൽ

Published : Jun 01, 2026, 11:29 AM IST
Zeeshan Ahmad Mir

Synopsis

സോഷ്യൽ മീഡിയയിലൂടെ പ്രണയത്തിലായ കാമുകിയെ കാണാൻ ഇന്ത്യന്‍ അതിര്‍ത്തി കടന്ന പാക് അധിനിവേശ കശ്മീർ സ്വദേശി സൈന്യത്തിന്റെ പിടിയിലായി. ഓൺലൈനിൽ പരിചയപ്പെട്ട ഉറി സ്വദേശിനിയായ കാമുകിയെ കാണാനാണ് ഇയാള്‍ എത്തിയത്. 

സോഷ്യൽ മീഡിയയിലൂടെ തുടങ്ങിയ പ്രണയത്തിനൊടുവിൽ കാമുകിയെ കാണാൻ ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷയേറിയ അതിർത്തി കടന്നെത്തിയ പാകിസ്ഥാൻ അധിനിവേശ കാശ്മീർ (PoK) സ്വദേശി പിടിയിൽ. 22 -കാരനായ യുവാവാണ് നിയന്ത്രണരേഖ മറികടന്ന് ഇന്ത്യൻ അതിർത്തിക്കുള്ളിൽ കടന്നത്. ജമ്മു കശ്മീരിലെ ഉറി സെക്ടറിലുള്ള യുവതിയെ കാണാനായിരുന്നു ഇയാളുടെ ശ്രമം. എന്നാൽ, ഇന്ത്യൻ അതിർത്തിയിൽ പ്രവേശിച്ച് നിമിഷങ്ങൾക്കകം തന്നെ ഇയാൾ സൈന്യത്തിന്റെ പിടിയിലാവുകയായിരുന്നു. അതോടെ പ്രണയിനിയെ കാണാനുള്ള ശ്രമവും അവസാനിച്ചു.

ഞായറാഴ്ച രാവിലെ ഒൻപതരയോടെയാണ് ഉറിയിലെ സിലിക്കോട്ട് മേഖലയിൽ നിയന്ത്രണ രേഖയ്ക്ക് മറുഭാഗത്തുനിന്ന് ഒരാൾ വരുന്നത് സൈന്യത്തിന്റെ ശ്രദ്ധയിൽപ്പെടുന്നത്. ഇന്ത്യൻ അതിർത്തിയിലേക്ക് പ്രവേശിച്ച ഉടൻ തന്നെ ഇയാളെ സൈന്യം കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാൾ പാക് അധിനിവേശ കശ്മീരിലെ മുസാഫറാബാദ് പൈൻകാഡി സ്വദേശിയായ സീഷാൻ അഹമ്മദ് മീർ എന്നയാളാണെന്ന് തിരിച്ചറിഞ്ഞത്. ഈ വിവരങ്ങൾ സ്ഥിരീകരിക്കുന്ന പാകിസ്ഥാൻ തിരിച്ചറിയൽ കാർഡും ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തു.

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ഉറി സ്വദേശിനിയായ ഇറാം ബാനു എന്ന യുവതിയുമായി പ്രണയത്തിലാണ് എന്നും അവളെ കാണാനാണ് താൻ നിയന്ത്രണ രേഖ മറികടന്നതെന്നും സീഷാൻ സുരക്ഷാ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. ഓൺലൈൻ വഴി പരിചയപ്പെട്ട ഇരുവരും നിരന്തരം സമ്പർക്കം പുലർത്തിയിരുന്നതായും ഉദ്യോഗസ്ഥർ പറയുന്നു. ഇതാണ് കനത്ത സുരക്ഷയുള്ള അതിർത്തി കടക്കാൻ ഇയാളെ പ്രേരിപ്പിച്ചതെന്നും അധികൃതർ വ്യക്തമാക്കി.

സീഷാനെയും, ഇയാൾ കാണാനെത്തിയതായി പറയുന്ന യുവതിയെയും സുരക്ഷാ ഏജൻസികൾ നിലവിൽ ചോദ്യം ചെയ്തുവരികയാണ്. യുവാവിന്റെ മൊഴികളിൽ എത്രത്തോളം സത്യമുണ്ടെന്ന് പരിശോധിക്കുന്നതിനൊപ്പം ഇരുവരും തമ്മിലുള്ള സന്ദേശങ്ങളുടെ സ്വഭാവവും അന്വേഷണസംഘം വിലയിരുത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി യുവതിയെ കുറിച്ച് വിശദമായി അന്വേഷിക്കുന്ന ഏജൻസികൾ, ഇരുവരും തമ്മിൽ നടത്തിയ ചാറ്റുകളുടെയും മറ്റും വിശദാംശങ്ങളും പരിശോധിച്ചു വരികയാണ്.

PREV
Read more Articles on
click me!

Recommended Stories

വിനോദയാത്ര കഴിഞ്ഞെത്തി 1 വർഷം, ഇന്ത്യക്കാരെ തേടി സ്വിറ്റ്സർലാൻഡിൽ നിന്നും 1.5 ലക്ഷം ട്രാഫിക് ഫൈന്‍!
കസിൻസും അടുത്ത ബന്ധുക്കളും തമ്മിൽ വിവാഹം വേണ്ട, നിയമവുമായി ഈ രാജ്യം