ജോലി രാജിവച്ചു, പഴയ ജീവിതമുപേക്ഷിച്ചു, സ്വന്തമായി വാങ്ങിയ ദ്വീപിൽ തനിച്ച് വ്യത്യസ്തമായൊരു ജീവിതം!

Published : Apr 11, 2022, 01:00 PM IST
ജോലി രാജിവച്ചു, പഴയ ജീവിതമുപേക്ഷിച്ചു, സ്വന്തമായി വാങ്ങിയ ദ്വീപിൽ തനിച്ച് വ്യത്യസ്തമായൊരു ജീവിതം!

Synopsis

എന്നാൽ, ദ്വീപിന്റെ മാറ്റം പൂർണമാകണമെങ്കിൽ, അതിൽ വന്യജീവികളും വേണമായിരുന്നു. ഇതിനായി അദ്ദേഹം ആദ്യം ആമകളെ ദ്വീപിലേക്ക് കൊണ്ട് വന്നു. തുടർന്ന്, 120 തദ്ദേശീയ ജീവികളെ അവിടേയ്ക്ക് കൊണ്ട് വന്ന് അദ്ദേഹത്തോടൊപ്പം പാർപ്പിച്ചു. അങ്ങനെ ദ്വീപിൽ മനോഹരങ്ങളായ മരങ്ങൾ വളർന്നു, വന്യജീവികൾ താമസമായി. 

ഒരു മുൻ ന്യൂസ്‌പേപ്പർ എഡിറ്ററായ ബ്രെൻഡൻ ഗ്രിംഷോ(Brendon Grimshaw) 1962 -ൽ ഏഴരലക്ഷം മുടക്കി ഒരു കൊച്ചു ദ്വീപ് വാങ്ങി. എന്തിനെന്നല്ലേ? ഇനിയുള്ള കാലം തിരക്കുകളിൽ നിന്നൊക്കെ മാറി സ്വസ്ഥമായി ജീവിക്കാൻ. വെറും കാടുപിടിച്ച് കിടന്ന ആ ദ്വീപിനെ അദ്ദേഹം വീണ്ടും ജീവൻ വെപ്പിച്ചെടുത്തു. ഇന്ന് അത് പ്രശസ്തമായ ഒരു ദേശീയ ഉദ്യാനമാണ്. സംസ്ഥാനത്തിന്റെ അഭിമാനമായ ആ വിനോദസഞ്ചാര കേന്ദ്രം അദ്ദേഹത്തിന്റെ മാത്രം അധ്വാനഫലമാണ്.

ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു ദ്വീപസമൂഹമാണ് സീഷെൽസ്. അതിൽ അരമൈൽ മാത്രം വീതിയുള്ള മൊയെൻ(Moyenne) എന്ന ചെറിയ ദ്വീപാണ് അദ്ദേഹം വാങ്ങിയത്. വെസ്റ്റ് യോർക്ക്ഷെയറിലെ ഡ്യൂസ്ബറിയിൽ നിന്നുള്ള ബ്രെൻഡൻ ഗ്രിംഷോ സമ്മർദ്ദം നിറഞ്ഞ തന്റെ പഴയകാല ജീവിതത്തോടും, തൊഴിലിനോടും വിടപറഞ്ഞു കൊണ്ടാണ് ദ്വീപിലേയ്ക്ക് താമസം മാറിയത്. അന്ന് അദ്ദേഹത്തിന് 40 തികഞ്ഞിട്ടില്ല. ശാന്തമായ, വന്യമായ, എങ്ങും പച്ചപ്പ് നിറഞ്ഞ തന്റെ പുതിയ വീടിനോട് മുൻപത്രപ്രവർത്തകന് വല്ലാത്തൊരു സ്നേഹം തൊന്നി. പതിറ്റാണ്ടുകളായി ഉപേക്ഷിക്കപ്പെട്ടു കിടന്ന ഒരിടമായിരുന്നു മൊയെൻ. ദ്വീപിൽ ബ്രെൻഡൻ ഏറെക്കുറെ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. വെറും കാട് പിടിച്ച് കിടന്നിരുന്ന അവിടെ അദ്ദേഹവും സഹായി 19 -കാരനായ റെനെ അന്റോയ്ൻ ലാഫോർച്യൂണും ചേർന്ന് വഴിവെട്ടി. ഒരു പ്രാദേശിക മത്സ്യത്തൊഴിലാളിയുടെ മകനാണ് അന്റോയ്ൻ. ദ്വീപിന്റെ മുഖച്ഛായ മാറ്റുന്നതിന്റെ ഭാഗമായി ദ്വീപിൽ മരങ്ങൾ നട്ടുപിടിപ്പിച്ചു. തുടർന്ന് ബ്രെൻഡൻ തനിക്കായി തടി കൊണ്ടുള്ള ഒരു കൊച്ചുവീടും പണിതു.

