കൊവിഡിനൊപ്പം പരക്കുന്നു, വെറുപ്പിന്റെ വൈറസുകള്‍

By Web TeamFirst Published Sep 11, 2021, 8:39 PM IST
Highlights

സംഘം ചേരാന്‍ സഹായിക്കുന്ന ഒട്ടേറെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഇന്നുണ്ട്. എന്നാല്‍ ഒളിഞ്ഞ് നിന്ന് നിയന്ത്രിക്കാന്‍ സാധിക്കുന്നത് കൊണ്ട് ഇത്തരം ഗ്രൂപ്പുകള്‍ പ്രതിലോമകരമായി ഉപയോഗിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്.

'

കോവിഡ് ഭീതി കുറയുന്ന മുറക്ക് ഏറെ മുന്‍ഗണന നല്‍കേണ്ടത്, ഈ അകല്‍ച്ച നീക്കാുള്ള പ്രവര്‍ത്തനങ്ങള്‍ക്കായിരിക്ണം. സാമൂഹ്യ സൗഹാര്‍ദ്ദം വീണ്ടെടുക്കപ്പെടണം. അകലം കുറയ്ക്കാനും മാനസികമായി അടുക്കുവാനുമുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യപ്പെടണം. കലാ, കായിക, സാംസ്‌കാരിക വേദികളെല്ലാം ഇതിനു വേണ്ടി ബോധപൂര്‍വ്വം ഉപയോഗിക്കാന്‍ കഴിയും. കലാലയങ്ങളും പൊതുഇടങ്ങളും തുറക്കുന്നതോടെ മനുഷ്യ മനസ്സുകളെ ചേര്‍ത്തു കെട്ടാനുള്ള വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ സര്‍ക്കാറും സാംസ്‌കാരിക സംഘങ്ങളും ആലോചിക്കേണ്ടിയിരിക്കുന്നു.

 

 

സാമൂഹിക അകലം' മനുഷ്യരില്‍ ചേരി തിരിവുകള്‍ ശക്തിപ്പെടുത്തുകയാണോ?

തുടരെത്തുടരെ പൊന്തി വരുന്ന വിവാദങ്ങളും സാമുദായിക ധ്രുവീകരണ പ്രവണതകളും ഭയാനകമായി മാറി കൊണ്ടിരിക്കുമ്പോള്‍ അങ്ങനെ തോന്നിപ്പോകുന്നു.

'കോവിഡ്' മഹാമാരി മനുഷ്യ ശരീരത്തെ ബാധിക്കുന്നതിലും കൂടുതലായി സാമൂഹിക ശരീരത്തെ തകര്‍ത്തു കൊണ്ടിരിക്കുന്നു. 'ശാരീരിക അകലം' ഒരു ജീവിത രീതിയായി പാകപ്പെട്ടതോടെ, മനുഷ്യര്‍ക്കിടയിലുള്ള ജൈവ ബന്ധങ്ങള്‍ നിഷ്‌ക്രമിച്ച് കൊണ്ടിരിക്കുന്നു. പരസ്പരം സ്പര്‍ശിക്കാനും ഒന്നിച്ചിരിക്കാനും കൂട്ടം ചേരാനുമൊക്കെയുള്ള മാനുഷികമായ ചോദനകള്‍ക്ക്മേല്‍ വിലക്ക് വന്നതോടെ ഊഷ്മളമായ സാമൂഹിക ബന്ധങ്ങള്‍ നേര്‍ത്ത് പോയിരിക്കുന്നു. സമൂഹത്തെ വിഭജിക്കാന്‍ പോന്ന വിധമുള്ള സങ്കുചിതത്വവും സാമുദായിക തീവ്രതയും, സാമൂഹിക അകല്‍ച്ചയുടെ മനശാസ്ത്രപരമായ ഉല്‍പ്പന്നങ്ങളായി വിലയിരുത്തേണ്ടിയിരിക്കുന്നു.

