
അഫ്ഗാനിസ്ഥാന്‍റെ ഭരണം താലിബാന്‍ വീണ്ടും പിടിച്ചെടുത്തതിന് പിന്നാലെ ഐഎസ്ഐസ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇസ്ലാമിക് സ്റ്റേറ്റ്സിന് കനത്ത തിരിച്ചടിയാണ് നേരിടുന്നത്. താലിബാന്‍ അഫ്ഗാനിസ്ഥാന്‍റെ ഭരണം ഏറ്റെടുത്തതിന് പിന്നാലെ ഇസ്ലാമിക നിയമങ്ങളില്‍ നിന്നും താലിബാന്‍ വ്യതിചലിക്കുന്നുവെന്ന് ആരോപിച്ച് ഐഎസ്ഐഎസ്, താലിബാനുമായി അകന്നിരുന്നു. ഇത് കാബൂളിലും അഫ്ഗാനിസ്ഥാന്‍റെ അതിര്‍ത്തി മേഖലകളിലും ഇരുസംഘങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിലേക്കും നിരവധി പേരുടെ മരണത്തിലുമാണ് അവസാനിച്ചത്. പിന്നീട് ഏറ്റുമുട്ടലുകള്‍ക്ക് ഒരു ഇവടവേളയുണ്ടായതിന് ശേഷം കഴിഞ്ഞ ആഴ്ച ഐഎസ്ഐഎസ് നേതാവിനെ താലിബാന്‍ വധിച്ചെന്ന വിവരം യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരാണ് പുറത്ത് വിട്ടത്.
ഇതിനിടെയാണ് തുര്‍ക്കിയിലെ എംഐടി രഹസ്യാന്വേഷണ ഏജന്‍സികള്‍ നടത്തിയ ഓപ്പറേഷനില്‍ സിറിയില്‍ ഒളിവില്‍ താമസിക്കുകയായിരുന്ന ഐഎസിന്‍റെ സംശയിക്കപ്പെടുന്ന നേതാവ് കൊല്ലപ്പെട്ടതായി തുര്‍ക്കി പ്രസിഡന്‍റ് ത്വയ്ബ് ഉര്‍ദുഗന്‍ അറിയിച്ചത്. അബു ഹുസൈൻ അൽ ഖുറാഷി എന്ന രഹസ്യപേരുള്ള ദാഇഷിന്‍റെ തലവനെയാണ് തുര്‍ക്കി രഹസ്യാന്വേഷണ ഏജന്‍സികള്‍ കൊലപ്പെടുത്തിയതെന്നാണ് പുറത്ത് വരുന്ന വിവരം. താലിബാന്‍ രണ്ടാമതും അഫ്ഗാന്‍റെ അധികാരം ഏറ്റെടുക്കുന്നതിനിടെ 13 അമേരിക്കന്‍ സൈനീകരടക്കം 170 പേരുടെ മരണത്തിന് ഇടയാക്കിയ കാബൂള്‍ വിമാനത്താവളത്തില്‍ സ്ഫോടനം ആസൂത്രണം ചെയ്ത ഐഎസ് ബുദ്ധികേന്ദ്രമായിരുന്ന തീവ്രവാദിയെ താലിബാന്‍ വധിച്ചെന്ന് യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി ഒരാഴ്ച കഴിയുന്നതിനിടെയാണ് ഐഎസിന്‍റെ മറ്റൊരു നേതാവിനെ തുര്‍ക്കി വധിച്ചത് എന്നതും ശ്രദ്ധേയമാണ്.
നവംബർ 30ന് മുൻ മേധാവി അബു ഹസൻ അൽ ഹാഷിമി അൽ ഖുറാഷിയുടെ മരണവാർത്ത ഐഎസ് ഐഎസ് സ്ഥിരീകരിച്ചതിന് പിന്നാലെ അബു ഹുസൈൻ അൽ ഖുറാഷിയെ നേതാവായി നിയമിച്ചിരുന്നു. അൽ ഖുറാഷിയുടെ ഒളിത്താവളമായ അഫ്രിനിന്‍റെ വടക്കുപടിഞ്ഞാറൻ മേഖലയിലെ ജിൻദിരെസിലെ ഒരു മേഖലയുടെ നിയന്ത്രണം പിടിച്ചെടുത്ത രഹസ്യാന്വേഷണ വിഭാഗം പ്രദേശത്ത് പൂര്‍ണ്ണമായും നിയന്ത്രണത്തിലാക്കിയ ശേഷമായിരുന്നു നടപടികള്‍ ആരംഭിച്ചത്.
ഇസ്‌ലാമിക് സ്‌കൂളായി ഉപയോഗിക്കുന്ന ഉപേക്ഷിക്കപ്പെട്ട ഒരു ഫാമിനെ ലക്ഷ്യമിട്ടാണ് ഓപ്പറേഷൻ നടന്നതെന്ന് പ്രദേശത്തുള്ളവര്‍ എഎഫ്‌പിയോട് പറഞ്ഞു. 2020 മുതൽ വടക്കൻ സിറിയയിൽ തുർക്കി സൈന്യമുണ്ട്. കൂടാതെ സിറിയയുടെ സഹായത്തോടെ സിറിയയുടെ ഭൂരിഭാഗം പ്രദേശങ്ങളും നിയന്ത്രിക്കുന്നു. 2013-ൽ തന്നെ ഐഎസിന് ഭീകരസംഘടനയായി പ്രഖ്യാപിച്ച രാജ്യങ്ങളിലൊന്നാണ് തുര്‍ക്കി. അതിന് പിന്നാലെ തുര്‍ക്കിയില്‍ ഐഎസ് നടത്തിയ നിരവധി ആക്രമണങ്ങളിലായി 300 ജീവനുകളാണ് തുര്‍ക്കിക്ക് നഷ്ടമായത്.
യൂറോപ്പിലും മിഡിൽ ഈസ്റ്റിലും ഐഎസ് ഐഎസ് ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി ആരോപിച്ച് ഏപ്രിൽ പകുതിയോടെ അമേരിക്ക വടക്കൻ സിറിയയിൽ ഒരു ഹെലികോപ്റ്റർ റെയ്ഡ് നടത്തിയിരുന്നു. അന്ന് ഐഎസിലെ അബ്ദുൾ ഹാദി മഹ്മൂദ് അൽ ഹാജി അലിയെ വധിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഏപ്രിൽ 16 ന് സിറിയയിൽ ഐസിസ് ഭീകരർ നടത്തിയ അക്രമണത്തില്‍ 41 പേരാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെയായിരുന്നു യുഎസ് അക്രമണം. 2019 ല്‍ ഐഎസ്ഐഎസ് നേതാവ് അബൂബക്കർ അൽ-ബാഗ്ദാദിയെ അമേരിക്ക വധിച്ചതിന് പിന്നാലെയാണ് ഐസിന് തിരിച്ചടികള്‍ നേരിട്ട് തുടങ്ങിയത്.