ബീച്ചിൽ ബിക്കിനി ധരിച്ച സ്ത്രീകളെ അവഹേളിച്ചു, യുവാവിനെ കമ്പനിയിൽ നിന്നും പിരിച്ചുവിട്ടു

By Web TeamFirst Published Sep 12, 2021, 11:08 AM IST
Highlights

എന്നാല്‍, സംഭവത്തെ തുടര്‍ന്ന് ഇയാളുടെ സദാചാരപൊലീസിംഗ് ചര്‍ച്ചയായി. തുടര്‍ന്ന് ഇയാള്‍ ജോലി ചെയ്യുന്ന മൈറ്റി ഹാന്‍ഡ് കണ്‍സ്ട്രക്ഷനില്‍ നിന്നും ഇയാളെ പിരിച്ചു വിട്ടു. 

പുരുഷന്മാരാണ് പലപ്പോഴും സമൂഹത്തില്‍ സ്ത്രീ എന്തിടണം, എന്തിടരുത് എന്നൊക്കെ തീരുമാനിക്കുന്നത് അല്ലേ? ഒരു കാര്യവും ഇല്ലാതെ സ്ത്രീകളുടെ വേഷങ്ങളില്‍ അഭിപ്രായം പറയുന്ന പുരുഷന്മാര്‍ ഏറെയുണ്ട്. തങ്ങള്‍ക്ക് അതിലെന്തോ അധികാരമുണ്ട് എന്നാണ് പലപ്പോഴും ഇവരുടെ തെറ്റിദ്ധാരണ. എന്നാല്‍, അങ്ങനെ അഭിപ്രായം പറഞ്ഞ ഒരാള്‍ക്ക് തന്‍റെ ജോലി നഷ്ടപ്പെട്ടിരിക്കുകയാണ്. കൊളറാഡോയിലെ ഫോര്‍ട്ട് കൊളിന്‍സില്‍ വച്ച് ഒമ്പത് സ്ത്രീകളടങ്ങുന്ന ഒരു സംഘത്തെ ലോഗന്‍ ഡോണ്‍ എന്നൊരാള്‍ അപമാനിച്ചതാണ് സംഭവം.

സാമൂഹികമാധ്യമങ്ങളില്‍ വൈറലായ ഒരു വീഡിയോയില്‍ ഇയാള്‍ ബീച്ചിലുള്ള സ്ത്രീകളുടെ സംഘത്തോട് ബിക്കിനി ധരിക്കുന്നത് പോണോഗ്രഫിയാണ് എന്ന് പറയുന്നത് കേള്‍ക്കാം. പതിനെട്ടുകാരികളായ യുവതികള്‍ ഡോണിനോട് തങ്ങളെ വെറുതെ വിടൂ എന്ന് പറയുന്നതും കേള്‍ക്കാം. എന്നാല്‍, അയാള്‍ വിടാതെ പിന്നെയും പിന്നെയും സ്ത്രീകളോട് അവര്‍ ധരിച്ചിരിക്കുന്ന വേഷം ശരിയല്ല എന്ന് പറഞ്ഞു കൊണ്ടേയിരിക്കുകയാണ്. അവര്‍ ബിക്കിനി ധരിച്ചാണ് ബീച്ചിലിരിക്കുന്നത് എന്നതാണ് ഇയാളെ പ്രകോപിപ്പിച്ചിരിക്കുന്നത്. 

'കുട്ടികളെ പരിഗണിക്കൂ, അവര്‍ പോണോഗ്രഫി കാണാന്‍ ഇഷ്ടപ്പെടുകയില്ല' എന്നാണ് ഡോണ്‍ പറയുന്നത്. 'ചുറ്റും നോക്കൂ, എല്ലാവരും ശ്രദ്ധിക്കുന്നത് നിങ്ങളെ ആയിരിക്കും. കാരണം നിങ്ങളുടെ ശരീരമെല്ലാം കാണാം. ഇതിനെതിരെ പുരുഷന്മാര്‍ പ്രതികരിച്ചില്ലെങ്കില്‍ സമൂഹത്തിന്‍റെ സദാചാരം തകര്‍ന്നു പോകും' എന്നാണ് ഇയാള്‍ പറയുന്നത്. 

