
"എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല" ഒരു ആൺകുഞ്ഞിന് ജന്മം നൽകിയ 24 -കാരനായ റയാൻ സാൻഡേഴ്സൺ(Ryan Sanderson) പറയുന്നു. തന്നെക്കൊണ്ട് ഒരിക്കലും ഒരു കുഞ്ഞിന് ജന്മം നൽകാൻ സാധിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. എന്നാൽ ഗർഭിണി(pregnant)യാണെന്ന് കണ്ടെത്തി നിമിഷം റയാൻ ശരിക്കും സ്തംഭിച്ചു പോയി. ഒരു സ്ത്രീയിൽ നിന്ന് പുരുഷനിലേക്കുള്ള രൂപമാറ്റത്തിനായുള്ള ചികിത്സയിലായിരുന്നു അദ്ദേഹം അപ്പോൾ. എന്നാൽ ഹോർമോൺ ചികിത്സ തുടങ്ങി ഒമ്പത് ആഴ്ചകൾക്കുള്ളിൽ ഗർഭിണിയാവുകയായിരുന്നു.
ടെസ്റ്റ് ചെയ്ത് പോസിറ്റീവ് ആണെന്ന് ഉറപ്പാക്കിയ ഉടനെ തന്നെ അദ്ദേഹം ഹോർമോൺ ചികിത്സകൾ താൽക്കാലികമായി നിർത്തി വച്ചു. മാഞ്ചസ്റ്ററിലെ റോച്ച്‌ഡെയ്‌ലിൽ നിന്നുള്ള നാടക വിദ്യാർത്ഥിയാണ് റയാൻ. താൻ യഥാർത്ഥത്തിൽ സ്ത്രീയല്ല മറിച്ച് ഒരു പുരുഷനാണെന്ന് റയാൻ തിരിച്ചറിഞ്ഞത് അദ്ദേഹത്തിന്റെ ഏഴാം വയസ്സിലാണ്. അന്നുമുതൽ തന്റെ ലിംഗ മാറ്റത്തിനായുള്ള പോരാട്ടത്തിലായിരുന്നു അദ്ദേഹം. ഗർഭകാലത്തുടനീളം ശാരീരിക മാറ്റങ്ങൾ മൂലം ബുദ്ധിമുട്ടിയെന്ന് അദ്ദേഹം പറയുന്നു. എന്നാൽ മകന്റെ മുഖം ആദ്യമായി കണ്ടപ്പോൾ വല്ലാത്ത അഭിമാനം തോന്നിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോൾ അദ്ദേഹത്തിന്റെ മകൻ ഹെൻഡ്രിക്കിന് രണ്ടു വയസ്സുണ്ട്. അവനെ നോക്കി വളർത്തണമെന്ന ഒറ്റ ചിന്തയിലാണ് റയാൻ ഇന്ന്.
ശാരീരികമായി പൂർണമായും ഒരു പുരുഷനാകാനായി അദ്ദേഹം ഹോർമോൺ ഗുളികകൾ കഴിച്ചിരുന്നു. അതുകൊണ്ട് തന്നെ തനിക്ക് ഗർഭം ധരിക്കാനുള്ള കഴിവുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നില്ല. "ട്രാൻസ് പുരുഷന്മാർക്കും ഗർഭം ധരിക്കാൻ കഴിയും. എന്റെ മുൻ പങ്കാളി ഞാൻ ഒരു വന്ധ്യയാണെന്നാണ് കരുതിയിരുന്നത്. പക്ഷേ അത് അങ്ങനെയായിരുന്നില്ല" റയാൻ പറഞ്ഞു. ഒരു പുരുഷനായി മാറിയതിന് ശേഷം ഒരു പെൺകുട്ടി എന്ന നിലയിൽ ഒരിക്കലും അനുഭവിക്കാത്ത സ്വാതന്ത്ര്യം തനിക്ക് അനുഭവപ്പെട്ടുവെന്ന് അദ്ദേഹം പറയുന്നു.
ഒമ്പത് ആഴ്ചത്തെ ഹോർമോൺ ചികിത്സ കഴിഞ്ഞതിന് ശേഷമാണ് താൻ പത്ത് ആഴ്ച ഗർഭിണിയാണെന്ന് അദ്ദേഹം മനസ്സിലാക്കുന്നത്. "ഇത് വലിയൊരു ഷോക്ക് ആയി. പക്ഷേ എനിക്ക് കുഞ്ഞിന്റെ ജീവനായിരുന്നു വലുത്. അവന് ജന്മം നല്കാൻ ഞാൻ തീരുമാനിച്ചു. അതിനായി ഹോർമോൺ ചികിത്സ പാതിയിൽ നിർത്താൻ പോലും ഞാൻ തീരുമാനിച്ചു. അതിൽ എനിക്ക് ദുഃഖം ഉണ്ടായിരുന്നെങ്കിലും, ഇത് വിധിയാണെന്ന് ഞാൻ വിശ്വസിച്ചു. എന്നാൽ പതുക്കെ പതുക്കെ എന്റെ എല്ലാം എന്റെ മകനായി മാറി," റയാൻ പറഞ്ഞു. ഈ യാത്രയിൽ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും പൂർണ്ണ പിന്തുണ റയാന് ഉണ്ടായിരുന്നു. പ്രസവം സുഗമമായി നടന്നുവെന്ന് റയാൻ പറഞ്ഞു.
ഇപ്പോൾ കുഞ്ഞിന്റെ അച്ഛനും അമ്മയും എല്ലാം റയാനാണ്. കൂടാതെ, ട്രാൻസായ അദ്ദേഹം ഗർഭിണിയായതിന്റെ അനുഭവം മറ്റുള്ളവരുമായി പങ്കിടുന്നു. സ്തനങ്ങൾ നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് മുമ്പ് റയാന് മകനെ മുലയൂട്ടാൻ സാധിച്ചിരുന്നു. എന്നാൽ ഭാവിയിൽ കുട്ടികൾക്ക് പാൽ നൽകാൻ കഴിയില്ലെന്ന് ഓർക്കുമ്പോൾ അദ്ദേഹത്തിന് അല്പം സങ്കടമുണ്ട്. ഹെൻഡ്രിക്കിന്റെ വളർച്ചയ്ക്ക് അത് അതാവശ്യമാണെന്ന് തനിക്ക് അറിയാമായിരുന്നുവെന്ന് റയാൻ അഭിപ്രായപ്പെട്ടു. 2021 -ലാണ്, അദ്ദേഹം സ്തനങ്ങൾ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നത്. ഹെൻഡ്രിക്കിന്റെ രക്ഷിതാവാകാൻ സാധിച്ചതിൽ വളരെ സന്തോഷമുണ്ടെന്നും, ഒരു അച്ഛനായിരിക്കുന്നത് സുഖമുള്ള ഒരേർപ്പാടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.