അച്ഛനും ജോലിക്കാരൻ, ശമ്പളം രണ്ട് ലക്ഷം! 16 -ാം വയസിൽ സ്വന്തം കമ്പനിയുമായി കൊച്ചിക്കാരൻ റൗൾ

Published : Aug 27, 2026, 01:45 PM IST
Raul John Aju

Synopsis

കൊച്ചി സ്വദേശിയായ 16-കാരൻ റൗൾ ജോൺ അജു, "ഇന്ത്യയുടെ എഐ കിഡ്" എന്ന പേരിൽ പ്രശസ്തനായിരിക്കുകയാണ്. പഠനത്തോടൊപ്പം ഒരു എഐ സ്റ്റാർട്ടപ്പ് വിജയകരമായി നടത്തുന്ന റൗൾ, സ്വന്തം അച്ഛനെ കമ്പനിയിൽ ജീവനക്കാരനാക്കി മാസം 2 ലക്ഷം രൂപ ശമ്പളം നൽകുന്നു. 'തിങ്ക്ക്രാഫ്റ്റ് അക്കാഡമി'യിലൂടെ ലക്ഷക്കണക്കിന് ആളുകൾക്ക് പരിശീലനം നൽകുന്നു.

നിർമ്മിത ബുദ്ധിയുടെ (Artificial Intelligence) ലോകത്ത് അത്ഭുതം സൃഷ്ടിക്കുകയാണ് കൊച്ചി സ്വദേശിയായ 16 -കാരൻ റൗൾ ജോൺ അജു. കൊച്ചി കുന്നുംപുറം നോർത്ത് ഇടപ്പള്ളി ജിഎച്ച്എസ്എസിൽ പന്ത്രണ്ടാം ക്ലാസ് കോമേഴ്സ് വിദ്യാർത്ഥിയായ റൗൾ, പഠനത്തോടൊപ്പം തന്നെ വിജയകരമായി ഒരു എഐ സ്റ്റാർട്ടപ്പും നടത്തിവരുന്നു. "ഇന്ത്യയുടെ എഐ കിഡ്" (AI Kid of India) എന്ന പേരിൽ അറിയപ്പെടുന്ന ഈ കൗമാരക്കാരൻ, പുത്തൻ എഐ ടൂളുകൾ വികസിപ്പിച്ചും ലക്ഷക്കണക്കിന് ആളുകൾക്ക് പരിശീലനം നൽകിയുമാണ് സാങ്കേതിക ലോകത്ത് ശ്രദ്ധേയനായത്.

വീഡിയോ എഡിറ്റിംഗിലൂടെ എഐ ലോകത്തേക്ക്

വീഡിയോ എഡിറ്റിംഗിലൂടെയാണ് സാങ്കേതിക വിദ്യയിലേക്ക് താൻ ആകർഷിക്കപ്പെട്ടതെന്ന് റൗൾ പറയുന്നു. "അച്ഛന് അഡോബിയിൽ (Adobe) ജോലി ലഭിച്ചതോടെ അവരുടെ പ്രീമിയം ടൂളുകൾ സൗജന്യമായി ഉപയോഗിക്കാൻ എനിക്ക് സാധിച്ചു. ഇതാണ് എഐയെക്കുറിച്ച് കൂടുതൽ പഠിക്കാൻ വഴിത്തിരിവായത്. പിന്നീട് സ്‌കൂൾ സയൻസ് ഫെയറിനായി 'മീബോട്ട്' (MeBot) എന്ന റോബോട്ടിനെ നിർമ്മിക്കുകയും ചെയ്തു," യുഎൻ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അഭിമുഖത്തിൽ റൗൾ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

അച്ഛനും ജോലിക്കാരൻ, ശമ്പളം രണ്ട് ലക്ഷം!

ഭൂരിഭാഗം കുട്ടികളും പോക്കറ്റ് മണിക്കായി മാതാപിതാക്കളെ ആശ്രയിക്കുന്ന പ്രായത്തിലാണ് റൗൾ സ്വന്തം അച്ഛനെ തന്‍റെ കമ്പനിയിൽ ജീവനക്കാരനാക്കി മാസം 2 ലക്ഷം രൂപ ശമ്പളം നൽകുന്നത്. ഒൻപതാം വയസ്സിൽ സ്വയം പഠിച്ചാണ് റൗൾ എഐ രംഗത്തേക്ക് കടന്നുവരുന്നത്. ഇന്ന് 15 ജീവനക്കാരും ലോകമെമ്പാടുമായി അഞ്ച് ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിയ പശ്ചാത്തലവുമുള്ള ഒരു സ്ഥാപനമായി റൗളിന്‍റെ സംരംഭം വളർന്നു കഴിഞ്ഞു. ആമസോൺ, അഡോബി, വിപ്രോ, ഐ.ബി.എം തുടങ്ങിയ പ്രമുഖ കമ്പനികളിൽ പ്രവർത്തിച്ച് പരിചയമുള്ള അച്ഛന്‍റെ അനുഭവസമ്പത്ത് കമ്പനിക്ക് ഏറെ പ്രയോജനപ്പെടുമെന്നതിനാലാണ് അദ്ദേഹത്തെ ജോലിക്ക് എടുത്തതെന്ന് റൗൾ കൂട്ടിച്ചേർത്തു. കൂടാതെ, ഇത് കമ്പനിയുടെ ബ്രാൻഡിംഗിനും വലിയ രീതിയിൽ സഹായകരമായി.

തിങ്ക്ക്രാഫ്റ്റ് അക്കാഡമി

റൗളിന്‍റെ സ്റ്റാർട്ടപ്പായ 'എഐ ടെക്നോളജീസ്' നടത്തുന്ന 'തിങ്ക്ക്രാഫ്റ്റ് അക്കാഡമി' (ThinkCraft Academy) വഴി ഐ.ഐ.ടി, ഐ.ഐ.എം, പ്രമുഖ വിദേശ സർവ്വകലാശാലകൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും കോർപ്പറേറ്റ് ജീവനക്കാരും എഐ സ്കില്ലുകൾ അഭ്യസിക്കുന്നുണ്ട്. RESQ AI, MeBot, ZapGap, Investo AI, FeedFye തുടങ്ങി യഥാർത്ഥ ജീവിതത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന 15 -ഓളം എഐ ടൂളുകൾ റൗൾ ഇതിനോടകം വികസിപ്പിച്ചിട്ടുണ്ട്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദഗ്ദ്ധർ റിമോട്ടായി ജോലി ചെയ്യുന്ന ഈ സംരംഭത്തിന് വലിയ അന്താരാഷ്ട്ര ശ്രദ്ധയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

ബെംഗളൂരുവിലെ ‘ഏറ്റവും വരുമാനമുള്ള തൊഴിലുകൾ’! യുവതിയുടെ വൈറൽ പട്ടികയും റിയൽ എസ്റ്റേറ്റ് ചർച്ചകളും
'കൈ പിടിക്കാൻ ശ്രമിച്ചു, പക്ഷേ അവൾ പോയി'; നോക്കിനിൽക്കെ മണ്ണിനടിയിലായ ഭാര്യയെ രക്ഷിക്കാനാകാതെ 68 -കാരൻ, ദുരന്തഭൂമിയായി നേപ്പാൾ