പുകവലിയിൽ നിന്നും രക്ഷപ്പെടാൻ സ്വന്തം തല കൂട്ടിലടച്ച മനുഷ്യൻ! സത്യം ഇതാണ്

Published : May 01, 2023, 02:23 PM IST
പുകവലിയിൽ നിന്നും രക്ഷപ്പെടാൻ സ്വന്തം തല കൂട്ടിലടച്ച മനുഷ്യൻ! സത്യം ഇതാണ്

Synopsis

തൻറെ പിതാവ് ശ്വാസകോശ അർബുദം ബാധിച്ച് മരിച്ചതിനെ തുടർന്നാണ് ഇദ്ദേഹം ഇങ്ങനെ ഒരു ശ്രമത്തിലൂടെ തന്റെ പുകവലി ഉപേക്ഷിക്കാൻ ശ്രമം നടത്തിയത്. 

പുകവലി ആരോഗ്യത്തിന് ഹാനികരമാണ് എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. പുകവലി ഉപേക്ഷിക്കാനായി പലവിധത്തിലുള്ള മാർ​ഗങ്ങൾ തേടുന്ന ആളുകളെ നാം കണ്ടിട്ടുണ്ടാകാം. എന്നാൽ, ആരെങ്കിലും സ്വന്തം തല ഒരു കൂടിനുള്ളിൽ പൂട്ടിയിട്ട് പുകവലിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമം നടത്തുമോ? 

ഏതാനും ദിവസങ്ങൾക്കു മുൻപാണ് സോഷ്യൽ മീഡിയയിൽ ഇത്തരത്തിൽ ഒരു ചിത്രം വ്യാപകമായി പ്രചരിക്കപ്പെട്ടത്. ചിത്രത്തോടൊപ്പം ഉണ്ടായിരുന്ന വിവരങ്ങളിൽ പറയുന്നത് പുകവലിയിൽ നിന്ന് രക്ഷപ്പെടാൻ റഷ്യക്കാരനായ ഒരു മനുഷ്യൻ സ്വന്തം തല കിളിക്കൂടിന് സമാനമായ ഒരു കൂട്ടിൽ പൂട്ടിയിട്ടിരിക്കുന്നു എന്നായിരുന്നു. എന്നാൽ ഈ ചിത്രങ്ങൾ സത്യമാണോ അതോ വ്യാജമായി പ്രചരിക്കപ്പെടുന്നത് ആണോ എന്ന രീതിയിലുള്ള സംശയങ്ങൾ സോഷ്യൽ മീഡിയ ഉപഭോക്താക്കളിൽ നിന്നും വ്യാപകമായി ഉയർന്നിരുന്നു. 

എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ഇപ്പോൾ ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നത് ഇത് വ്യാജ ചിത്രമല്ല യഥാർത്ഥ ചിത്രമാണ് എന്നുതന്നെയാണ്. പക്ഷേ, ചിത്രത്തിൽ കാണുന്ന മനുഷ്യൻ റഷ്യക്കാരനല്ല തുർക്കിക്കാരൻ ആണ് എന്ന് മാത്രം. മാത്രമല്ല ഈ സംഭവത്തിന്  ഏതാനും വർഷത്തെ പഴക്കമുണ്ടെന്നും ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു. തുർക്കിയിലെ കുതഹ്യ നഗരത്തിൽ നിന്നുള്ള ഇബ്രാഹിം യുസെൽ എന്നയാളാണ് ഇത്തരത്തിൽ തല ലോഹ കൂട്ടിലടച്ച് പുകവലിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമം നടത്തിയത്. തൻറെ പിതാവ് ശ്വാസകോശ അർബുദം ബാധിച്ച് മരിച്ചതിനെ തുടർന്നാണ് ഇദ്ദേഹം ഇങ്ങനെ ഒരു ശ്രമത്തിലൂടെ തന്റെ പുകവലി ഉപേക്ഷിക്കാൻ ശ്രമം നടത്തിയത്. 

2013 ജൂലൈ 1 -ന് തുർക്കി വാർത്താ ഔട്ട്‌ലെറ്റ്, ഹുറിയറ്റ് ഡെയ്‌ലി ന്യൂസ് ആണ് ഇബ്രാഹിമിനെക്കുറിച്ചുള്ള വാർത്ത ആദ്യമായി പ്രസിദ്ധീകരിച്ചത്. രണ്ട് ദശാബ്ദത്തിലേറെയായി പ്രതിദിനം രണ്ട് പാക്കറ്റ് സിഗരറ്റ് വലിച്ചുതീർക്കുമായിരുന്ന  ഇബ്രാഹിം അതിൽനിന്നും രക്ഷപ്പെടാൻ മറ്റൊരു മാർഗ്ഗവും കാണാതായപ്പോഴാണ് സ്വന്തം തല കൂടിനുള്ളിൽ ആക്കി പൂട്ടിയത് എന്നാണ് അന്ന് ഹുറിയറ്റ് ഡെയ്‌ലി ന്യൂസ് റിപ്പോർട്ട് ചെയ്തത്. എന്നാൽ അതുമായി ബന്ധപ്പെട്ട് പിന്നീട് വാർത്തകൾ ഒന്നും വരാത്തത് കൊണ്ട് തന്നെ അദ്ദേഹത്തിൻറെ ആ ശ്രമം വിജയിച്ചോ എന്ന കാര്യത്തിൽ വ്യക്തതയില്ല. 

മോട്ടോർ സൈക്കിൾ ഹെൽമറ്റിൽ നിന്ന്  പ്രചോദനം ഉൾക്കൊണ്ടായിരുന്നുവത്രേ അദ്ദേഹം ഈ കൂട് നിർമ്മിച്ചത്. കൂടിന്റെ കീ അദ്ദേഹം ഏൽപ്പിച്ചിരുന്നത് കുടുംബാംഗങ്ങളെ ആയിരുന്നു. 

PREV
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