1.17 കോടി രൂപയ്ക്ക് ലോട്ടറി എടുത്തു, ഒന്ന് പോലും അടിച്ചില്ല; പണം പലിശ സഹിതം തിരികെ ചോദിച്ച് കോടതി കയറി യുവാവ്

Published : Feb 13, 2026, 01:36 PM IST
lottery

Synopsis

ചൈനയിൽ ഒരു മാസത്തിനുള്ളിൽ ലോട്ടറിക്കായി 1.17 കോടി രൂപ ചിലവഴിച്ചു. എന്നാൽ സമ്മാനം ലഭിക്കാതെ വന്നതോടെ യുവാവ്, തുക തിരികെ ആവശ്യപ്പെട്ട് കോടതി കയറി. നഷ്ടസാധ്യത അറിഞ്ഞുകൊണ്ട് ടിക്കറ്റെടുത്ത വ്യക്തിയുടെ പരാതി നിലനിൽക്കില്ലെന്ന് പറഞ്ഞ കോടതി ഹർജി തള്ളി. 

 

ലോട്ടറി അടിക്കാത്തതിനെത്തുടർന്ന് താൻ ചിലവാക്കിയ 1.17 കോടി രൂപ തിരികെ വേണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ച യുവാവിന് തിരിച്ചടി. ചൈനയിലെ അൻഹുയി പ്രവിശ്യയിലുള്ള ഹെഫെ സ്വദേശിയായ 'ഹെ' എന്ന് പേരുള്ള യുവാവാണ് വിചിത്രമായ പരാതിയുമായി കോടതിയിലെത്തിയത്. ലോട്ടറി വിൽപനക്കാരനായ ഷാങ്ങിനും പ്രാദേശിക ലോട്ടറി മാനേജ്‌മെന്‍റ് സെന്‍റിനുമെതിരെയാണ് ഇയാൾ കേസ് നൽകിയത്.

ലോട്ടറിയ്ക്കായി ചെലവഴിച്ചത് 1.17 കോടി

2023 സെപ്റ്റംബറിൽ വെറും ഒരു മാസത്തിനുള്ളിൽ ഇയാൾ ഏകദേശം 9,00,000 യുവാൻ (ഏകദേശം 1.17 കോടി രൂപ) ലോട്ടറി ടിക്കറ്റുകൾക്കായി ചിലവാക്കി. ലോട്ടറി ഏജന്‍റായ ഷാങ്ങിന്‍റെ കടയിൽ നിന്ന് സമൂഹ മാധ്യമ ആപ്പ് വഴിയാണ് ടിക്കറ്റുകൾ തെരഞ്ഞെടുത്തതും പണം കൈമാറിയതും. യുവാവ് പണം നേരിട്ട് ഷാങ്ങിന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് അയക്കുകയും, ഷാങ് ടിക്കറ്റുകൾ എടുത്ത ശേഷം അതിന്‍റെ ഫോട്ടോകൾ ഇയാൾക്ക് അയച്ചു കൊടുക്കുകയുമായിരുന്നു പതിവ്.

ലക്ഷങ്ങൾ മുടക്കിയിട്ടും ഒരു സമ്മാനവും ലഭിക്കാതെ വന്നതോടെയാണ് യുവാവ് കോടതിയെ സമീപിച്ചത്. ലോട്ടറി ടിക്കറ്റുകൾ സമൂഹ മാധ്യമങ്ങൾ വഴി പ്രമോട്ട് ചെയ്തതും വിറ്റതും നിയമവിരുദ്ധമാണെന്ന് ഇയാൾ വാദിച്ചു. അതിനാൽ ഈ വിൽപന കരാർ അസാധുവാക്കണമെന്നും താൻ നൽകിയ മുഴുവൻ തുകയും പലിശ സഹിതം തിരികെ വേണമെന്നും ഇയാൾ കോടതിയിൽ വാദിച്ചു.

ബോധമുള്ളയാൾ, പരാതിയിൽ കഴമ്പില്ല

എന്നാൽ, ഹെഫെയിലെ ബാവോഹെ ഡിസ്ട്രിക്റ്റ് പീപ്പിൾസ് കോടതി ഇയാളുടെ ഹർജി തള്ളിക്കളഞ്ഞു. അമിതമായി പണം ചിലവഴിക്കുന്നതിലെ അപകടസാധ്യതകളെക്കുറിച്ച് ലോട്ടറി ഏജന്‍റായ ഷാങ് യുവാവിന് മുൻകൂട്ടി മുന്നറിയിപ്പ് നൽകിയിരുന്നതായി കോടതി കണ്ടെത്തി. ഈ അപകട സാധ്യതകൾ ബോധ്യമുണ്ടെന്ന് യുവാവ് സമ്മതിച്ചിരുന്നതുമാണ്. പ്രായപൂർത്തിയായ ഒരു വ്യക്തി എന്ന നിലയിൽ, ലോട്ടറി എടുത്താൽ വിജയിക്കുമെന്ന് യാതൊരു ഉറപ്പുമില്ലെന്ന കാര്യം ഇയാൾക്ക് ബോധ്യമുണ്ടാകണമെന്നും ടിക്കറ്റ് എടുക്കാൻ വിൽപനക്കാരൻ ഇയാളെ നിർബന്ധിച്ചതിനോ പ്രലോഭിപ്പിച്ചതിനോ തെളിവുകളില്ലന്നും കോടതി നിരീക്ഷിച്ചു. ഭാഗ്യപരീക്ഷണങ്ങൾ എപ്പോഴും വലിയ സാമ്പത്തിക നഷ്ടത്തിന് സാധ്യതയുള്ളതാണെന്നും, പ്രത്യേകിച്ച് വലിയ തുകകൾ മുടക്കുമ്പോൾ വിവേകത്തോടെയും ജാഗ്രതയോടെയും പെരുമാറണമെന്നും ഓർമിപ്പിച്ചുകൊണ്ടാണ് കോടതി ഇയാളുടെ പരാതി തള്ളിയത്.

 

PREV
Read more Articles on
click me!

Recommended Stories

പ്രതീക്ഷിച്ച റീച്ച് കിട്ടിയില്ല, യൂട്യൂബർ സ്വന്തം സ്റ്റുഡിയോയ്ക്ക് തീയിട്ടു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
2,000 വർഷം പഴക്കം; ഈജിപ്തിൽ കണ്ടെത്തിയ മണ്‍കലത്തിൽ തമിഴ് ബ്രഹ്മി ലിപി !