
ഭാര്യയ്ക്ക് മറ്റൊരാളുമായുള്ള ബന്ധം പുറത്തുകൊണ്ടുവരാൻ റോബോട്ട് വാക്വം ക്ലീനർ ഉപയോഗിച്ച ഭർത്താവിന് സിവിൽ കേസിൽ അനുകൂല വിധി ലഭിച്ചെങ്കിലും, സ്വകാര്യ ദൃശ്യങ്ങൾ രഹസ്യമായി ചിത്രീകരിച്ചതിന് തടവുശിക്ഷ. തായ്‌വാൻ പ്രാദേശിക മാധ്യമങ്ങളാണ് കോടതിവിധിയെ ഉദ്ധരിച്ച് ഈ സംഭവം റിപ്പോർട്ട് ചെയ്തത്. 2021-ൽ വിവാഹിതനായ ഇയാൾ മാതാപിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. അവധിക്കാലത്താണ് ഇയാളും ഭാര്യയും സ്വന്തം അവധിക്കാല വസതിയിലേക്ക് പോയിരുന്നത്.
2023 സെപ്റ്റംബറിൽ ഈ വസതിയിൽ നിന്ന് ഉപയോഗിച്ച ഒരു ടൂത്ത് ബ്രഷ് കണ്ടുകിട്ടിയതോടെയാണ് ഭർത്താവിന് ഭാര്യയിൽ സംശയം തോന്നിത്തുടങ്ങിയത്. തുടർന്ന് പാർക്കിംഗ് ഗാരേജിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, മുമ്പൊരിക്കൽ ഭാര്യയെ വീട്ടിൽ കൊണ്ടുവിട്ട അപരിചിതനായ ഒരു പുരുഷനെ ഇയാൾ കണ്ടെത്തുകയായിരുന്നു.
മൂന്ന് മാസങ്ങൾക്ക് ശേഷം, മൊബൈൽ ആപ്പ് വഴി ഭർത്താവ് ഈ വീട്ടിലെ റോബോട്ട് വാക്വം ക്ലീനർ ഓൺ ചെയ്തു. ഉപയോക്താക്കൾക്ക് സംസാരിക്കാൻ സാധിക്കുന്ന ശബ്ദസംവിധാനവും ഈ ഉപകരണത്തിലുണ്ടായിരുന്നു.
ഭാര്യയോട് സംസാരിക്കാനായി കണക്റ്റ് ചെയ്തെങ്കിലും, ലൈവ് ഫീഡിലൂടെ ഭാര്യ അപരിചിതനായ പുരുഷനൊപ്പം വീട്ടിനുള്ളിൽ സമയം ചെലവഴിക്കുന്നത് ഭർത്താവിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇയാൾ ഈ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യുകയും, തന്റെ ദാമ്പത്യത്തിലെ അവകാശങ്ങൾ ലംഘിക്കപ്പെട്ടുവെന്ന് കാട്ടി ഭാര്യക്കും കാമുകനുമെതിരെ തെളിവായി സിവിൽ കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
തുടക്കത്തിൽ 20 ലക്ഷം തായ്‌വാൻ ഡോളറാണ് (ഏകദേശം 60 ലക്ഷം രൂപ) ഇയാൾ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. ഇരുവരും തമ്മിലുള്ള ബന്ധം സാധാരണ സൗഹൃദത്തിന് അപ്പുറമാണെന്ന് വിലയിരുത്തിയ സിവിൽ കോടതി, ഭർത്താവിന് 5 ലക്ഷം തായ്‌വാൻ ഡോളർ (ഏകദേശം 15 ലക്ഷം രൂപ) നഷ്ടപരിഹാരം നൽകാൻ ഭാര്യയോടും കാമുകനോടും ഉത്തരവിട്ടു. എന്നാൽ, കേസ് ജയിച്ചെങ്കിലും ഭർത്താവിന്റെ ആശ്വാസം അധികകാലം നീണ്ടുനിന്നില്ല. തെളിവുകൾ ശേഖരിച്ച രീതിയെച്ചൊല്ലി ഇയാൾക്ക് മറ്റൊരു നിയമപോരാട്ടം നേരിടേണ്ടി വന്നു.
തന്റെ സമ്മതമില്ലാതെ സ്വകാര്യദൃശ്യങ്ങൾ രഹസ്യമായി ചിത്രീകരിച്ചുവെന്ന് കാട്ടി ഭാര്യ ഭർത്താവിനെതിരെ പരാതി നൽകി. സിവിൽ കേസിൽ തെളിവായി കോടതി സ്വീകരിച്ചതിനാലാണ് ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തതെന്ന വാദമാണ് ഭർത്താവ് ഉയർത്തിയത്. പക്ഷേ, കോടതി ഈ വാദം തള്ളി. ദാമ്പത്യത്തിലെ കടമകൾ വ്യക്തിയുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തിന് മീതെയല്ലെന്ന് കോടതി വ്യക്തമാക്കി. യുവതി ക്യാമറ നിരീക്ഷണത്തിലാണെന്ന കാര്യം അറിഞ്ഞിരുന്നു എന്നതിനോ ഇതിന് സമ്മതം നൽകിയിരുന്നു എന്നതിനോ തെളിവല്ലെന്നും കോടതി നിരീക്ഷിച്ചു.
അനധികൃതമായി സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിച്ചതിന് ഭർത്താവിന് ഒടുവിൽ 5 മാസം തടവുശിക്ഷയും 1.5 ലക്ഷം തായ്‌വാൻ ഡോളർ (ഏകദേശം 4.5 ലക്ഷം രൂപ) പിഴയും വിധിച്ചു. തായ്‌വാൻ നിയമപ്രകാരം, ഒരാളുടെ അനുവാദമില്ലാതെ സ്വകാര്യ വിവരങ്ങളോ പ്രവർത്തനങ്ങളോ രഹസ്യമായി ചിത്രീകരിക്കുകയോ പുറത്തുവിടുകയോ ചെയ്യുന്നത് മൂന്ന് വർഷം വരെ തടവും 3 ലക്ഷം തായ്‌വാൻ ഡോളർ (ഏകദേശം 9 ലക്ഷം രൂപ) വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.