300 വർഷത്തേക്ക് ജിം മെമ്പർഷിപ്പ്, 1 കോടി മുടക്കി യുവാവ്, പണവുമായി ആളുകൾ മുങ്ങി

Published : Aug 13, 2025, 10:15 AM ISTUpdated : Aug 13, 2025, 10:16 AM IST
Representative image

Synopsis

ജിൻ മൂന്ന് വർഷമായി ജിമ്മിൽ പോകുന്ന ആളാണ്. അതിനിടയ്ക്കാണ് അവിടെ സെയിൽസിലുള്ള ഒരാൾ നേരത്തെ മുതൽ അം​ഗങ്ങളായവർക്ക് ഒരു പ്രത്യേക പ്രൊമോഷൻ പാക്കേജുണ്ട് എന്ന് പറയുന്നത്

300 വർഷത്തേക്ക് ആരെങ്കിലും ജിം മെമ്പർഷിപ്പ് എടുക്കുമോ? അങ്ങനെ എടുക്കുന്നവരും ഉണ്ട്. ചൈനയിൽ ഒരാൾ 870,000 യുവാൻ നൽകിയാണ് 300 വർഷത്തേക്ക് ജിം മെമ്പർഷിപ്പ് എടുത്തത്. അതായത്, ഇന്ത്യൻ രൂപയിൽ ഏകദേശം 1,06,16,262 വരും ഇത്. എന്നാൽ, പണവും കൊണ്ട് ജിം മാനേജ്‍മെന്റ് മുങ്ങിയപ്പോഴാണ് താൻ പറ്റിക്കപ്പെടുകയായിരുന്നു എന്ന് ഇയാൾക്ക് മനസിലായത്.

സൗത്ത് ചൈന മോർണിംഗ് പോസ്റ്റിന്റെ റിപ്പോർട്ട് പ്രകാരം, ഷെജിയാങ് പ്രവിശ്യയിലെ ഹാങ്‌ഷൗവിലുള്ള റാൻയൻ ജിമ്മിനെതിരെയാണ് ആരോപണവുമായി ഒരാൾ എത്തിയിരിക്കുന്നത്. ഇവരുടെ തട്ടിപ്പ് പുറത്തുകൊണ്ടുവരുന്നതിനായി ജിൻ എന്ന യുവാവ് ഒരു പ്രാദേശിക ടെലിവിഷൻ സ്റ്റേഷന്റെ സഹായം തേടുകയായിരുന്നു. ജിം മെമ്പർഷിപ്പിനും പേഴ്സണൽ ട്രെയിനിം​ഗ് സെഷനുകൾക്കുമായി ജിമ്മുമായി ഒപ്പുവച്ച 26 കരാറുകളും ജിൻ ഇവരെ കാണിച്ചു.

മെയ് 10 മുതൽ ജൂലൈ 9 വരെയായി 300 വർഷം വാലിഡിറ്റിയുള്ള ഏകദേശം 1,200 ലെസൺസും മെമ്പർഷിപ്പ് കാർഡുകളും താൻ വാങ്ങി. അതിനായി 871,273 യുവാനാണ് തനിക്ക് ചെലവായത് എന്നാണ് ജിൻ മാധ്യമത്തോട് പറഞ്ഞത്.

ജിൻ മൂന്ന് വർഷമായി ജിമ്മിൽ പോകുന്ന ആളാണ്. അതിനിടയ്ക്കാണ് അവിടെ സെയിൽസിലുള്ള ഒരാൾ നേരത്തെ മുതൽ അം​ഗങ്ങളായവർക്ക് ഒരു പ്രത്യേക പ്രൊമോഷൻ പാക്കേജുണ്ട് എന്ന് പറയുന്നത്.

8,888 യുവാന് ഒരു വർഷത്തെ മെമ്പർഷിപ്പ് കാർഡ് വാങ്ങുക. പിന്നീട് അത് ജിം അവരുടെ പുതിയ യൂസർമാർക്ക് 16,666 യുവാന് വിൽക്കും. ഇതിൽ ലാഭത്തിന്റെ 10 ശതമാനം ജിമ്മിലേക്ക് പോകുമെന്നും ബാക്കി തുക വാങ്ങുന്നയാൾക്ക് തന്നെ തിരികെ നൽകും ഇതായിരുന്നു ഓഫർ. സെയിൽസിൽ നിന്നുള്ളയാൾ ജിന്നിനെ പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തു.

എന്തായാലും, അവസാനം ജിൻ അതിൽ വീണു. പിന്നീട്, ഇതുപോലെ പല തട്ടിപ്പുകളും നടത്തി ജിന്നിൽ നിന്നും ജിം പണം തട്ടിയതായിട്ടാണ് ആരോപിക്കുന്നത്. ഇപ്പോൾ പണം വരും ഇപ്പോൾ പണം വരും എന്ന് കരുതി ജിൻ കാത്തിരുന്നു. എന്നാൽ, കുറച്ചുനാൾ കഴിഞ്ഞപ്പോൾ ജിം മാനേജ്മെന്റിലെ സകലരും മുങ്ങിയതായി മനസിലാക്കുകയായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