
ജോലികളുമായി ബന്ധപ്പെട്ട് ആളുകൾ നിരന്തരം പോസ്റ്റുകളിടുന്ന സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമാണ് റെഡ്ഡിറ്റ്. ജോലിസ്ഥലത്തെ അനിശ്ചിതത്വങ്ങൾ, പിരിച്ചുവിടലുകൾ, ജോലി ശരിയാവാതിരിക്കൽ തുടങ്ങി പലപല ആശങ്കകളും ആളുകൾ റെഡ്ഡിറ്റിൽ ഷെയർ ചെയ്യാറുണ്ട്. അതുപോലെ ഇപ്പോൾ ഒരു യുവാവിട്ട പോസ്റ്റാണ് റെഡ്ഡിറ്റിൽ ചർച്ചയായി തീർന്നിരിക്കുന്നത്.
ജോലിക്കുള്ള ഇന്റർവ്യൂ നടന്നു കൊണ്ടിരിക്കെ തന്നെ നിങ്ങളെ ഒഴിവാക്കിയിരിക്കുന്നു, നിങ്ങളെ ജോലിക്കെടുത്തില്ല എന്ന മെയിലാണ് യുവാവിന് വന്നത്. സൂം കോളിലൂടെയായിരുന്നു യുവാവിന് ഇന്റർവ്യൂ. സീനിയർ മാനേജർമാരും ചീഫ് ഓഫ് സ്റ്റാഫും ഉൾപ്പെടുന്ന പാനലുമായുള്ള യുവാവിന്റെ രണ്ടാം റൗണ്ട് ഇന്റർവ്യൂ ആണ് നടന്നുകൊണ്ടിരുന്നത്. വളരെ നല്ല രീതിയിലാണ് ഇന്റർവ്യൂ മുന്നോട്ട് പോയിരുന്നത്. മാത്രമല്ല, മൂന്നാമത്തെ റൗണ്ടിനെ കുറിച്ചും സൂചിപ്പിച്ചിരുന്നു. മറന്നു പോകുന്നതിന് മുമ്പ് അത് ഷെഡ്യൂൾ ചെയ്തേക്കാം എന്നും സ്റ്റാഫ് ചീഫ് പറഞ്ഞിരുന്നു.
എന്നാൽ, അതിനിടയിലാണ് പെട്ടെന്ന് യുവാവിന് മെയിൽ വന്നത്. അത് യുവാവിനെ ജോലിക്ക് എടുക്കുന്നില്ല എന്ന് അറിയിച്ചുകൊണ്ടുള്ള റിജക്ഷൻ മെയിലായിരുന്നു. അപ്പോഴാണ് പാനൽ യുവാവിനോട് വീണ്ടും കാര്യങ്ങൾ സംസാരിച്ച് തുടങ്ങിയത്. ആ സമയത്ത് യുവാവ് തനിക്ക് വന്ന മെയിലിന്റെ കാര്യം വെളിപ്പെടുത്തി. എല്ലാവരും അമ്പരന്നു പോയി. കുറച്ച് നേരത്തേക്ക് അവിടെ ആകെ നിശബ്ദതയായിരുന്നു.
എന്തായാലും, ആരുടെയോ വേണ്ടപ്പെട്ടവർക്കായിരിക്കണം ആ ജോലി നൽകിയത്. തന്നെ ഇന്റർവ്യൂ ചെയ്ത പാനലിൽ ഉള്ളവർ അത് അറിഞ്ഞു കാണില്ല എന്നാണ് യുവാവ് പറയുന്നത്. യുവാവ് മെയിലിന്റെ കാര്യം പറഞ്ഞ് കുറച്ച് കഴിഞ്ഞപ്പോൾ, നിങ്ങളിലേക്ക് ഞങ്ങൾ തിരികെ വരാം എന്ന് അറിയിച്ചുകൊണ്ട് സൂം കോൾ അവസാനിപ്പിക്കുകയായിരുന്നത്രെ.
യുവാവിന്റെ പോസ്റ്റ് പെട്ടെന്നാണ് ശ്രദ്ധിക്കപ്പെട്ടത്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. സമാനമായ അനുഭവം ഉണ്ടായി എന്നാണ് ചിലർ ചൂണ്ടിക്കാട്ടിയത്. എന്നാൽ, മറ്റ് ചിലർ പറഞ്ഞത് ഇത് ചിലപ്പോൾ സാങ്കേതികമായ എന്തെങ്കിലും തകരാർ ആയിരിക്കാം. ആ ജോലി ചിലപ്പോൾ കിട്ടിയേക്കും എന്നാണ്.