വിമാനയാത്രക്കിടെ ല​ഗേജ് മാറി, കണ്ടെത്താൻ എയർലൈൻസിന്റെ വെബ്സൈറ്റ് തന്നെ ഹാക്ക് ചെയ്‍ത് യുവാവ്

Published : Mar 31, 2022, 01:22 PM IST
വിമാനയാത്രക്കിടെ ല​ഗേജ് മാറി, കണ്ടെത്താൻ എയർലൈൻസിന്റെ വെബ്സൈറ്റ് തന്നെ ഹാക്ക് ചെയ്‍ത് യുവാവ്

Synopsis

യാത്രക്കാരന്റെ വിവരങ്ങൾ ശേഖരിച്ച നന്ദൻ അദ്ദേഹവുമായി ബന്ധപ്പെട്ടു. അവർ അടുത്തടുത്താണ് താമസിച്ചിരുന്നത്. അതുകൊണ്ട് തന്നെ മുൻകൂട്ടി നിശ്ചയിച്ച് ഒരു സ്ഥലത്ത് വച്ച് അവർ ഇരുവരും കണ്ടുമുട്ടുകയും അവരുടെ ലഗേജുകൾ കൈമാറുകയും ചെയ്തു. എയർലൈനിന്റെ സഹായമില്ലാതെയാണ് അവർ ഇതെല്ലാം ചെയ്തത്. 

ലഗേജ്(Luggage) നഷ്‌ടപ്പെടുന്നതോ മാറിപ്പോവുന്നതോ ആയ പ്രശ്‌നങ്ങൾ വിമാനയാത്രയ്‌ക്കിടെ സ്ഥിരം സംഭവിക്കാറുള്ളതാണ്. അത്തരം സന്ദർഭങ്ങളിൽ സാധാരണ യാത്രക്കാർ കസ്റ്റമർ കെയർ സെന്ററുമായി ബന്ധപ്പെടുകയാണ് പതിവ്. എന്നാൽ സ്വന്തം ലഗേജ് നഷ്ടമായ ഒരു ഇന്ത്യക്കാരൻ അത് കണ്ടെത്താനായി പ്രയോഗിച്ച മാർ​ഗം ആളുകളെ ഒന്നടങ്കം ഞെട്ടിച്ചിരിക്കയാണ്. യാത്രക്കാരൻ തന്റെ ലഗേജ് കണ്ടെത്തുന്നതിനായി എയർലൈൻസിന്റെ വെബ്സൈറ്റ് തന്നെ ഹാക്ക് ചെയ്യുകയായിരുന്നു.  

ഈ ആഴ്ച ആദ്യം ഇൻഡിഗോ(Indigo) വിമാനത്തിൽ പാറ്റ്‌നയിൽ നിന്ന് ബാംഗ്ലൂരിലേക്ക് പോവുകയായിരുന്നു സോഫ്റ്റ്‌വെയർ എഞ്ചിനീയറായ നന്ദൻ കുമാർ(Nandan Kumar). എന്നാൽ, അവിടെ വച്ച് അദ്ദേഹത്തിന്റെ ബാഗ് ഫ്ലൈറ്റിലെ മറ്റൊരു യാത്രക്കാരനുമായി കൈമാറ്റം ചെയ്യപ്പെട്ടു. രണ്ട് ബാഗുകളും കാഴ്ചയിൽ ഒരു പോലിരുന്നതിനാൽ നന്ദനും അത് ശ്രദ്ധിച്ചില്ല. തിരികെ വീട്ടിലെത്തിയപ്പോൾ ബാഗ് കണ്ട് ഭാര്യയാണ് ഇത് മറ്റൊരുടേയോ ബാഗാണെന്ന് അദ്ദേഹത്തോട് പറഞ്ഞത്. തുടർന്ന് നന്ദൻ ബാഗ് തിരികെ ലഭിക്കാനായി ഇൻഡിഗോയുടെ ഉപഭോക്തൃ സേവനവുമായി ബന്ധപ്പെട്ടു. എന്നാൽ, അവരിൽ നിന്ന് യാതൊരു സഹായവും അദ്ദേഹത്തിന് ലഭിച്ചില്ല. ഇതിനെ തുടർന്ന് ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറായ നന്ദൻ കുമാർ കാര്യങ്ങൾ സ്വയം ഏറ്റെടുക്കാൻ തീരുമാനിച്ചു. അദ്ദേഹം തന്റെ ഡെവലപ്പർ കഴിവുകൾ ഉപയോഗിച്ച് ഇൻഡിഗോയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു.

