വിമാനത്താവളത്തിലെ കടയിൽ നിന്ന് ഇയർബഡ്‌സ് മോഷ്ടിച്ചു; 3 മാസത്തിന് ശേഷം വീണ്ടുമെത്തിയപ്പോൾ പിടിയിൽ

Published : Nov 17, 2026, 06:38 PM IST
man held 3 months after stealing earbuds at changi airport

Synopsis

കടയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, രാവിലെ 10.20-ഓടെ ഒരാൾ ഇയർബഡ്‌സ് എടുത്ത് പണം നൽകാതെ കടയിൽ നിന്ന് ഇറങ്ങിപ്പോകുന്നതായി കണ്ടെത്തി.

ചാംഗി വിമാനത്താവളത്തിലെ ട്രാൻസിറ്റ് ഏരിയയിലുള്ള കടയിൽ നിന്ന് 347.71 സിംഗപ്പൂർ ഡോളർ (ഏകദേശം 22,000-ത്തിലധികം ഇന്ത്യൻ രൂപ) വിലമതിക്കുന്ന ഇയർബഡ്‌സ് മോഷ്ടിച്ച കേസിൽ 38-കാരനായ ഹോങ്കോങ് സ്വദേശി അറസ്റ്റിലായി. മോഷണം നടന്ന് ഏകദേശം മൂന്ന് മാസത്തിന് ശേഷം, ഒക്ടോബർ 29-ന് മറ്റൊരു യാത്രയ്ക്കിടെ വീണ്ടും വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ഇയാൾ പൊലീസിന്റെ പിടിയിലായത്.

സിംഗപ്പൂർ പൊലീസ് ഫോഴ്‌സ് നവംബർ 16-ന് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, പ്രതിയെ നവംബർ 17-ന് കോടതിയിൽ ഹാജരാക്കും.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

മോഷണം കണ്ടെത്തിയത് സ്റ്റോക്ക് പരിശോധനയിൽ

ഓഗസ്റ്റ് രണ്ടിന് ചാംഗി വിമാനത്താവളത്തിലെ ടെർമിനൽ 1-ലെ ഒരു റീട്ടെയിൽ ഔട്ട്‌ലെറ്റിലായിരുന്നു സംഭവം. കടയിലെ ജീവനക്കാരൻ സാധനങ്ങളുടെ സ്റ്റോക്ക് പരിശോധിക്കുന്നതിനിടെയാണ് ഡിസ്‌പ്ലേ ഷെൽഫിൽ നിന്ന് ഒരു ബോക്‌സ് ഇയർബഡ്‌സ് നഷ്ടപ്പെട്ട വിവരം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഉച്ചയ്ക്ക് 12.30-ഓടെ അധികൃതരെ വിവരമറിയിച്ചു.

കടയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, രാവിലെ 10.20-ഓടെ ഒരാൾ ഇയർബഡ്‌സ് എടുത്ത് പണം നൽകാതെ കടയിൽ നിന്ന് ഇറങ്ങിപ്പോകുന്നതായി കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും, പിടികൂടുന്നതിന് മുൻപ് തന്നെ ഇയാൾ സിംഗപ്പൂർ വിട്ടിരുന്നു.

തിരികെയെത്തിയപ്പോൾ വലയിലായി

സംഭവത്തിന് മൂന്ന് മാസത്തിന് ശേഷം ഒക്ടോബർ 29-ന് ഇയാൾ വീണ്ടും ചാംഗി വിമാനത്താവളം വഴി യാത്ര ചെയ്യാനെത്തിയതാണ് കേസിൽ വഴിത്തിരിവായത്. എയർപോർട്ട് പൊലീസ് ഡിവിഷനിലെ ഉദ്യോഗസ്ഥർ ആസൂത്രിതമായ നീക്കത്തിലൂടെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സിംഗപ്പൂർ പീനൽ കോഡ് 1871-ലെ സെക്ഷൻ 380 പ്രകാരം മോഷണക്കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയത്. കുറ്റം തെളിയിക്കപ്പെട്ടാൽ ഏഴ് വർഷം വരെ തടവോ പിഴയോ, അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

പൊലീസിന്റെ മുന്നറിയിപ്പ്

കടകളിലെ മോഷണങ്ങളെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്നും സിംഗപ്പൂർ പൊലീസ് വ്യക്തമാക്കി. വിമാനത്താവളത്തിലെ കടകളിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ച ശേഷം രാജ്യം വിടുന്ന യാത്രക്കാരുടെ സമാനമായ കേസുകൾ മുൻപും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സിസിടിവി സാങ്കേതികവിദ്യയിലുണ്ടായ മുന്നേറ്റം കാരണം, പ്രതികൾ രാജ്യം വിട്ടാലും അവരെ കൃത്യമായി തിരിച്ചറിയാൻ സാധിക്കുമെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. സിംഗപ്പൂർ വിട്ടുപോകുന്നത് കൊണ്ട് മാത്രം അന്വേഷണത്തിൽ നിന്നോ നിയമനടപടികളിൽ നിന്നോ രക്ഷപ്പെടാൻ കഴിയില്ലെന്നും അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്.

PREV
Read more Articles on
click me!

Recommended Stories

'വിവാഹബന്ധം തകരാൻ കാരണക്കാരി'; അലര്‍ജിയുള്ള യുവതിക്ക് പീനട്ട് ബട്ടർ പുരട്ടിയ കാർഡയച്ച് 68-കാരൻ!
വനംവകുപ്പ് ഉദ്യോഗസ്ഥരെ കാത്തിരുന്ന് മടുത്തു; ഒടുവിൽ മുതലയെ പിടികൂടി ദമ്പതികൾ!