മനുഷ്യ ചരിത്രത്തില്‍ മുമ്പുണ്ടായ മഹാമാരികളില്‍ നിന്ന് കോവിഡ് കാലം വ്യത്യസ്തമാകുന്നത്, മാധ്യമങ്ങളുടെ വിശിഷ്യാ സാമൂഹിക മാധ്യമങ്ങളുടെ അതിപ്രസരം കൊണ്ടാണ്. ഭൗതികമായി അകന്നിരിക്കുമ്പോഴും മനുഷ്യരെ കൂട്ടി യോജിപ്പിക്കുന്ന ഘടകമായി വര്‍ത്തിക്കുന്നത് മീഡിയയാണ്. വിവര സങ്കേതങ്ങള്‍ എത്രമേല്‍ വളര്‍ന്നിട്ടുണ്ടെങ്കിലും യന്ത്രത്തിന്റെ മധ്യസ്ഥതയിലുള്ള ആശയ വിനിമയത്തിന് അതിന്റേതായ പരിമിതിയുണ്ട്. അടുപ്പത്തിന്റെ ഒരു പ്രതീതി സൃഷ്ടിക്കാനല്ലാതെ യഥാര്‍ത്ഥ അടുപ്പം സൃഷ്ടിക്കാന്‍ അതിനാകില്ല.

സംഘം ചേരാന്‍ സഹായിക്കുന്ന ഒട്ടേറെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഇന്നുണ്ട്. എന്നാല്‍ ഒളിഞ്ഞ് നിന്ന് നിയന്ത്രിക്കാന്‍ സാധിക്കുന്നത് കൊണ്ട് ഇത്തരം ഗ്രൂപ്പുകള്‍ പ്രതിലോമകരമായി ഉപയോഗിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. വ്യാജ മുഖമണിഞ്ഞ് സംഘങ്ങളെ വഴി തെറ്റിക്കാനും അതുകൊണ്ട് കഴിയും. സോഷ്യല്‍ മീഡിയകള്‍ വഴിയുള്ള സംഘരൂപീകരണങ്ങള്‍ സാമൂഹിക സുസ്ഥിതിക്ക് ഭീഷണി ഉയര്‍ത്തുന്ന വിധം വിഷലാപ്തമായതിന് ഒട്ടേറെ അനുഭവങ്ങള്‍ നമ്മുടെ കണ്‍മുമ്പിലുണ്ട്.

മത, സമുദായ, രാഷ്ട്രീയ സംഘടനകളുടെ സ്വകാര്യ ഗ്രൂപ്പുകള്‍, കുടുംബ ഗ്രൂപ്പുകള്‍, പ്രാദേശിക കൂട്ടായ്മകള്‍ തുടങ്ങിയവ കടുത്ത സങ്കുചിത്വവും കക്ഷിത്വവും വളരാന്‍ കാരണമാകുന്നുണ്ട്. തന്റെ സംഘത്തെ ഏത് നെറികേടും ഉപയോഗിച്ച് ന്യായീകരിക്കുവാന്‍ ഈ ഗ്രൂപ്പുകള്‍ പ്രയോജനപ്പെടുത്തപ്പെടുന്നു. സ്വയം ന്യായീകരണത്തിന് മറുസംഘങ്ങളുടെ കുറ്റങ്ങളും കുറവുകളും മാന്തി കൊണ്ടു വന്നു പ്രചരിപ്പിക്കുന്നു. വസ്തുതാ പരിശോധന കൂടാതെ അര്‍ദ്ധ സത്യങ്ങളും നുണകളും നിര്‍ബാധം ഇതുവഴി ഒഴുക്കി വിടുന്നു. ബോധപൂര്‍വ്വവും അല്ലാതെയും വിവിധ
സാമൂഹിക വിഭാഗങ്ങള്‍ക്കിടയില്‍ കാലുഷ്യം ഇളക്കി വിടുകയാണ് ഈ പ്രചാരങ്ങളുടെ ഫലം.

