
ഇന്ത്യയിലെ ട്രെയിനുകളിലെ തിരക്ക് എപ്പോഴും വാർത്തയാകാറുള്ള ഒന്നാണ്. അതിനി റിസർവേഷൻ കോച്ചാണെങ്കിലും ശരി ജനറൽ കോച്ചുകളാണെങ്കിലും ശരി, തിരക്കിന് മാത്രം ഒരു കുറവും കാണാറില്ല. അത് തെളിയിക്കുന്ന അനേകം അനേകം വീഡിയോകൾ മിക്കവാറും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. തിരക്കേറിയ ഒരു ട്രെയിനിൽ ശ്വാസം പോലും കഴിക്കാനാവാതെ ബുദ്ധിമുട്ടുന്ന ഒരു യുവതിയെയാണ് വീഡിയോയിൽ കാണുന്നത്. എന്നാൽ, നെറ്റിസൺസിനെ അമ്പരപ്പിച്ചത് ഇതൊന്നുമല്ല. ഈ പെൺകുട്ടിയെ കളിയാക്കി ചിരിക്കുന്ന അനേകം പേർ പുറത്തുണ്ട് എന്നതാണ്.
വീഡിയോ യൂട്യൂബിൽ ഷെയർ ചെയ്തിരിക്കുന്നത് @anurvns എന്ന യൂസറാണ്. വീഡിയോയിൽ ഒരു ട്രെയിനിന്റെ ജാലകത്തിലൂടെയുള്ള കാഴ്ചയാണ് കാണുന്നത്. ട്രെയിനിന്റെ അകത്ത് സൂചി കുത്താൻ പോലും ഇടമില്ലാത്ത വിധം തിങ്ങിനിറഞ്ഞിരിക്കുന്ന ആളുകളെയാണ് കാണുന്നത്.
ജനാലയ്ക്കരികിലായി പെൺകുട്ടി ഇരിക്കുന്നതും കാണാം. ട്രെയിനിന്റെ അകത്തും പുറത്തുമെല്ലാം നിറയെ ആളുകളാണ്. പെൺകുട്ടി ശ്വാസമെടുക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നതും വീഡിയോയിൽ വ്യക്തമായി കാണാം. ഒരു ഘട്ടത്തിൽ അവൾ ശ്വാസംമുട്ടിയിട്ടോ എന്തോ ജനാല വഴി പുറത്തേക്ക് തലയിടുന്നുണ്ട്. കൂടാതെ കയ്യിലിരുന്ന കുപ്പിയിൽ നിന്നും വെള്ളമെടുത്ത് മുഖം കഴുകുന്നതും കാണാം. ഒരാൾ വിൻഡോ ഗ്ലാസ് മാറ്റാൻ പെൺകുട്ടിയെ സഹായിക്കുന്നുണ്ട്.
അതേസമയം, പുറത്ത് നിന്നുള്ള ദൃശ്യങ്ങളും വീഡിയോയിൽ കാണാം. പുറത്തും നിറയെ ആളുകളുണ്ട്. അവരിൽ പലരും ചിരിക്കുന്നതും കളിയാക്കുന്നതും ഫോണിൽ വീഡിയോയും ചിത്രങ്ങളും പകർത്തുന്നതും എല്ലാം വീഡിയോയിൽ കാണാം. പെൺകുട്ടിയെയാണോ പരിഹസിക്കുന്നത്, അതോ തിരക്കിനെയാണോ എന്ന് വ്യക്തതയില്ല. എന്തായാലും, പെൺകുട്ടിയുടെ അവസ്ഥ ആളുകളിൽ വലിയ അമ്പരപ്പാണ് ഉണ്ടാക്കിയിരിക്കുന്നത്.