പിന്നീട് ടിക്ടോക്കില്‍ ഈ വീഡിയോ വൈറലായി. അയാള്‍ തന്‍റെ വശങ്ങളെ കുറിച്ച് മാത്രം പറയുന്നതാണ് വീഡിയോയില്‍. വീഡിയോയില്‍, 'താന്‍ പാഡിൽ ബോർഡിംഗിൽ കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ തന്റെ കുടുംബത്തിലെ ആളുകള്‍ അവിടെ നിന്നും പോകാം എന്ന് പറയുകയായിരുന്നു. കാരണം അവിടെ ചില കോളേജ് പെണ്‍കുട്ടികള്‍ ശരീരത്തിലെ ഭൂരിഭാഗവും കാണിക്കുകയാണ്. തങ്ങളുടെ മകനോ മകളോ അത് കാണാന്‍ തങ്ങളാഗ്രഹിക്കുന്നില്ല എന്നും തന്റെ ബന്ധുക്കൾ പറഞ്ഞു' എന്നാണ് ഡോണിന്‍റെ വാദം. പെൺകുട്ടികളോട് അങ്ങനെ പറഞ്ഞതില്‍ താനൊരിക്കലും മാപ്പ് പറയാന്‍ പോകുന്നില്ല എന്നും ഇയാള്‍ പറഞ്ഞു. 

എന്നാല്‍, സംഭവത്തെ തുടര്‍ന്ന് ഇയാളുടെ സദാചാരപൊലീസിംഗ് ചര്‍ച്ചയായി. തുടര്‍ന്ന് ഇയാള്‍ ജോലി ചെയ്യുന്ന മൈറ്റി ഹാന്‍ഡ് കണ്‍സ്ട്രക്ഷനില്‍ നിന്നും ഇയാളെ പിരിച്ചു വിട്ടു. അതിനെ കുറിച്ച് കമ്പനി ഫേസ്ബുക്കില്‍ എഴുതിയത് ഇങ്ങനെ, "വടക്കൻ കൊളറാഡോയിൽ വാരാന്ത്യത്തിൽ ഞങ്ങളുടെ ജീവനക്കാരിലൊരാളായ ലോഗൻ ഡോൺ ഒരു കൂട്ടം വ്യക്തികളെ ഉപദ്രവിച്ചതായി ഇന്ന് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു. ഇന്ന് രാവിലെ ഞങ്ങൾ അന്വേഷണം ആരംഭിച്ചു, ഇത് മിസ്റ്റർ ഡോണിനെ ജോലിയില്‍ നിന്നും പിരിച്ചുവിടാന്‍ കാരണമായി. മൈറ്റി ഹാൻഡ് കൺസ്ട്രക്ഷൻ, വീഡിയോകളിലെ ലോഗന്റെ പെരുമാറ്റത്തെ അംഗീകരിക്കുന്നില്ല. എല്ലാവരോടും അങ്ങേയറ്റം ബഹുമാനത്തോടെയും സ്വീകാര്യതയോടെയും പെരുമാറുന്ന ഒരു ബിസിനസ്സ് സ്ഥലമാകാനാണ് മൈറ്റി ഹാൻഡ് ശ്രമിക്കുന്നത്. ഞങ്ങളുടെ ജീവനക്കാരില്‍ അതിന് വിരുദ്ധമായ പ്രവര്‍ത്തനങ്ങളുണ്ടായാല്‍ അവ വച്ചുപൊറുപ്പിക്കാന്‍ കമ്പനിക്ക് കഴിയില്ല."

കാലമിത്ര പുരോ​ഗമിച്ചിട്ടും ലോകത്തിന്റെ നാനാഭാ​ഗങ്ങളിലും സ്ത്രീകളോടുള്ള പുരുഷന്മാരുടെ സമീപനം എങ്ങനെയാണ് എന്നതിന്റെ ഉദാഹരണമാണ് ഈ സംഭവം. സ്ത്രീകളുടെ വസ്ത്രധാരണരീതികളിൽ അഭിപ്രായം പറയാനുള്ള അധികാരം ആർക്കും ഇല്ല എന്ന് എന്നാണ് ഇനി നമ്മുടെ സമൂഹം മനസിലാക്കാൻ പോകുന്നത്. 

click me!