
പോളിഷ് അതിർത്തിയിൽ യുക്രൈന്‍കാരെ(Ukrainian refugees) സ്വാഗതം ചെയ്യാൻ എത്തിയവരുടെ കൂട്ടത്തിൽ ജർമ്മനിയിൽ നിന്നുള്ള കലാകാരനായ ഡേവിഡ് മാർട്ടെല്ലോ(Davide Martello)യും ഉണ്ടായിരുന്നു. അതും കൈയിൽ ഒരു പിയാനോയുമായിട്ടാണ് അദ്ദേഹം എത്തിയത്. അയ്യായിരത്തിൽ പരം മൈലുകൾ താണ്ടി അദ്ദേഹം അവിടെയെത്തിയത്, അഭയാർത്ഥികൾക്ക് വേണ്ടി പിയാനോ വായിക്കാനാണ്. "പിയാനോ മാൻ"('Piano Man') എന്നാണ് മാർട്ടല്ലോ അറിയപ്പെടുന്നത് തന്നെ. യുദ്ധത്തിൽ നിന്ന് പലായനം ചെയ്ത് അതിർത്തിയിൽ എത്തിയ യുക്രൈനിൽ നിന്നുള്ളവരോടൊപ്പം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹവുമുണ്ട്. വെന്തുരുകിയ മനസ്സുമായി മരവിപ്പിക്കുന്ന തണുപ്പിൽ ഒറ്റക്കായിപ്പോയ അവർക്ക് അദ്ദേഹം തന്റെ സംഗീതത്താൽ ആശ്വാസം പകരുന്നു.
റോയിട്ടേഴ്‌സ് പ്രസിദ്ധീകരിച്ച ഒരു വീഡിയോയിൽ, അതിർത്തിക്കപ്പുറത്ത് നിന്ന് വരുന്ന ആളുകളെ തന്നോടൊപ്പം ചേർന്ന് പിയാനോ വായിക്കാൻ അദ്ദേഹം ക്ഷണിക്കുന്നതായും കാണാം. മുതിർന്നവരും, ചെറിയ കുട്ടികളും എല്ലാം മാർട്ടല്ലോയ്‌ക്കൊപ്പം പിയാനോ വായിക്കുന്നത് അതിൽ കാണാം. പുടിൻ അവരുടെ രാജ്യം ആക്രമിച്ചതിനെത്തുടർന്ന് പോളണ്ടിലേയ്ക്ക് പലായനം ചെയ്യാൻ നിർബന്ധിതരായ അഭയാർത്ഥികളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ കൂടിയാണ് അദ്ദേഹം പിയാനോ വായിക്കുന്നത്. അവരുടെ വേദനയും, സമ്മർദ്ദവും അല്പമെങ്കിലും കുറക്കാൻ തന്റെ സംഗീതം കൊണ്ട് കഴിയുമെങ്കിൽ അത്രയും സന്തോഷമെന്ന് അദ്ദേഹം പറയുന്നു.
എന്നാൽ, ഇത്തരം സംഘർഷ ഭൂമിയിൽ മാർട്ടല്ലോ തന്റെ പിയാനോ വായിക്കുന്നത് ഇതാദ്യമല്ല. 2013 -ൽ തുർക്കി മുതൽ 2015 -ൽ പാരിസ് വരെ സമാധാനത്തിന് ആഹ്വാനം ചെയ്ത് മാർട്ടല്ലോ പിയാനോ വായിച്ചിരുന്നു. അദ്ദേഹം വായിച്ച നിരവധി ഗാനങ്ങളിൽ റോക്ക് ബാൻഡ് ക്വീനിന്റെ 'വീ ആർ ദ ചാമ്പ്യൻസും' ഉൾപ്പെടുന്നു. അദ്ദേഹം 17 മണിക്കൂർ നേരം യാത്ര ചെയ്താണ് പോളണ്ട് അതിർത്തിയിലെത്തിയത്. “സംഗീതത്തിലൂടെ സമാധാനം കൊണ്ടുവരിക എന്നതാണ് എന്റെ ഉദ്ദേശ്യം” അദ്ദേഹം പറയുന്നു.
ഫെബ്രുവരി 24 -നാണ് റഷ്യ യുക്രൈനെ ആക്രമിച്ചത്. തുടർന്ന്, കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ദശലക്ഷകണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയുണ്ടായി. രാജ്യം വിടുന്നവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. അഭയാർഥികളെ സ്വീകരിക്കാനും, തങ്ങളുടെ വീടുകളിൽ താമസിപ്പിക്കാനും ആളുകൾ റെയിൽവേ സ്റ്റേഷനുകളിൽ തിക്കി തിരക്കി. ജർമ്മനിയിലെ ബെർലിനിലെ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ അഭയാർത്ഥികളെ ദയയുള്ള ജർമ്മൻകാർ സ്വാഗതം ചെയ്തു. അഭയാർത്ഥികളെ തങ്ങളുടെ വീടുകളിൽ താമസിക്കാൻ അവർ ക്ഷണിച്ചു. അതിന് മുമ്പ് അവർ അഭ്യയാർത്ഥികൾക്ക് ഭക്ഷണവും വെള്ളവും നൽകി. ചില പ്ലക്കാർഡുകളിൽ "വലിയ മുറി. മൂന്ന് ആളുകൾ. കുട്ടികൾക്കും സ്വാഗതം! നിങ്ങൾ ആഗ്രഹിക്കുന്നിടത്തോളം കാലം താമസിക്കാം" എന്ന് എഴുതിയിരുന്നു. അതുപോലെ, അഭയാർഥികൾക്ക് സിം കാർഡുകളും കൈമാറി. കൂടാതെ മെഡിക്കൽ ടീമുകൾ, വിവർത്തകർ, മറ്റ് സന്നദ്ധപ്രവർത്തകർ എന്നിവരും അവിടെയുണ്ടായിരുന്നു.
അതുപോലെ, പോളിഷ് സിവിലിയൻമാരും യുക്രൈൻകാരെ സ്വീകരിക്കാൻ മുൻകൈയെടുത്തു. പോളിഷ് തലസ്ഥാനമായ വാർസോയിൽ അഭയാർത്ഥികൾക്ക് താമസിക്കാൻ ഏകദേശം 2,500 അപ്പാർട്ടുമെന്റുകൾ വിട്ടു കൊടുത്തു. ഭക്ഷണം, വെള്ളം, വസ്ത്രങ്ങൾ, സ്ലീപ്പിംഗ് ബാഗുകൾ, ഷൂസ്, പുതപ്പുകൾ, ഡയപ്പറുകൾ, കളിപ്പാട്ടങ്ങൾ, സാനിറ്ററി ഉൽപ്പന്നങ്ങൾ, സെൽഫോൺ ചാർജിംഗ് കേബിളുകൾ എന്നിവയുൾപ്പെടെയുള്ള അവശ്യസാധനങ്ങളും പലരും യുക്രൈനിൽ നിന്നും എത്തിയവർക്ക് വിതരണം ചെയ്തു.