മലേഷ്യയിലെ ഒരു സ്കൂളിൽ 16 വയസ്സുകാരനായ വിദ്യാർത്ഥി അധ്യാപികയെ കോടാലി ഉപയോഗിച്ച് ആക്രമിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ വിദ്യാർത്ഥി തന്നെ മൊബൈൽ ഫോണിലൂടെ തത്സമയം സംപ്രേഷണം ചെയ്തിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ വിദ്യാർത്ഥിയെ സ്കൂളിൽ നിന്നും പുറത്താക്കി.
ക്ലാസ് മുറിയിൽ അധ്യാപികയ്ക്കുനേരെ കോടാലിയുമായി ആക്രമണം നടത്തിയെന്നാരോപിച്ച് 16 -കാരനായ വിദ്യാർഥിയെ മലേഷ്യൻ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്കൂളിനുള്ളിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ വിദ്യാർത്ഥി തന്നെ മൊബൈൽ ഫോണിലൂടെ തത്സമയം സംപ്രേഷണം ചെയ്തതായും റിപ്പോർട്ടുകളുണ്ട്. സരാവാക് സംസ്ഥാനത്തെ കുച്ചിങ്ങിലുള്ള ടുങ്കു പുത്ര–ഹെൽപ് ഇന്റർനാഷണൽ സ്കൂളിലാണ് സംഭവം.
പടക്കങ്ങളും കോടാലിയുമായി സ്കൂളിലേക്ക്
ഒക്ടോബർ 21 -ന് രാവിലെ 8.03 -ഓടെ സ്കൂളിൽ സംഘർഷമുണ്ടായെന്ന വിവരം അടിയന്തര സേവന നമ്പറിലൂടെ പൊലീസിന് ലഭിച്ചതായി സരാവാക് ആക്ടിങ് പൊലീസ് കമ്മീഷണർ സൈഫുള്ളിസാൻ ഇഷാക്ക് അറിയിച്ചു. ഒരു വിദ്യാർഥി പടക്കങ്ങളും കോടാലിയും സ്കൂളിലെത്തിച്ചതായും അധ്യാപികയുടെ കൈയ്ക്ക് വെട്ടി പരിക്കേൽപ്പിച്ചതായുമാണ് ലഭിച്ച പരാതി. സംഭവത്തിൽ അധ്യാപികയുടെ കൈയിൽ മുറിവേറ്റെങ്കിലും ഗുരുതരമായ പരിക്കുകളില്ലെന്നാണ് സ്കൂൾ അധികൃതർ അറിയിച്ചത്.
ലൈവിൽ അധ്യാപികയുടെ കൈക്ക് വെട്ടി
സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങളിൽ, തലയിൽ ഘടിപ്പിച്ച മൊബൈൽ ഫോണിലൂടെ സംഭവങ്ങൾ സ്വയം ചിത്രീകരിക്കുന്ന വിദ്യാർഥി കോടാലിയുമായി ക്ലാസ് മുറിയിലേക്ക് ഓടിക്കയറി അധ്യാപികയെ വെട്ടി തിരിച്ച് ഓടുന്നതും പിന്നാലെ പുറകിലെ വാതിലിലൂടെ കയറി വിദ്യാർത്ഥികളുടെ നേരെ വെട്ടാൻ ഓങ്ങുന്നതും കാണാം. ഇതോടെ ക്ലാസിലെ വിദ്യാർത്ഥികളെല്ലാം പുറത്തേക്ക് ഓടി രക്ഷപ്പെടുന്നു.
എന്നാൽ, ഒരു വിദ്യാർത്ഥി, ഇയാളെ പിടികൂടുന്നതും പിന്നാലെ മറ്റ് വിദ്യാർത്ഥികളും ക്ലാസ് മുറിയിലേക്ക് കയറി വരുന്നതും ക്ലാസ് മുറിയിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞു. പിന്നീട് ക്ലാസിലെ മറ്റ് സഹപാഠികൾ ഇടപെട്ട് ഈ വിദ്യാർത്ഥിയുടെ കൈയിൽ നിന്നും കോടാലി പിടിച്ച് വാങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്.
അന്വേഷണം നടക്കുന്നെന്ന് പോലീസ്
സംഭവം വിവാദമായതിന് പിന്നാലെ മലേഷ്യൻ കമ്മ്യൂണിക്കേഷൻസ് ആൻഡ് മൾട്ടിമീഡിയ കമ്മീഷൻ സമൂഹ മാധ്യമത്തിൽനിന്ന് ലൈവ് വീഡിയോ നീക്കം ചെയ്തു. സംഭവത്തിൽ അപകടകരമായ ആയുധം ഉപയോഗിച്ച് പരിക്കേൽപ്പിച്ചതിനും സ്ഫോടകവസ്തു നിയമപ്രകാരവും പൊലീസ് അന്വേഷണം ആരംഭിച്ചു. വിദ്യാർഥിയെ ആദ്യം കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചതായി പൊലീസ് അറിയിച്ചു. വിദ്യാർഥിയെ സ്കൂളിൽ നിന്നും പുറത്താക്കിയതായി സ്കൂൾ അധികൃതരും അറിയിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത്തരമൊരു സംഭവത്തിന് വിദ്യാർത്ഥിയെ പ്രകോപിപ്പിച്ച കാരണം അന്വേഷിക്കുകയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.