എന്നാൽ, ദ്വീപിന്റെ മാറ്റം പൂർണമാകണമെങ്കിൽ, അതിൽ വന്യജീവികളും വേണമായിരുന്നു. ഇതിനായി അദ്ദേഹം ആദ്യം ആമകളെ ദ്വീപിലേക്ക് കൊണ്ട് വന്നു. തുടർന്ന്, 120 തദ്ദേശീയ ജീവികളെ അവിടേയ്ക്ക് കൊണ്ട് വന്ന് അദ്ദേഹത്തോടൊപ്പം പാർപ്പിച്ചു. അങ്ങനെ ദ്വീപിൽ മനോഹരങ്ങളായ മരങ്ങൾ വളർന്നു, വന്യജീവികൾ താമസമായി. അദ്ദേഹത്തിന്റെ ഈ നിരന്തരമായ കഠിനാധ്വാനം സമ്പന്നരായ നിക്ഷേപകരുടെ ശ്രദ്ധ ആകർഷിച്ചു. അവർ സീഷെൽസിനെ ഒരു ഉഷ്ണമേഖലാ പറുദീസയായും, ഒരു  ആഡംബര അവധിക്കാല കേന്ദ്രമായും കാണാൻ തുടങ്ങി.  

ആളുകൾ കൂടുതലായി അദ്ദേഹത്തെയും, അദ്ദേഹത്തിന്റെ ദ്വീപിനെക്കുറിച്ചും മനസിലാക്കി. 2000 -ത്തിൽ പുറത്തിറങ്ങിയ 'കാസ്റ്റ് എവേ' എന്ന ചിത്രത്തിലെ ടോം ഹാങ്ക്സിന്റെ കഥാപാത്രവുമായി ആളുകൾ അദ്ദേഹത്തെ താരതമ്യപ്പെടുത്തി. ഇതോടെ വലിയ തുകയ്ക്കു ദ്വീപ് വാങ്ങാൻ ആളുകൾ വരാൻ തുടങ്ങി. അദ്ദേഹത്തിന്റെ ചെറിയ ദ്വീപിന് ഏകദേശം £40 മില്യൺ വരെ ഓഫർ വന്നു. എന്നാൽ, അദ്ദേഹം അതെല്ലാം നിരസിച്ചു.  

കോർപ്പറേറ്റുകളുടെ പിടിയിൽ വീഴാതെ അതിനെ സംരക്ഷിക്കാൻ അദ്ദേഹം ആഗ്രഹിച്ചു. മറ്റൊരു രീതിയിൽ അതിന്റെ ഭാവി ഉറപ്പാക്കാൻ അദ്ദേഹം തീരുമാനിച്ചു. അദ്ദേഹത്തിന് കുട്ടികളില്ലാതിരുന്നതിനാൽ മരണശേഷം ദ്വീപ് പരിപാലിക്കാൻ ആരും ഉണ്ടാകില്ല. അതുകൊണ്ട് അദ്ദേഹം 2009 -ൽ സീഷെൽസിന്റെ പരിസ്ഥിതി മന്ത്രാലയവുമായി ഒരു പെർപെച്വൽ ട്രസ്റ്റിൽ ഒപ്പുവച്ചു. ഈ കരാർ ദ്വീപിനെ ഒരു ദേശീയ ഉദ്യാനമായി രൂപാന്തരപ്പെടുത്തി. ഇന്നും, ആ പദവി വഹിക്കുന്ന ലോകത്തിലെ ഏറ്റവും ചെറിയ ദ്വീപായി ഇത് തുടരുന്നു. 2012 -ൽ ബ്രണ്ടൻ അന്തരിച്ചു. "തന്റെ ചുറ്റുമുള്ള സൗന്ദര്യത്തിലേക്ക് കണ്ണുതുറക്കാനും ദൈവത്തോട് നന്ദി പറയാനും മൊയെൻ അവനെ പഠിപ്പിച്ചു" ഇതായിരുന്നു അദ്ദേഹത്തിന്റെ ശവകുടീരത്തിലെ വാചകങ്ങൾ.  

PREV
click me!

Recommended Stories

'അവൾ ഒടുക്കത്തെ തീറ്റയാണ്, ആ പണം തിരികെ വേണം'; വിവാഹം നിശ്ചയിച്ചിരുന്ന സ്ത്രീക്കെതിരെ യുവാവ് കോടതിയിൽ
വെള്ളിയാഴ്ച 'ട്രഡീഷണൽ വസ്ത്രം' ധരിച്ചില്ലെങ്കിൽ 100 രൂപ പിഴ; കമ്പനിയുടെ നിയമത്തിനെതിരെ ജീവനക്കാരി