
പെൺകുട്ടിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് കോടതി തടവു ശിക്ഷ വിധിക്കാത്തതിൽ പ്രതിഷേധം. പ്രതിക്ക് കുറ്റം ചെയ്യുമ്പോൾ ചെറിയ പ്രായമായിരുന്നു എന്നും തടവ് വിധിക്കാൻ മാത്രമുള്ള പ്രായമായിട്ടില്ല എന്നും പറഞ്ഞാണ് തടവുശിക്ഷ ഒഴിവാക്കിയിരിക്കുന്നത്. ഇത് വലിയ തരത്തിലുള്ള പ്രതിഷേധത്തിന് വഴിയൊരുക്കി.
പാർക്കിൽ വച്ചാണ് 13 വയസ് മാത്രം പ്രായമുള്ള പെൺകുട്ടിയെ പ്രതിയായ സീൻ ഹോഗ് അക്രമിച്ചത്. പാർക്കിലിരിക്കുകയായിരുന്ന പെൺകുട്ടിയെ ഹോഗ് ഭീക്ഷണിപ്പെടുത്തുകയും പിന്നാലെ ബലാത്സംഗം ചെയ്യുകയും ആയിരുന്നു. സ്‌കോട്ട്‌ലൻഡിലെ മിഡ്‌ലോത്തിയനിലുള്ള ഡാൽകീത്ത് കൺട്രി പാർക്കിലായിരുന്നു അതിക്രമം നടന്നത്. 'പ്രതിക്ക് ആ സമയത്ത് 17 വയസ് മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ, അത് കണക്കിലെടുക്കേണ്ടതുണ്ട്' എന്നായിരുന്നു ശിക്ഷ വിധിക്കവെ ജഡ്ജി ലോർഡ് ലേക്ക് പറഞ്ഞത്.
അതിനാൽ തന്നെ തടവുശിക്ഷയ്ക്ക് പകരം 270 മണിക്കൂർ വേതനമില്ലാതെ ജോലി ചെയ്യാനും ഹോഗിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത മൂന്ന് വർഷം ലൈംഗിക കുറ്റവാളികളുടെ പട്ടികയിൽ ഹോഗിന്റെ പേര് ഉണ്ടാകും. എന്നാൽ, ഹോഗിന് തടവുശിക്ഷ വിധിക്കാത്തതിനെതിരെ വലിയ തരത്തിലുള്ള വിമർശനങ്ങളും പ്രതിഷേധവും ഉണ്ടായി.
റേപ്പ് ക്രൈസിസ് സ്‌കോട്ട്‌ലൻഡിന്റെ സിഇഒ സാൻഡി ബ്രിൻഡ്‌ലി ശിക്ഷാവിധിയെ ആശങ്കാകുലം എന്നാണ് വിശേഷിപ്പിച്ചത് എന്ന് മാധ്യമങ്ങൾ എഴുതുന്നു. 'ഇത് വളരെ ഗുരുതരമായ കുറ്റകൃത്യമാണ്. എന്നിട്ടും പ്രതിക്ക് തടവുശിക്ഷ കിട്ടിയില്ല എന്നത് ഞെട്ടലുണ്ടാക്കുന്നു. ഞങ്ങൾ ആലോചിക്കുന്നത് ഈ കേസിലെ അതിജീവിതയെ കുറിച്ചാണ്. ഏതൊരു ലൈംഗികാതിക്രമകേസിലെ അതിജീവിതമാരെ സംബന്ധിച്ചും തങ്ങളെ ഉപദ്രവിക്കുന്നവർ കോടതിയിൽ നിന്നും ഫ്രീയായി ഇറങ്ങി നടക്കുന്നത് കാണുന്നത് ബുദ്ധിമുട്ടുണ്ടാക്കും' എന്നും അവർ പറഞ്ഞു.
സ്ത്രീകളുടെയും അതിജീവിതമാരുടെയും അവകാശത്തിന് വേണ്ടി പ്രവർത്തിക്കുന്ന അനേകം പേർ ഈ വിധിക്കെതിരെ വിമർശനം ഉന്നയിച്ചു.