37 -കാരൻ ഉറക്കമുണർന്നത് 16 -കാരനായി, 20 വർഷം ഓർമ്മയിലേ ഇല്ല!

By Web TeamFirst Published Aug 2, 2021, 12:24 PM IST
Highlights

കണ്ണാടി നോക്കി അദ്ദേഹം ദേഷ്യപ്പെടുകയും ഞാനെന്താണ് ഇങ്ങനെ പ്രായമായും തടിച്ചിരിക്കുന്നതും എന്ന് ചോദിച്ചുവെന്നും റൂത്ത് പറയുന്നു. താന്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതോ, ജോലി നേടിയതോ ഒന്നും ഡാനിയേലിന് ഓര്‍മ്മയുണ്ടായിരുന്നില്ല. 

ഒരു 37 -കാരന്‍ രാവിലെ ഉറക്കമുണര്‍ന്ന് സ്കൂളില്‍ പോകാന്‍ തുനിയുന്നതിനെ കുറിച്ച് ആലോചിച്ച് നോക്കൂ. അദ്ദേഹത്തിന്‍റെ ഓര്‍മ്മയില്‍ ഇത് 1990 -കളാണ്. കഴിഞ്ഞ 20 വര്‍ഷങ്ങള്‍ അദ്ദേഹത്തിന്‍റെ ഓര്‍മ്മയിലേ ഇല്ല. താന്‍ ഒരു വിവാഹം കഴിച്ചതാണ് എന്നതും അതിലൊരു മകളുണ്ട് എന്നതുമൊന്നും അദ്ദേഹത്തിന് ഓര്‍മ്മയില്ല. 

യുഎസ് സ്റ്റേറ്റായ ടെക്സാസില്‍ നിന്നുള്ള ഡാനിയേല്‍ പീറ്റര്‍ ഒരു ഹിയറിംഗ് സ്പെഷ്യലിസ്റ്റായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയിലെ ഒരു ദിവസം, അദ്ദേഹം തന്‍റെ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നു. താനൊരു 16 -കാരനാണ് എന്നും സ്കൂളില്‍ പോകാന്‍ സമയമായി എന്നും ചിന്തിച്ചുകൊണ്ടാണ് അദ്ദേഹം ഉറക്കമുണര്‍ന്നത് എന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, കണ്ണാടിയില്‍ നോക്കിയ അദ്ദേഹം ഞെട്ടിപ്പോയി. താന്‍ വയസു കൂടിയ ഒരാളും തടിച്ച ഒരാളുമായല്ലോ എന്നാണ് അദ്ദേഹത്തിന് തോന്നിയത്. 

എന്നാല്‍, അദ്ദേഹത്തിന്‍റെ ഭാര്യ റൂത്ത് അദ്ദേഹത്തെ ശാന്തനാക്കുകയും അദ്ദേഹത്തെ ആരും തട്ടിക്കൊണ്ടുവന്നതല്ല, താന്‍ ഭാര്യയാണ് എന്നും പറഞ്ഞ് മനസിലാക്കി. താന്‍ മദ്യപിച്ച് ഒരു പെണ്ണിനെ കൂട്ടി വന്നോ അതോ അപരിചിതര്‍ തന്നെ തട്ടിക്കൊണ്ടുപോന്നതാണോ എന്നൊക്കെയാണ് അദ്ദേഹം ചിന്തിച്ചത് എന്നും റൂത്ത് പറഞ്ഞു. പിന്നീട്, ദമ്പതികള്‍ മാതാപിതാക്കളുടെ അടുത്തെത്തുകയും അവരും അദ്ദേഹത്തോട് റൂത്ത് ഭാര്യയാണ് എന്നും പറയുന്നതെല്ലാം സത്യമാണ് എന്നും പറഞ്ഞു. എന്നിരുന്നാലും അദ്ദേഹത്തിന് തന്‍റെ പത്തുവയസുകാരി മകളെ തിരിച്ചറിയാനായില്ല. മാത്രവുമല്ല, വീട്ടിലെ രണ്ട് നായകളെ അദ്ദേഹം ഭയപ്പെടുകയും ചെയ്തു. 

കണ്ണാടി നോക്കി അദ്ദേഹം ദേഷ്യപ്പെടുകയും ഞാനെന്താണ് ഇങ്ങനെ പ്രായമായും തടിച്ചിരിക്കുന്നതും എന്ന് ചോദിച്ചുവെന്നും റൂത്ത് പറയുന്നു. താന്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതോ, ജോലി നേടിയതോ ഒന്നും ഡാനിയേലിന് ഓര്‍മ്മയുണ്ടായിരുന്നില്ല. 

ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് ട്രാന്‍സിയന്‍റ് ഗ്ലോബല്‍ അംനേഷ്യ ആണ് എന്ന് വിലയിരുത്തി. എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചത് എന്ന് അറിയില്ല. എന്നാല്‍, ഏറെക്കാലമായിട്ടുള്ള എന്തെങ്കിലും സമ്മര്‍ദ്ദത്തിന്‍റെ ഫലമായിരിക്കാം എന്നും ഡോക്ടര്‍മാര്‍ പറയുന്നു. 

ഡെയ്‌ലി മെയിൽ പറയുന്നതനുസരിച്ച്, ജോലി നഷ്ടപ്പെട്ടതിന് ശേഷം 2020 ജനുവരിയിൽ അയാൾക്ക് മാനസിക സമ്മർദ്ദമുണ്ടാകാൻ തുടങ്ങി. മാതാപിതാക്കളോടൊപ്പം താമസിക്കാൻ വീട് വിൽക്കുകയും ഒരിക്കല്‍ വീണ് ഡിസ്കിന് പ്രശ്നമുണ്ടാവുകയും ചെയ്തിരുന്നു. ഇതെല്ലാമായിരിക്കാം ഓര്‍മ്മക്കുറവിലേക്ക് നയിച്ചത് എന്നും ഡോക്ടര്‍മാര്‍ പറയുന്നു. 

click me!