
സ്വന്തം മകനെ വിവാഹം കഴിയ്ക്കാൻ വിസമ്മതിച്ച 20 -കാരിയായ മരുമകളെ അമ്മാവൻ കൊലപ്പെടുത്തി. യുകെ സ്വദേശിയായ മുഹമ്മദ് തരൂസ് ഖാൻ എന്ന 53 -കാരനാണ് ഇത്തരത്തിൽ ഒരു ക്രൂരകൃത്യം ചെയ്തത്. ലീഡ്‌സ് ബെക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ബയോമെഡിക്കൽ വിദ്യാർത്ഥിനിയായ സോമയ്യ ബീഗം എന്ന 20 -കാരിയെയാണ് ഇയാൾ ക്രൂരമായി കൊലപ്പെടുത്തിയത്.
പെൺകുട്ടിയുടെ മൃതദേഹം ഒരു മാലിന്യക്കൂമ്പാരത്തിന് സമീപത്ത് നിന്നുമാണ് കണ്ടെത്തിയത്. മുഖം തിരിച്ചറിയാൻ സാധിക്കാത്ത വിധമാണ് മൃതദേഹം കണ്ടെത്തിയതെങ്കിലും ശാസ്ത്രീയ പരിശോധനയിൽ പിന്നീട് പെൺകുട്ടിയെ തിരിച്ചറിയുകയായിരുന്നു. തന്റെ അമ്മാവനായ മുഹമ്മദ് തരൂസ് ഖാൻ അയാളുടെ മകനുമായുള്ള വിവാഹത്തിന് തന്നെ നിരന്തരം നിർബന്ധിക്കുന്നതായി കൊല്ലപ്പെടുന്നതിന് മുൻപ് പെൺകുട്ടി അവളുടെ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.
കൊലപാതകം നടത്തിയത് മുഹമ്മദ് തരൂസ് ഖാൻ തന്നെയാണെന്ന് കണ്ടെത്തിയ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ലഭ്യമായ സിസിടിവി തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇയാളുടെ അറസ്റ്റ്. പെൺകുട്ടിയെ തട്ടികൊണ്ട് പോയ ഇയാൾ ക്രൂരമായി മർദ്ദിച്ച് കൊലപെടുത്തിയതിന് ശേഷം ഒരു മാലിന്യക്കൂമ്പാരത്തിൽ തള്ളുകയായിരുന്നു.
ക്രൂരമായ കുറ്റകൃത്യം എന്ന് വിലയിരുത്തിയ ബ്രാഡ്ഫോർഡ് ക്രൗൺ കോർട്ട് ഇയാൾക്ക് 25 വർഷം കഠിനതടവ് വിധിച്ചു. 16 -ാം വയസ്സു മുതൽ സോമ്മയ്യ ബന്ധുവിനെ വിവാഹം കഴിക്കണമെന്നുള്ള കഠിന സമ്മർദ്ദത്തിന് വിധേയായിട്ടാണ് ജീവിച്ചു വന്നിരുന്നതെന്നും നിരവധി തവണ അവൾക്ക് ഇതുമായി ബന്ധപ്പെട്ട് മാതാപിതാക്കൾ ഉൾപ്പെടെയുള്ളവരിൽ നിന്നും ശാരീക പീഡനങ്ങൾ ഉൾപ്പടെ ഏൽക്കേണ്ടി വന്നിരുന്നു എന്നും പൊലീസ് പറഞ്ഞു. ധീരയായ യുവതി എന്നാണ് കോടയി സോമയ്യയെ വിശേഷിപ്പിച്ചത്.