
ഇന്ത്യയിലെ മാതാപിതാക്കളെ കുറിച്ച് എപ്പോഴും പറയാറുള്ള കാര്യമാണ് അവർ തങ്ങളുടെ വികാരങ്ങൾ തുറന്ന് പ്രകടിപ്പിക്കില്ല എന്നത്. അതിപ്പോൾ സ്നേഹമായിക്കോട്ടെ, ആഹ്ലാദമായിക്കോട്ടെ മുഴുവനായും തുറന്ന് പ്രകടിപ്പിക്കുകയോ കെട്ടിപ്പിടിക്കുകയോ ഒക്കെ ചെയ്യാൻ ഇവിടുത്തെ മാതാപിതാക്കൾക്ക് എപ്പോഴും വിമുഖതയാണ്. അതിൽ എന്തോ പ്രശ്നമുണ്ട് എന്ന് കരുതുന്നവരാണ് മിക്കവരും. പകരം ദേഷ്യപ്പെടുന്ന കാര്യത്തിലാണ് പലരും മുന്നിൽ, അതുപക്ഷേ സ്നേഹമില്ലാഞ്ഞിട്ടല്ല. മറിച്ച് അവരുടെ സ്നേഹത്തിന്റെ ഭാഷ വ്യത്യസ്തമാണ് എന്നതാണ് കാരണം. എന്തായാലും അതുപോലെ, ഒരു അച്ഛന്റെയും മകന്റെയും സംഭാഷണത്തിന്റെ സ്ക്രീൻഷോട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.
മകൻ തനിക്ക് ആമസോണിൽ ജോലി കിട്ടിയ കാര്യമാണ് അച്ഛനോട് പറയുന്നത്. അങ്ങനെ ഒരു കാര്യം കേൾക്കുമ്പോൾ ഏതൊരച്ഛനും അമിതമായ ആഹ്ലാദം തോന്നും അല്ലേ? ഈ അച്ഛനും അങ്ങനെ തന്നെയാവും. എന്നാൽ, അത് പ്രകടിപ്പിക്കുന്ന കാര്യത്തിൽ ആളൊരു പിശുക്കനാണ് എന്നാണ് ഈ സ്ക്രീൻഷോട്ട് കാണുമ്പോൾ മനസിലാവുന്നത്. ഐഐടി ബിഎച്ച്‍യു ബിരുദധാരിയായ ശിവാൻശു രഞ്ജൻ എന്ന യുവാവാണ് ആമസോണിൽ ജോലി കിട്ടിയതിനെ കുറിച്ച് തന്റെ അച്ഛനോട് മെസ്സേജിലൂടെ പറയുന്നത്. SDE-1 (Software Development Engineer Level 1) റോളിലേക്കാണ് പ്രീ പ്ലേസ്മെന്റ് ഓഫർ യുവാവിന് ലഭിച്ചിരിക്കുന്നത്. എന്നാൽ, ഈ വിവരം പറഞ്ഞപ്പോൾ അച്ഛന്റെ മറുപടി ഇതായിരുന്നു: 'ഓക്കേ'.
'എനിക്ക് ആമസോണിൽ ജോലി കിട്ടി' എന്നാണ് ശിവാൻശു അച്ഛന് മെസ്സേജ് അയക്കുന്നത്. എന്നാൽ, ഓക്കേ എന്ന ഒറ്റവാക്കിൽ മറുപടി ഒതുക്കിയ അച്ഛന്റെ പ്രതികരണം നെറ്റിസൺസിനെ അത്രകണ്ട് അമ്പരപ്പിച്ചില്ല. പലരും പറഞ്ഞത്, ഇതേ അനുഭവം പല കാര്യങ്ങളിലും തങ്ങൾക്കും ഉണ്ടായിട്ടുണ്ട് എന്നാണ്. 'ഇന്ത്യയിലെ അച്ഛനമ്മമാരുടെ മെസ്സേജുകൾ പലപ്പോഴും അസൂയക്കാരായ സുഹൃത്തുക്കളുടെ മെസ്സേജിന് സമാനമായിരിക്കും' എന്നായിരുന്നു ഒരാളുടെ രസകരമായ കമന്റ്.