Alexander Townley : വർഷം അഞ്ച് ലക്ഷം രൂപയും കഴിക്കാൻ ഡോനട്ടും കിട്ടും, ജോലി ഈ ടിവി ഷോ കാണൽ!

By Web TeamFirst Published Feb 28, 2022, 4:17 PM IST
Highlights

കാണുമ്പോൾ വളരെ സിംപിൾ ആണെന്ന് തോന്നാം. എന്നാൽ അത് വിചാരിക്കുന്നത്ര എളുപ്പമല്ല. ഭാവിയെ കുറിച്ചുള്ള പരാമർശങ്ങളെല്ലാം ഒന്നുവിടാതെ രേഖപ്പെടുത്തണം. ഇതിനായി ഒരു പേനയും നോട്ട്പാഡുമായി ഇരുന്നു എല്ലാ വിശദാംശങ്ങളും എഴുതി എടുക്കുകയാണ് പതിവ്.

പലരും അവർക്ക് ഇഷ്ടപ്പെട്ട ജോലിയായിരിക്കില്ല ജീവിതത്തിൽ ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാൽ, യുകെയിൽ നിന്നുള്ള ഒരാൾ അതിൽ നിന്നെല്ലാം വ്യത്യസ്തനാണ്. ജോലിയിൽ നിന്ന് ഒരിടവേള എടുത്ത് ഒന്ന് റിലാക്സ് ചെയ്യാനായിരിക്കും നമ്മൾ ടിവി ഷോ കാണുന്നത്. എന്നാൽ, അത് കാണാൻ പണം ഇങ്ങോട്ട് കിട്ടുന്ന ഒരു അവസ്ഥയാണെങ്കിലോ? ഒരിക്കലും നടക്കാത്ത ഒരു സ്വപ്നം പോലെ തോന്നിയേക്കാം. എന്നാൽ, അലക്സാണ്ടർ ടൗൺലി(Alexander Townley)യെ സംബന്ധിച്ചിടത്തോളം അത് വെറും ഒരു സ്വപ്നമല്ല, മറിച്ച് ജീവിതമാണ്.  

അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ടിവി ഷോ 'ദി സിംസൺസ്'(The Simpsons) എന്ന ഷോയാണ്. അദ്ദേഹത്തിന്റെ ആകെയുള്ള ജോലി ആ ഷോയുടെ എല്ലാ എപ്പിസോഡുകളും കാണുക എന്നത് മാത്രമാണ്. ഇത് ചെയ്യുന്നതിന് പ്രതിവർഷം ₹5,05,492 രൂപയാണ് ശമ്പളമായി അദ്ദേഹത്തിന് ലഭിക്കുന്നത്. കൂടാതെ, ഷോ കാണുമ്പോൾ കഴിക്കാനായി സൗജന്യ ഡോനട്ടുകളും ലഭിക്കുന്നു. നല്ല സുഖമുള്ള ഏർപ്പാട് അല്ലേ? നോട്ടിംഗ്ഹാമിൽ നിന്നുള്ള 26 -കാരനായ ടൗൺലി ഒരു വലിയ സിംസൺസ് ആരാധകനാണ്. അങ്ങനെ ഇരിക്കുമ്പോഴാണ് ഓൺലൈനിൽ ഭാവിയെക്കുറിച്ചുള്ള പ്രവചനങ്ങൾക്കായി സിംസൺസിന്റെ എല്ലാ എപ്പിസോഡുകൾ കാണാനും വിശകലനം ചെയ്യാനും ഒരാളെ തിരയുന്നതായുള്ള ഒരു പോസ്റ്റ് കാണുന്നത്. സോഷ്യൽ മീഡിയയിൽ കണ്ട പോസ്റ്റിൽ സഹോദരൻ അദ്ദേഹത്തെ ടാഗ് ചെയ്തപ്പോൾ അദ്ദേഹം ആഹ്ലാദഭരിതനായി.

മനുഷ്യരാശിയെ പിടിച്ചുകുലുക്കിയ ചില സംഭവങ്ങൾ യഥാർത്ഥ ജീവിതത്തിൽ സംഭവിക്കുന്നതിന് വളരെ നാളുകൾക്ക് മുൻപേ അതിൽ പ്രവചിച്ചിരുന്നുവത്രെ. 9/11 ആക്രമണങ്ങളും, കൊറോണ വൈറസ് മഹാമാരിയും പോലെ പല സംഭവങ്ങളും ഈ ആനിമേറ്റഡ് ഷോയിൽ പരാമർശിച്ചിരുന്നു. അത് കൊണ്ട് തന്നെ ഇത് വളരെ പ്രശസ്തമാണ്. "സിംപ്‌സൺസ് എപ്പോഴും കൗതുകം നിറഞ്ഞതാണ്. ഇത് സമൂഹത്തിന്റെ പ്രതിഫലനമാണ്. കാലത്തിന്റെ പരീക്ഷണത്തെ അതിജീവിക്കാനുള്ള ഒരു കാരണമാണ്!” ടൗൺലി ദി മിററിനോട് പറഞ്ഞു. ഇനി ടിവി കാണാത്തപ്പോൾ, അദ്ദേഹം ഒരു കഫേയിൽ സൂപ്പർവൈസറായും ജോലി ചെയ്യുന്നു.  

കാണുമ്പോൾ വളരെ സിംപിൾ ആണെന്ന് തോന്നാം. എന്നാൽ അത് വിചാരിക്കുന്നത്ര എളുപ്പമല്ല. ഭാവിയെ കുറിച്ചുള്ള പരാമർശങ്ങളെല്ലാം ഒന്നുവിടാതെ രേഖപ്പെടുത്തണം. ഇതിനായി ഒരു പേനയും നോട്ട്പാഡുമായി ഇരുന്നു എല്ലാ വിശദാംശങ്ങളും എഴുതി എടുക്കുകയാണ് പതിവ്. അത് തൊഴിൽ ദാതാവായ PlatinCasino.co.uk ലേക്ക് കൈമാറും. ജോലിയിൽ താൻ ആവേശഭരിതനാണെങ്കിലും, ഒരു ദിവസം 30 എപ്പിസോഡുകൾ വരെ കാണണം. അതും തുടർച്ചയായി ഏഴ് ദിവസവും ഈ രീതിയിൽ കാണേണ്ടിവരുന്നതിനാൽ ചില സമയങ്ങളിൽ മാനസികമായി തളർന്നുപോകുന്നുണ്ടെന്ന് ടൗൺലിയും സമ്മതിക്കുന്നു. 717 എപ്പിസോഡുകളാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. 

click me!