തടാകത്തിൽ നീന്തുന്നതിനിടയിൽ കൈ മുതല കടിച്ചെടുത്തു, ആ അവസ്ഥയിൽ ചതുപ്പിൽ പെട്ടുപോയത് മൂന്ന് ദിവസം

By Web TeamFirst Published Sep 10, 2022, 3:24 PM IST
Highlights

അധികം നീന്തിയെത്തുന്നതിന് മുമ്പ് തന്നെ ഒരു മുതല അയാളുടെ കണ്ണിൽ പെട്ടു. അത് അയാളുടെ വലതു കയ്യുടെ അടുത്തായിട്ടായിരുന്നു. ഒടുവിൽ ആ മുതല അയാളെ ആക്രമിച്ചു. മൂന്നുവട്ടം അയാളെയും കൊണ്ട് വെള്ളത്തിനടിയിലേക്ക് കുതിച്ചു.

ഫ്ലോറിഡയിലെ ഒരാൾക്ക് മുതലയുടെ ആക്രമണത്തിൽ തന്റെ ഒരു കൈ നഷ്ടപ്പെട്ടു. തീർന്നില്ല, ആ അവസ്ഥയിൽ മൂന്നു ദിവസത്തോളം ആ ചതുപ്പിൽ അയാൾക്ക് അലയേണ്ടിയും വന്നു. സരസോട്ടയിൽ നിന്നുള്ള എറിക് മെർഡ എന്ന 43 -കാരൻ ജൂലൈ 17 -ന് മ്യാക്ക സിറ്റിയിലെ ലേക് മനാറ്റി ഫിഷ് ക്യാമ്പ് സന്ദർശിക്കുന്നതിനിടെ കാട്ടിൽ അകപ്പെടുകയായിരുന്നു. തിരികെ തടാകത്തിനടുത്തെത്തിയപ്പോൾ, ചുറ്റിനടക്കുന്നതിന് പകരമായി തടാകത്തിന് കുറുകെ നീന്താൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. 

അധികം നീന്തിയെത്തുന്നതിന് മുമ്പ് തന്നെ ഒരു മുതല അയാളുടെ കണ്ണിൽ പെട്ടു. അത് അയാളുടെ വലതു കയ്യുടെ അടുത്തായിട്ടായിരുന്നു. ഒടുവിൽ ആ മുതല അയാളെ ആക്രമിച്ചു. മൂന്നുവട്ടം അയാളെയും കൊണ്ട് വെള്ളത്തിനടിയിലേക്ക് കുതിച്ചു. അതിനുശേഷം അയാളുടെ വലതുകൈ കടിച്ചെടുത്തു. 

കൈ മൊത്തം തുളച്ചു കയറുന്ന വേദനയായിരുന്നു എന്ന് എറിക് പറയുന്നു. ആ അവസ്ഥയിൽ മൂന്നു ദിവസം അയാളാ ചതുപ്പിൽ കഴിഞ്ഞു. മൂന്നാം ദിവസം വേലിക്കരികിൽ ഒരാളെ കണ്ടു. അയാളോട് എറിക് തന്റെ കൈ മുതല കൊണ്ടു പോയി എന്ന് പറഞ്ഞു. എറിക്കിനെ കണ്ട മാത്രയിൽ, ഇത് കേട്ട മാത്രയിൽ അയാൾ ഞെട്ടിപ്പോയി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പിന്നീട് അയാൾ എറിക്കിനെ സഹായിച്ചു. ആംബുലൻസ് എത്തി. ആംബുലൻസിലേക്ക് എറിക് തനിയെ നടന്ന് തന്നെയാണ് പോയത്. പിന്നീട് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. അവിടെ വച്ച് കടിയേറ്റ കൈ മുറിച്ച് മാറ്റി. 

ഏതായാലും ആ സംഭവത്തിന് ശേഷം കയ്യില്ലാത്ത പുതിയ ജീവിതം ജീവിക്കാനും അതുമായി പൊരുത്തപ്പെടാനും അദ്ദേഹത്തിന് കുറച്ച് അധികം തന്നെ കഷ്ടപ്പെടേണ്ടി വന്നു. എന്തായാലും ഈ സംഭവത്തിന് ശേഷവും താൻ തകരാനോ തളരാനോ ഒരുക്കമല്ല എന്നാണ് എറിക്കിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാകുന്നത്. താൻ മാനസികമായും ശാരീരികമായും വൈകാരികമായും കരുത്തുള്ള ആളാണ് എന്നും അടിപൊളി ആണ് എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. 

click me!