വിസ സ്റ്റാമ്പിങ് പ്രതിസന്ധി കാരണം നാട്ടിലേക്ക് വരാൻ കഴിയാത്ത അവസ്ഥയില്‍ യുഎസിലെ ഇന്ത്യൻ ദമ്പതികൾ. അമ്മയ്ക്ക് ഗുരുതരമായ കാൻസർ രോഗം ബാധിച്ചതിനാൽ അടിയന്തരമായി നാട്ടിലെത്തേണ്ടതുണ്ട്, എന്നാൽ വിസ സ്റ്റാമ്പ് ചെയ്ത് തിരികെ വരാൻ വൈകിയാൽ ജോലി നഷ്ടപ്പെടുമോ എന്ന ഭയത്തിലാണ് ഇവർ.

യുഎസിലെ കടുത്ത ഇമിഗ്രേഷൻ പരിശോധനകളും വിസ സ്റ്റാമ്പിങ് പ്രതിസന്ധിയും കാരണം നാട്ടിലേക്ക് വരാൻ പോലും കഴിയാതെ ബുദ്ധിമുട്ടുന്ന ഇന്ത്യൻ ദമ്പതികളുടെ നിസ്സഹായാവസ്ഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുന്നത്. ഗുരുതരമായ കാൻസർ ബാധിച്ച് നാട്ടിൽ ചികിത്സയിൽ കഴിയുന്ന അമ്മയെ കാണാൻ രണ്ടുപേർക്കും ഒന്നിച്ച് പോകാൻ കഴിയാത്ത സാഹചര്യത്തെക്കുറിച്ചാണ് ഒരു ഇന്ത്യൻ എച്ച്- വൺ ബി (H-1B) വിസ ഉടമ റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഈ ദമ്പതികൾക്ക് മിഡിൽ സ്കൂളിൽ പഠിക്കുന്ന ഒരു കുട്ടിയും ഒരു ചെറിയ കുഞ്ഞുമുണ്ട്. ഭാര്യയുടെ അമ്മയ്ക്ക് കാൻസർ രോഗം അവസാന ഘട്ടത്തിലായതിനാൽ അടിയന്തരമായി നാട്ടിലെത്തേണ്ടതുണ്ട്. എന്നാൽ ഇരുവരുടെയും എച്ച്- വൺ ബി വിസകൾ പാസ്‌പോർട്ടിൽ സ്റ്റാമ്പ് ചെയ്യേണ്ട കാലാവധി കഴിഞ്ഞിരിക്കുകയാണ്. നിലവിലെ നിയമപ്രകാരം യുഎസിന് പുറത്തുപോയാൽ തിരികെ വരണമെങ്കിൽ എംബസിയിലോ കോൺസുലേറ്റിലോ പോയി വിസ സ്റ്റാമ്പ് ചെയ്യേണ്ടതുണ്ട്.

എന്നാൽ ട്രംപ് ഭരണകൂടം സോഷ്യൽ മീഡിയ സ്ക്രീനിംഗും കർശനമായ ബാക്ക് ​ഗ്രൗണ്ട് പരിശോധനകളും നിർബന്ധമാക്കിയതോടെ വിസ അപ്പോയിന്റ്മെന്റുകൾ ലഭിക്കാൻ മാസങ്ങളുടെ താമസം നേരിടുന്നുണ്ട്. നാട്ടിൽ എത്തിയാൽ വിസ സ്റ്റാമ്പ് ചെയ്ത് കൃത്യസമയത്ത് തിരികെ ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞില്ലെങ്കിൽ രണ്ടുപേരുടെയും ജോലി നഷ്ടപ്പെടുമെന്നതാണ് ഇവരെ ഭയപ്പെടുത്തുന്നത്. ഭാര്യയെ തനിച്ചയക്കണോ അതോ രണ്ട് കുട്ടികളെയും കൂട്ടി രണ്ടുപേരും ഒന്നിച്ച് പോകണോ എന്ന ആശയക്കുഴപ്പത്തിലാണ് ഈ യുവാവ്.

ഈ പോസ്റ്റിന് താഴെ സമ്മിശ്ര പ്രതികരണങ്ങളാണ് പ്രവാസികളിൽ നിന്നും ഉണ്ടാകുന്നത്. ചിലർ പറയുന്നത് ജോലി നഷ്ടപ്പെട്ടാലും അമ്മയെ കാണാൻ ഒന്നിച്ച് പോകണമെന്നാണ്. പുലർച്ചെ 2 മണിക്കും 3 മണിക്കും ഒക്കെ വെബ്‌സൈറ്റ് പരിശോധിച്ച് അടിയന്തര അപ്പോയിന്റ്മെന്റുകൾ കണ്ടെത്താൻ ശ്രമിക്കണമെന്നും ഇവർ നിർദ്ദേശിക്കുന്നു. എന്നാൽ മറ്റ് ചിലർ നൽകുന്ന ഉപദേശം റിസ്ക് എടുക്കരുതെന്നും, ഭാര്യ മാത്രം നാട്ടിലേക്ക് പോകുകയും ഭർത്താവ് കുട്ടികളോടൊപ്പം യുഎസിൽ തുടരുകയുമാണ് ബുദ്ധിയെന്നുമാണ്. ഒരാൾക്ക് വിസ അപ്പോയിന്റ്മെന്റ് ലഭിക്കാൻ കൂടുതൽ എളുപ്പമാണെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, നിയമങ്ങൾ കർശനമാണെങ്കിലും രേഖകൾ കൃത്യമാണെങ്കിൽ പേടിക്കേണ്ടതില്ലെന്നും സുരക്ഷിതമായി തിരികെ വരാൻ കഴിയുമെന്നും അനുഭവിച്ചറിഞ്ഞ ചിലർ ആശ്വാസം പങ്കുവെക്കുന്നുമുണ്ട്.