വനംവകുപ്പ് ഉദ്യോഗസ്ഥരെ കാത്തിരുന്ന് മടുത്തു; ഒടുവിൽ മുതലയെ പിടികൂടി ദമ്പതികൾ!

Published : Nov 17, 2026, 04:12 PM IST
woman caught crocodile

Synopsis

മധ്യപ്രദേശിലെ ജബൽപൂരിൽ മീൻ കുളത്തിൽ കണ്ടെത്തിയ നാലടി നീളമുള്ള മുതലയെ കർഷകയായ യുവതിയും ഭർത്താവും ചേർന്ന് പിടികൂടി. വനംവകുപ്പിനെ വിവരമറിയിച്ചിട്ടും സമയത്ത് എത്താത്തതിനെ തുടർന്നാണ് ഇവർ ജീവൻ പണയം വെച്ച് സ്വന്തമായി മുതലയെ പിടിച്ച് ഉദ്യോഗസ്ഥർക്ക് കൈമാറിയത്.

വനംവകുപ്പ് ഉദ്യോഗസ്ഥരെ എത്രനേരം കാത്തിരിക്കാനാകും? കാത്തിരിപ്പ് മതിയാക്കി നാലടി നീളമുള്ള മുതലയെ സ്വയം പിടികൂടി വനംവകുപ്പിന് കൈമാറി മധ്യപ്രദേശിലെ ഒരു കർഷക വനിത. ജബൽപൂർ ഖമാരിയ പൊലീസ് സ്റ്റേഷൻ പരിധിയിലെ സൺപൂർ ഘാന ഗ്രാമത്തിലാണ് സംഭവം. ഗ്രാമവാസികളെയും കർഷകരെയും ഒരുപോലെ പരിഭ്രാന്തരാക്കിയ മുതലയെയാണ് യുവതി സ്വയം പിടികൂടിയത്.

മീൻ കുളത്തിലെ മുതല

ഗ്രാമത്തിലെ കർഷകനായ ലക്പത് യാദവിന്‍റെ കൃഷിയിടത്തിലെ മീൻ കുളത്തിലാണ് നാലടി നീളമുള്ള മുതലയെ കണ്ടെത്തിയത്. കുളത്തിലുണ്ടായിരുന്ന മീനുകളെ കാണാതാവുകയും വെള്ളത്തിൽ ചത്ത മത്സ്യങ്ങളുടെ അവശിഷ്ടങ്ങൾ ഒഴുകിനടക്കുകയും ചെയ്തതോടെ നടത്തിയ പരിശോധനയിലാണ് മുതലയെ കണ്ടെത്തുന്നത്.

ലക്പത് യാദവ് ഉടൻ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചെങ്കിലും സഹായത്തിനായി ആരും സ്ഥലത്തെത്തിയില്ല. ഗ്രാമവാസികൾക്കിടയിൽ ഭീതി വർധിച്ചതോടെ, കാത്തിരിപ്പ് അവസാനിപ്പിച്ച് യാദവും ഭാര്യയും ചേർന്ന് സ്വന്തമായി മുതലയെ പിടികൂടാൻ തീരുമാനിക്കുകയായിരുന്നു.

പിടികൂടി വനംവകുപ്പിനെ ഏൽപ്പിച്ചു

തുടർന്ന് ഇരുവരും ചേർന്ന്കുളത്തിൽ വല വിരിച്ച് ഏറെ പരിശ്രമത്തിനൊടുവിൽ മുതലയെ കുടുക്കുകയായിരുന്നു. പിടികൂടിയതിന് പിന്നാലെ യാദവിന്റെ ഭാര്യ നാലടി നീളമുള്ള ആ മുതലയെ നേരിട്ട് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അടുത്തെത്തിച്ച് കൈമാറുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

വന്യജീവി രക്ഷാപ്രവർത്തനങ്ങളിൽ വനംവകുപ്പിന്‍റെ ഭാഗത്തുനിന്നുണ്ടാകുന്ന അനാസ്ഥയ്ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. വിവരം നൽകിയിട്ടും ഉദ്യോഗസ്ഥർ സമയത്ത് സ്ഥലത്തെത്താത്തതിനാലാണ് ജീവൻ പണയം വെച്ച് ഇത്തരമൊരു അപകടകരമായ നീക്കം നടത്തേണ്ടിവന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.

വനംവകുപ്പിന്‍റെ മുന്നറിയിപ്പ്

അതേസമയം, പരിശീലനം ലഭിക്കാത്തവർ വന്യമൃഗങ്ങളെ സ്വയം പിടികൂടാൻ ശ്രമിക്കുന്നത് വലിയ അപകടങ്ങൾക്ക് വഴിവെക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. മുതലകളെപ്പോലെയുള്ള വന്യമൃഗങ്ങളെ പിടികൂടുന്നത് അതീവ അപകടകരമായ നടപടിയാണെന്നും ഇത്തരം രക്ഷാപ്രവർത്തനങ്ങൾ പരിശീലനം ലഭിച്ച വിദഗ്ധ സംഘങ്ങളുടെ നേതൃത്വത്തിൽ മാത്രമേ നടത്താവൂ എന്നും അധികൃതർ ഓർമ്മിപ്പിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

'ശമ്പളം കുറഞ്ഞാലും വേണ്ടില്ല, ശുദ്ധവായു മതി'; മലിനീകരണം കാരണം വടക്കേ ഇന്ത്യ വിടാൻ അക്കാദമിക് വിദഗ്ധർ; ചർച്ചയായി മുൻ പ്രൊഫസറുടെ കുറിപ്പ്
ഭാര്യ ജോലിക്ക് പോയി കാശുണ്ടാക്കട്ടെ, വീട്ടിലെ എല്ലാ ജോലിയും താൻ ചെയ്യാം; വധുവിനെ തേടി യുവാവ്, കുട്ടികള്‍ വേണ്ട