'വിവാഹബന്ധം തകരാൻ കാരണക്കാരി'; അലര്‍ജിയുള്ള യുവതിക്ക് പീനട്ട് ബട്ടർ പുരട്ടിയ കാർഡയച്ച് 68-കാരൻ!

Published : Nov 17, 2026, 04:44 PM IST
peanut butter

Synopsis

കവർ തുറന്നു നോക്കിയപ്പോൾ അകത്തെ ആശംസാകാർഡിൽ തവിട്ടുനിറത്തിലുള്ള പദാർത്ഥം പുരട്ടിയ നിലയിലായിരുന്നു. അത് പീനട്ട് ബട്ടറാണെന്ന് തിരിച്ചറിഞ്ഞ യുവതി ഉടൻ തന്നെ കവർ താഴെയിട്ട് വീടിനുള്ളിലേക്ക് ഓടിക്കയറി കൈകൾ കഴുകുകയും സഹായം തേടുകയും ചെയ്തു.

നിലക്കടലയോട് മാരകമായ അലർജിയുള്ള യുവതിക്ക് പീനട്ട് ബട്ടർ പുരട്ടിയ ആശംസാകാർഡ് അയച്ച കേസിൽ ഫ്ലോറിഡ സ്വദേശിയായ 68 -കാരൻ അറസ്റ്റിൽ. ജോസഫ് ജെറാർഡ് കാൻസെല്ലാരെ ആണ് പിടിയിലായത്. തന്റെ വിവാഹബന്ധം തകരാൻ കാരണം ഈ യുവതിയാണെന്നാണ് ഇയാളുടെ ആരോപണം. ആ വൈരാഗ്യമാണ് ക്രൂരമായ ഈ പ്രവൃത്തിക്ക് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളുടെ മുൻഭാര്യയുടെ അടുത്ത സുഹൃത്താണ് പരാതിക്കാരി.

2025 ഓഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം. ഒരു വർഷത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിൽ 2026 നവംബർ 13 -നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പ്ലാന്റേഷൻ പൊലീസ് ഡിപ്പാർട്ട്‌മെന്റ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

സംഭവം ഇങ്ങനെ

2025 ഓഗസ്റ്റ് 14-ന് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ യുവതി വീടിന് പുറത്ത് നീലനിറത്തിലുള്ള ഒരു കവർ കിടക്കുന്നത് കണ്ടു. എണ്ണമയമുള്ള കവറിൽ തന്റെ പഴയ മേൽവിലാസമാണ് എഴുതിയിരുന്നതെന്ന് യുവതി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. കവർ തുറന്നു നോക്കിയപ്പോൾ അകത്തെ ആശംസാകാർഡിൽ തവിട്ടുനിറത്തിലുള്ള പദാർത്ഥം പുരട്ടിയ നിലയിലായിരുന്നു. അത് പീനട്ട് ബട്ടറാണെന്ന് തിരിച്ചറിഞ്ഞ യുവതി ഉടൻ തന്നെ കവർ താഴെയിട്ട് വീടിനുള്ളിലേക്ക് ഓടിക്കയറി കൈകൾ കഴുകുകയും സഹായം തേടുകയും ചെയ്തു.

എന്നാൽ, അപ്പോഴേക്കും യുവതിയുടെ ഇരുകൈകളിലും അലർജി മൂലമുള്ള തിണർപ്പുകൾ പ്രത്യക്ഷപ്പെടുകയും ആറ് മണിക്കൂറോളം അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്തു. നിലക്കടലയുമായി നേരിട്ട് സമ്പർക്കമുണ്ടായാലോ, അതിന്റെ അംശം ശ്വസിച്ചാലോ പോലും ജീവൻ നഷ്ടപ്പെടാൻ സാധ്യതയുള്ളത്ര ഗുരുതരമായ അലർജിയാണ് തനിക്കുള്ളതെന്ന് യുവതി പൊലീസിനെ അറിയിച്ചു. 2017-ലെ പൊലീസ് രേഖകളും മെഡിക്കൽ റിപ്പോർട്ടുകളും ഇത് ശരിവെക്കുന്നുണ്ട്.

പ്രതി കുടുങ്ങിയത് സ്റ്റാമ്പിലൂടെ

യുഎസ് പോസ്റ്റൽ ഇൻസ്പെക്ടറുമായി ചേർന്ന് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്കെത്തിയത്. കവറിൽ ഒട്ടിച്ചിരുന്ന രണ്ട് സ്റ്റാമ്പുകൾ പരിശോധിച്ചതിൽ നിന്നും, അവ 2025 ഓഗസ്റ്റ് 8-ന് ഡേവി പോസ്റ്റ് ഓഫീസിലെ സെൽഫ് സർവീസ് കിയോസ്കിൽ നിന്നാണ് വാങ്ങിയതെന്ന് കണ്ടെത്തി. സ്റ്റാമ്പിലെ 15 അക്ക കോഡ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ, കാൻസെല്ലാരെയുടെ പേരിലുള്ള വിസ കാർഡ് ഉപയോഗിച്ചാണ് പണമടച്ചതെന്ന് വ്യക്തമായി.

കിയോസ്കിലെ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്ന് പരാതിക്കാരിയും മറ്റ് പരിചയക്കാരും പ്രതിയെ തിരിച്ചറിഞ്ഞു.

കരുതിക്കൂട്ടിയുള്ള ആക്രമണം

പ്രതിയും യുവതിയും തമ്മിൽ രണ്ട് പതിറ്റാണ്ടിലേറെയായി പരിചയമുണ്ട്. യുവതിയുടെ ഗുരുതരമായ അലർജിയെക്കുറിച്ച് ഇയാൾക്ക് കൃത്യമായ അറിവുണ്ടായിരുന്നു. വിവാഹമോചനവുമായി ബന്ധപ്പെട്ട തർക്കങ്ങളെത്തുടർന്ന്, ഇതിന് കാരണക്കാരായവരെ ഉപദ്രവിക്കുമെന്ന് ഇയാൾ സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായും മൊഴിയുണ്ട്.

ആരെയും സംശയം തോന്നാതിരിക്കാൻ സ്വന്തം നഗരത്തിന് പുറത്തുള്ള പോസ്റ്റ് ഓഫീസിൽ സൺഗ്ലാസ് ധരിച്ചെത്തിയാണ് ഇയാൾ സ്റ്റാമ്പ് വാങ്ങിയത്. കവറിൽ വ്യാജപേരും മേൽവിലാസവുമാണ് നൽകിയിരുന്നത്. യുവതിക്ക് ഗുരുതരമായ പരിക്കോ മരണമോ സംഭവിക്കുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഇയാൾ ഇത് ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്രതിയെ ബ്രോവാർഡ് ഷെരീഫ് ഓഫീസ് ജയിലിലേക്ക് മാറ്റി.

PREV
Read more Articles on
click me!

Recommended Stories

വനംവകുപ്പ് ഉദ്യോഗസ്ഥരെ കാത്തിരുന്ന് മടുത്തു; ഒടുവിൽ മുതലയെ പിടികൂടി ദമ്പതികൾ!
'ശമ്പളം കുറഞ്ഞാലും വേണ്ടില്ല, ശുദ്ധവായു മതി'; മലിനീകരണം കാരണം വടക്കേ ഇന്ത്യ വിടാൻ അക്കാദമിക് വിദഗ്ധർ; ചർച്ചയായി മുൻ പ്രൊഫസറുടെ കുറിപ്പ്