'ശമ്പളം കുറഞ്ഞാലും വേണ്ടില്ല, ശുദ്ധവായു മതി'; മലിനീകരണം കാരണം വടക്കേ ഇന്ത്യ വിടാൻ അക്കാദമിക് വിദഗ്ധർ; ചർച്ചയായി മുൻ പ്രൊഫസറുടെ കുറിപ്പ്

Published : Nov 17, 2026, 03:00 PM IST
Chemical polution at mulagada village

Synopsis

വടക്കേ ഇന്ത്യയിലെ അതിരൂക്ഷമായ വായുമലിനീകരണം കാരണം അക്കാദമിക് വിദഗ്ധർ ദക്ഷിണേന്ത്യയിലേക്ക് ചേക്കേറാൻ ആലോചിക്കുന്നു. കുറഞ്ഞ ശമ്പളമാണെങ്കിലും കുടുംബത്തിന്‍റെ ആരോഗ്യത്തിനാണ് ഇവർ മുൻഗണന നൽകുന്നത്. മുൻ പ്രൊഫസറുടെ ലിങ്ക്ഡ്ഇൻ കുറിപ്പാണ് ഈ ചർച്ചകൾക്ക് വഴിവെച്ചത്.

വടക്കേ ഇന്ത്യയിലെ വായുമലിനീകരണം രൂക്ഷമാകുന്നതിനിടെ, കുടുംബത്തിന്‍റെ ആരോഗ്യവും കുട്ടികളുടെ ഭാവിയും കണക്കിലെടുത്ത് ദക്ഷിണേന്ത്യയിലേക്ക് താമസം മാറാൻ ആലോചിച്ച് അക്കാദമിക് രംഗത്തുള്ളവർ. മുൻ പ്രൊഫസറായ സജ്ജൻ സിങ്‌വി ലിങ്ക്ഡ്ഇനിൽ പങ്കുവെച്ച കുറിപ്പാണ് പുതിയൊരു ചർച്ചയ്ക്ക് വഴിതുറന്നിരിക്കുന്നത്. വടക്കേ ഇന്ത്യയിലെ സർവകലാശാലകളിൽ ജോലി ചെയ്യുന്ന കുട്ടികളുള്ള അധ്യാപകരും അക്കാദമിക് വിദഗ്ധരും ദക്ഷിണേന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മാറാൻ താൽപര്യം പ്രകടിപ്പിക്കുന്നതായാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ദക്ഷിണേന്ത്യയിലെ സർവകലാശാലകളിൽ താരതമ്യേന കുറഞ്ഞ ശമ്പളമാണ് ലഭിക്കുന്നതെങ്കിലും കുടുംബത്തിന്‍റെ ആരോഗ്യത്തിന് മുൻഗണന നൽകി മാറാൻ ചിലർ തയ്യാറാണെന്നും അദ്ദേഹം എഴുതുന്നു.

മലിനീകരണവും ശൈത്യവും

വടക്കേ ഇന്ത്യയിൽ നിന്ന് മുതിർന്ന പൗരന്മാർ കാലാവസ്ഥാ പ്രശ്നങ്ങൾ ഒഴിവാക്കാൻ നടത്തുന്ന താൽക്കാലിക താമസമാറ്റത്തെക്കുറിച്ചും അദ്ദേഹം പരാമർശിക്കുന്നുണ്ട്. ദീപാവലി സമയത്ത് വടക്കേ ഇന്ത്യയിൽ നിന്ന് മാറിത്താമസിക്കുന്ന ഇവരിൽ പലരും ഹോളിക്ക് ശേഷമാണ് സാധാരണയായി തിരിച്ചെത്താറുള്ളത്. മേഖലയിലെ കടുത്ത ശൈത്യകാലവും ഉയർന്ന മലിനീകരണ തോതുമാണ് ഇതിന് പ്രധാന കാരണം.

വടക്കേ ഇന്ത്യയിലെ നഗരങ്ങളിൽ വർധിച്ചുവരുന്ന വായു, ശബ്ദ മലിനീകരണത്തിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. സജ്ജൻ സിങ്‌വിയുടെ കുറിപ്പ് ലിങ്ക്ഡ്ഇനിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. വടക്കേ ഇന്ത്യയിലെ മലിനീകരണ പ്രശ്നത്തിന് ദീർഘകാല പരിഹാരമായി ദക്ഷിണേന്ത്യയിലേക്കുള്ള താമസമാറ്റം സഹായിക്കുമോയെന്നതായിരുന്നു പ്രധാന ചർച്ചാവിഷയം.

യഥാർത്ഥ വെല്ലുവിളിക്ക് പരിഹാരമില്ല

കുടുംബത്തിന്‍റെ സുരക്ഷയും ആരോഗ്യവും കണക്കിലെടുത്ത് ആളുകൾ താമസസ്ഥലം മാറാൻ തീരുമാനിച്ചേക്കാമെന്ന് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. എന്നാൽ, വ്യക്തികൾക്ക് താൽക്കാലിക ആശ്വാസം നൽകുന്നതല്ലാതെ ഇതൊരു ശാശ്വത പരിഹാരമാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂഹത്തെ ഒന്നാകെ ബാധിക്കുന്ന മലിനീകരണ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുകയാണ് യഥാർഥ വെല്ലുവിളിയെന്നും ഉപയോക്താവ് കൂട്ടിച്ചേർത്തു.

രാജ്യത്ത് മലിനീകരണ നിയന്ത്രണത്തിൽ കാര്യമായ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയില്ലെന്നാണ് മറ്റൊരു ഉപയോക്താവിന്റെ പ്രതികരണം. രാഷ്ട്രീയ നേതാക്കൾക്കിടയിലെ ശാസ്ത്രീയ ചിന്തയുടെയും ദീർഘകാല കാഴ്ചപ്പാടിന്‍റെയും അഭാവമാണ് ഇതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. പൊതുജനക്ഷേമത്തിന് മുൻഗണന നൽകാത്തിടത്തോളം വർധിച്ചുവരുന്ന മലിനീകരണത്തിന്‍റെ ദുരിതങ്ങൾ സാധാരണക്കാർ തന്നെ അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

PREV
Read more Articles on
click me!

Recommended Stories

ഭാര്യ ജോലിക്ക് പോയി കാശുണ്ടാക്കട്ടെ, വീട്ടിലെ എല്ലാ ജോലിയും താൻ ചെയ്യാം; വധുവിനെ തേടി യുവാവ്, കുട്ടികള്‍ വേണ്ട
'ജോലി സമയം ഓഫീസിൽ കിടന്നുറങ്ങുന്നു, അങ്ങേയറ്റം മടിച്ചി'; അന്യായ പിരിച്ചുവിടലിനെതിരെ നിയമപോരാട്ടത്തിൽ വിജയിച്ച് എഐ കമ്പനി ഡയറക്ടർ