തെറ്റായി വാഹനം പാർക്ക് ചെയ്തതിന് നൽകിയ പിഴച്ചീട്ട് വനിതാ എൻഫോഴ്‌സ്‌മെന്‍റ് ഉദ്യോഗസ്ഥയുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞ ബ്രിട്ടീഷ് പൗരന് കോടതി വൻ തുക പിഴ ചുമത്തി. കോൺവാളിലെ പെൻറിനിൽ നടന്ന സംഭവത്തിൽ 58-കാരനായ സ്റ്റീഫൻ ലാങിനാണ് 2.87 ലക്ഷം രൂപ പിഴയടക്കാൻ കോടതി ഉത്തരവിട്ടത്.

പാർക്കിങ് പിഴ ചീട്ട് നൽകിയതിന്‍റെ ദേഷ്യത്തിൽ വനിതാ എൻഫോഴ്‌സ്‌മെന്‍റ് ഉദ്യോഗസ്ഥയുടെ മുഖത്തേക്ക് അത് വലിച്ചെറിഞ്ഞ ബ്രിട്ടീഷ് പൗരന് കൂറ്റൻ പിഴ ചുമത്തി കോടതി വിധി. കോൺവാളിലെ 58 -കാരനായ സ്റ്റീഫൻ ലാങിന് പിഴയും കോടതി ചെലവുകളും ഉൾപ്പെടെ 2,270.90 പൗണ്ട് (ഏകദേശം 2.87 ലക്ഷം രൂപ) നൽകാനാണ് കോടതി ഉത്തരവിട്ടത്.

തെറ്റായ പാർക്കിംഗിന് പിഴ

കോൺവാളിലെ പെൻറിനിലുള്ള എക്സ്ചേക്കർ ക്വേ കാർ പാർക്കിലാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. അടയാളപ്പെടുത്തിയ പാർക്കിങ് പരിധിക്ക് പുറത്താണ് വാഹനം നിർത്തിയതെന്ന കാരണത്താൽ ലാങിന്, വനിതാ എൻഫോഴ്‌സ്‌മെന്‍റ് ഉദ്യോഗസ്ഥ പിഴ ചീട്ട് നൽകിയിരുന്നു. ഇതിൽ പ്രകോപിതനായ ഇയാൾ വാഹനത്തിന്‍റ് വിൻഡ്‌സ്‌ക്രീനിൽനിന്ന് ചീട്ട് എടുത്ത് ഉദ്യോഗസ്ഥയുടെ മുഖത്തേക്ക് ചുരുട്ടിയെറിയുകയായിരുന്നു. തുടർന്ന് അവിടെനിന്ന് നടന്നുപോയെങ്കിലും, ഉദ്യോഗസ്ഥ നിലത്തുവീണ ചീട്ട് എടുത്ത് വീണ്ടും വാഹനത്തിൽ വെക്കുന്നതിനിടെ ഇയാൾ മടങ്ങിയെത്തി. ഇതോടെ ഇയാൾ ചീട്ട് ചുരുട്ടി വീണ്ടും ഉദ്യോഗസ്ഥയുടെ നേർക്ക് വലിച്ചെറിഞ്ഞു.

ബോഡി ക്യാമും സിസിടിവി ദൃശ്യങ്ങളും

ഉദ്യോഗസ്ഥയുടെ ബോഡി ക്യാമറയിലും കാർ പാർക്കിലെ സിസിടിവിയിലും സംഭവത്തിന്‍റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ചീട്ട് വലിച്ചെറിഞ്ഞത് മാലിന്യം വലിച്ചെറിയലായി കണക്കാക്കിയ അധികൃതർ 250 പൗണ്ടിന്‍റെ ഫിക്സഡ് പെനാൽറ്റി നോട്ടീസ് നൽകി. എന്നാൽ, പലതവണയുള്ള ഓർമപ്പെടുത്തലും മുന്നറിയിപ്പുകളും ലഭിച്ചിട്ടും ലാങ് പിഴ അടയ്ക്കാൻ തയ്യാറായില്ല. പിന്നാലെ 2026 ഒക്ടോബർ 14 -ന് ട്രൂറോ മജിസ്‌ട്രേറ്റ് കോടതിയിൽ കേസ് പരിഗണിച്ചപ്പോൾ ലാങ് ഹാജരാകാൻ തയ്യാറായില്ല. ഇതേ തുടർന്ന് ഇയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഇതോടെ 250 പൗണ്ട് പിഴ, 1,920.90 പൗണ്ട് കോടതി ചെലവ്, 100 പൗണ്ട് ഇരയ്ക്കുള്ള അധിക തുക എന്നിവ അടയ്ക്കാൻ കോടതി ഉത്തരവിടുകയായിരുന്നു. ഉദ്യോഗസ്ഥരെ അധിക്ഷേപിക്കുന്നതും പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നതും അംഗീകരിക്കാനാവില്ലെന്നും കൗൺസിൽ വ്യക്തമാക്കി.