നന്ദൻ വെബ്‌സൈറ്റിന്റെ ഡെവലപ്പർ കൺസോൾ തുറന്ന് നെറ്റ്‌വർക്ക് ലോഗ് റെക്കോർഡുകൾ പരിശോധിച്ചു. കുറച്ച് സമയത്തിന് ശേഷം തന്റെ ലഗേജുമായി കൈമാറ്റം ചെയ്യപ്പെട്ട യാത്രക്കാരന്റെ പിഎൻആർ നമ്പർ അദ്ദേഹം അതിൽ നിന്ന് കണ്ടെത്തി. ഉപഭോക്താവിന്റെ വിവരങ്ങൾ ട്രാക്ക് ചെയ്തു. ആദ്യം ഇൻഡിഗോയുടെ വെബ്‌സൈറ്റ് പരിശോധിച്ച് യാത്രക്കാരന്റെ കോൺടാക്റ്റ് വിവരങ്ങൾ അന്വേഷിക്കാൻ ശ്രമിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്ന് നന്ദൻ പരാമർശിച്ചു. പിന്നീടാണ് അദ്ദേഹം ഈ വഴി സ്വീകരിച്ചത്.

യാത്രക്കാരന്റെ വിവരങ്ങൾ ശേഖരിച്ച നന്ദൻ അദ്ദേഹവുമായി ബന്ധപ്പെട്ടു. അവർ അടുത്തടുത്താണ് താമസിച്ചിരുന്നത്. അതുകൊണ്ട് തന്നെ മുൻകൂട്ടി നിശ്ചയിച്ച് ഒരു സ്ഥലത്ത് വച്ച് അവർ ഇരുവരും കണ്ടുമുട്ടുകയും അവരുടെ ലഗേജുകൾ കൈമാറുകയും ചെയ്തു. എയർലൈനിന്റെ സഹായമില്ലാതെയാണ് അവർ ഇതെല്ലാം ചെയ്തത്. തുടർന്ന് അദ്ദേഹം തന്റെ അനുഭവം ട്വിറ്ററിൽ പങ്കുവച്ചു. എയർലൈൻ ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് നന്ദൻ കുമാർ നിർദ്ദേശിച്ചു. ഉപഭോക്തൃ വിവരങ്ങൾ ചോരാതിരിക്കാൻ കമ്പനി ആദ്യം ഐവിആർ സേവനം മെച്ചപ്പെടുത്തണമെന്നും വെബ്‌സൈറ്റ് സുരക്ഷിതമാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

ഇൻഡിഗോ എയർലൈനിന്റെ വെബ്‌സൈറ്റ് അഭിമുഖീകരിക്കുന്ന സുരക്ഷാ പിഴവുകളുടെ ഒരു പട്ടികയും അദ്ദേഹം പങ്കിട്ടു. ഇൻഡിഗോ എയർലൈൻസ് കുമാറിനോട് ഒരു കുറിപ്പ് വഴി പ്രതികരിച്ചു. അദ്ദേഹത്തിന് ഉണ്ടായ അസൗകര്യത്തിന് അവർ ഖേദം പ്രകടിപ്പിക്കുകയും വെബ്‌സൈറ്റിന്റെ സുരക്ഷാ വീഴ്ചകൾ പരിശോധിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. ട്വീറ്റ് ത്രെഡിന് 5,000-ലധികം ലൈക്കുകളും, നിരവധി പ്രതികരണങ്ങളും ലഭിച്ചു. ആളുകൾ കുമാറിനെ പൂർണമായി പിന്തുണയ്ക്കുകയും എയർലൈനുമായി അവർക്കുണ്ടായ അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു.
 

PREV
Read more Articles on
click me!

Recommended Stories

വിവാഹ വസ്ത്രത്തിൽ സോഫ്റ്റ്‌വെയർ പ്രശ്നം പരിഹരിച്ച വധുവിന് വിമ‍‍ർശനം; പിന്നാലെ ചുട്ട മറുപടി, വൈറൽ
വല്ലപ്പോഴും കിട്ടുന്ന ശമ്പളം, കടുത്ത അവഗണന; യുവതിയുടെ കുറിപ്പ് ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങളെ വെളിപ്പെടുത്തുന്നു