അവനവന്റെ മതത്തിന്റെ, സമുദായത്തിന്റെ, പാര്‍ട്ടിയുടെ മേന്മയും ഔന്നത്യവും ഉയര്‍ത്തിക്കാട്ടാനും പ്രഘോഷിക്കാനും വേണ്ടി വ്യക്തികള്‍ സോഷ്യല്‍ മീഡിയയെ ഉപയോഗിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ സ്റ്റാറ്റസുകളും പബ്ലിക് പോസ്റ്റുകളും ചിലപ്പോള്‍ വിദ്വേഷജനകമാകുന്നുണ്ട്. നിഷ്‌കളങ്കമായ ഉപദേശങ്ങള്‍ പോലും മറ്റ് ചിലര്‍ക്ക് അരോചകമോയി തോന്നാം. അതിനോടുള്ള മറുപടികളും പ്രതികരണങ്ങളും അനാവശ്യ വാഗ്വാദങ്ങള്‍ സൃഷ്ടിക്കാം. കുടുംബ ഗ്രൂപ്പുകള്‍ പോലും ഇക്കാരണങ്ങളാല്‍ തല്ലിപ്പിരിയുന്ന അനുഭവങ്ങള്‍ നിരവധിയുണ്ട്.

മതസംവാദങ്ങള്‍ എന്ന പേരിലുള്ള പോര്‍വിളികളും കൂട്ടത്തില്‍ എടുത്ത് പറയാതെ വയ്യ. ആരോഗ്യകരമായ സംവാദങ്ങളല്ല, വെല്ലുവിളികളും തെറിവിളിയും വ്യക്തിഹത്യകളുമാണ് അവിടെയെല്ലാം കാണുന്നത്. ഇക്കാര്യത്തില്‍ മതങ്ങള്‍ തമ്മിലുള്ള പോരാട്ടവും മതത്തിനുള്ളിലെ ആഭ്യന്തര തര്‍ക്കങ്ങളും മതവും മതനിഷേധവും തമ്മിലുള്ള ഏറ്റുമുട്ടലും ഒരു വ്യത്യാസവുമില്ല. വിജ്ഞാനമോ വിവേകമോ അല്ല വികാരം മാത്രമാണ് അവിടെ മാറ്റുറയ്ക്കപ്പെടുന്നത്.

തെറിവിളിക്കാനും മറ്റ് പാനലിസ്റ്റുകളുടെ നേരെ കയര്‍ക്കാനും വിവരക്കേടുകള്‍ വിളമ്പാനും തെല്ലും മടിക്കാത്ത വായാടികളാണ്  സാധാരണ വാര്‍ത്താ ചാനലുകളിലെ ഡിബേറ്റുകളില്‍ പരിഗണിക്കപ്പെടാാറുള്ളത്. ടി വി ഡിബേറ്റുകളില്‍ വ്യത്യസ്ത സമുദായങ്ങളോട് പരസ്യമായി വെറുപ്പ് പ്രകടിപ്പിക്കുന്ന ഭാഗങ്ങളുടെ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയകളില്‍ കാലങ്ങളോളം പ്രചരിക്കുന്നു. സമുദായങ്ങള്‍ക്കിടയില്‍ കടുത്ത ഭിന്നതയും വൈരവും വളര്‍ത്തുന്നതില്‍ ഇവ കാരണമാവുന്നുണ്ട്.

കോവിഡ് ഭീതി കുറയുന്ന മുറക്ക് ഏറെ മുന്‍ഗണന നല്‍കേണ്ടത്, ഈ അകല്‍ച്ച നീക്കാുള്ള പ്രവര്‍ത്തനങ്ങള്‍ക്കായിരിക്ണം. സാമൂഹ്യ സൗഹാര്‍ദ്ദം വീണ്ടെടുക്കപ്പെടണം. അകലം കുറയ്ക്കാനും മാനസികമായി അടുക്കുവാനുമുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യപ്പെടണം. കലാ, കായിക, സാംസ്‌കാരിക വേദികളെല്ലാം ഇതിനു വേണ്ടി ബോധപൂര്‍വ്വം ഉപയോഗിക്കാന്‍ കഴിയും. കലാലയങ്ങളും പൊതുഇടങ്ങളും തുറക്കുന്നതോടെ മനുഷ്യ മനസ്സുകളെ ചേര്‍ത്തു കെട്ടാനുള്ള വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ സര്‍ക്കാറും സാംസ്‌കാരിക സംഘങ്ങളും ആലോചിക്കേണ്ടിയിരിക്കുന്നു.

click me!