ഐടി ജോലി ഉപേക്ഷിച്ച് ഡയറി സ്റ്റാർട്ടപ്പ്, വിവരശേഖരണത്തിന് റാപ്പിഡോ ഡ്രൈവറായി; വൻ കയ്യടി

Published : Oct 06, 2026, 11:26 AM IST
viral post

Synopsis

തന്റെ ടാർഗറ്റ് ഓഡിയൻസായ യാത്രക്കാരുമായി സംസാരിക്കുന്നതിലൂടെ, യാത്രാക്കൂലി ലഭിക്കുന്നതിനൊപ്പം ഉപഭോക്താക്കളുടെ താൽപ്പര്യങ്ങളും വിപണിയിലെ ആവശ്യങ്ങളും നേരിട്ട് മനസ്സിലാക്കാൻ ദിനേശിന് സാധിക്കുന്നുണ്ട്.

സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥ നൽകുന്ന ജോലിയാണ് ഐടി ജോലി. എന്നാൽ, ആ ഐടി ജോലി ഉപേക്ഷിച്ച് സ്വന്തമായി ഡയറി സംരംഭം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഒഡിഷ സ്വദേശിയായ ദിനേശ്. നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ മുൻ ജീവനക്കാരനായ ദിനേശ്, സാധാരണ ആളുകൾ സ്വീകരിക്കാറുള്ള മാർക്കറ്റ് റിസർച്ച് രീതികൾക്ക് പകരം ബെംഗളൂരു നഗരത്തിലൂടെ റാപ്പിഡോ ബൈക്ക് റൈഡ് നടത്തിയാണ് തന്റെ സംരംഭത്തിനായുള്ള പഠനം നടത്തുന്നത്. ലിങ്ക്ഡ്ഇന്നിൽ വരുൺ രാജ് എന്ന യുവാവാണ് അദ്ദേഹത്തെ കുറിച്ചുള്ള ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

തിങ്കളാഴ്ച രാവിലെ റൈഡിനിടയിലാണ് വരുൺ രാജിനോട് ദിനേശ് തന്റെ വിചിത്രമായ മാർക്കറ്റ് റിസർച്ച് രീതി പങ്കുവെച്ചത്. യാത്രയ്ക്കിടയിൽ സാധാരണ പാൽ കൂടാതെ ഉപഭോക്താക്കൾ ഏതൊക്കെ ഡയറി ഉൽപ്പന്നങ്ങളാണ് വാങ്ങുന്നത് എന്നതിനെക്കുറിച്ച് ദിനേശ് കുറച്ച് ചോദ്യങ്ങൾ ചോദിക്കുകയായിരുന്നു. ഈ ചോദ്യത്തിന് പിന്നിലെ കാരണം എന്താണെന്ന് വരുൺ രാജ് അന്വേഷിച്ചപ്പോൾ ദിനേശ് നൽകിയ മറുപടി വളരെ ലളിതമായിരുന്നു, 'സാർ, ഇങ്ങനെ ചെയ്യുമ്പോൾ പൈസയും കിട്ടും, ഒപ്പം ഫീഡ്‌ബാക്കും കിട്ടും'.

തന്റെ ടാർഗറ്റ് ഓഡിയൻസായ യാത്രക്കാരുമായി സംസാരിക്കുന്നതിലൂടെ, യാത്രാക്കൂലി ലഭിക്കുന്നതിനൊപ്പം ഉപഭോക്താക്കളുടെ താൽപ്പര്യങ്ങളും വിപണിയിലെ ആവശ്യങ്ങളും നേരിട്ട് മനസ്സിലാക്കാൻ ദിനേശിന് സാധിക്കുന്നുണ്ട്. ബെംഗളൂരുവിൽ തന്റെ ബിസിനസ്സ് ആശയത്തിന് അടിത്തറയിട്ട ശേഷം സ്വന്തം നാടായ ഒഡിഷയിൽ ഡയറി സംരംഭം ഔദ്യോഗികമായി ആരംഭിക്കാനാണ് ദിനേശ് ലക്ഷ്യമിടുന്നത്. ഇതിനായി ഒരു വർഷത്തെ സമയപരിധിയാണ് അദ്ദേഹം നിശ്ചയിച്ചിരിക്കുന്നത്.

ദിനേശിന്റെ ഈ വേറിട്ട ശൈലിക്ക് വലിയ സ്വീകാര്യതയാണ് ലിങ്ക്ഡ്ഇനിൽ ലഭിക്കുന്നത്. തികച്ചും യാഥാർത്ഥ്യബോധത്തോടെയുള്ള ഈ പ്രയത്നത്തെ നിരവധി പേരാണ് അഭിനന്ദിക്കുന്നത്. ഉപഭോക്താക്കളെ നേരിട്ട് കണ്ട് സംസാരിക്കുന്നതിനേക്കാൾ വലിയ മാർക്കറ്റ് റിസർച്ച് വേറെയില്ലെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ പൊതുവായ വിലയിരുത്തൽ. ദിനേശ് ഭാവിയിൽ പുറത്തിറക്കുന്ന ഉൽപ്പന്നങ്ങൾക്കായി കാത്തിരിക്കുകയാണെന്നാണ് പലരും കുറിച്ചിരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

ജോലി ചെയ്തിട്ട് പണം തന്നില്ല, ചോദിച്ചപ്പോൾ സകലയിടത്തും ബ്ലോക്ക്; ഫൗണ്ടറിനെതിരെ ആരോപണവുമായി യുവതി
നാട്ടിൽ ​ഗൃഹപ്രവേശന ചടങ്ങ്, സർപ്രൈസായി എത്തി സന്തോഷക്കണ്ണീരണിയിച്ച് യുവാവ്