77 വർഷങ്ങൾക്ക് ശേഷം ആദ്യമായി സഹോദരങ്ങളെ കണ്ടെത്തി

By Web TeamFirst Published Sep 6, 2022, 3:47 PM IST
Highlights

അതിന് മുമ്പ് ആരോടും തോന്നാത്ത അടുപ്പം സഹോദരന്മാരെ ആദ്യമായി കണ്ടപ്പോൾ തന്നെ തനിക്ക് തോന്നി. ഇത്തരം ഒരു അനുഭവം തന്റെ ജീവിതത്തിൽ തന്നെ ആദ്യമായിട്ടാണ്.

ഒരു ബ്രിട്ടീഷുകാരൻ ഒരിക്കലും കണ്ടുമുട്ടില്ല എന്ന് കരുതിയ തന്റെ സഹോദരങ്ങളെ നീണ്ട വർഷങ്ങൾക്ക് ശേഷം കണ്ടെത്തി. 77 വർഷങ്ങൾക്ക് മുമ്പ് അമ്മ ദത്ത് നൽകിയതായിരുന്നു അവനെ.

രണ്ടാം ലോകമഹായുദ്ധസമയത്ത് ക്രെയ്ഗ് ഡണ്ടർഡെയ്‌ലിന്റെ അമ്മയ്ക്ക് ഒരു അമേരിക്കൻ ജനറലുമായി ബന്ധമുണ്ടായിരുന്നു. ഇപ്പോൾ - 46 വർഷത്തെ തിരച്ചിലിന് ശേഷം ക്രെയ്‍​ഗ് തന്റെ അർദ്ധ സഹോദരങ്ങളെ കണ്ടെത്തിയിരിക്കയാണ്. അവരിപ്പോൾ 4500 മൈൽ അകലെ യുഎസ്സിലെ കൊളറാഡോയിലാണ് ഉള്ളത്. അവർ‌ ജീവിച്ചിരിപ്പുണ്ട് എന്ന് പോലും ക്രെയ്‍​ഗിന് അറിയില്ലായിരുന്നു. 

മുൻ RAF ടെക്നീഷ്യനായ ക്രെയ്​ഗ് തന്റെ കുടുംബത്തെ കുറിച്ച് അന്വേഷണം നടത്തിയ ശേഷം ജ്യേഷ്ഠന്മാരായ ഡാൻ ആൾനട്ട്, 81, ഫ്രാങ്ക്, 83 എന്നിവരെ കണ്ടെത്തുകയായിരുന്നു. ഈ വേനൽക്കാലത്ത് അവർ മൂവരും ആദ്യമായി കണ്ടുമുട്ടി. തികച്ചും വൈകാരികമായിരുന്നു ആ കൂടിച്ചേരൽ. 

ഇത് തികച്ചും അവിശ്വസനീയമാണ് എന്നാണ് അദ്ദേഹം പറയുന്നത്. ശരിക്കും അച്ഛനെ അന്വേഷിച്ചായിരുന്നു ഞാൻ അലഞ്ഞത്. പക്ഷേ പ്രതീക്ഷിക്കാതെ രണ്ട് സഹോദരന്മാരെ കണ്ടുമുട്ടി എന്നും അദ്ദേഹം പറയുന്നു. അന്വേഷണം തുടങ്ങി ആദ്യകാലങ്ങളിലൊന്നും ഒരു മുന്നേറ്റവുമുണ്ടായിരുന്നില്ല. പ്രതീക്ഷിക്കാൻ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. പക്ഷേ, താൻ അന്വേഷണം തുടരാൻ തീരുമാനിക്കുകയായിരുന്നു എന്നും ക്രെയ്​ഗ് പറയുന്നു. 

അതിന് മുമ്പ് ആരോടും തോന്നാത്ത അടുപ്പം സഹോദരന്മാരെ ആദ്യമായി കണ്ടപ്പോൾ തന്നെ തനിക്ക് തോന്നി. ഇത്തരം ഒരു അനുഭവം തന്റെ ജീവിതത്തിൽ തന്നെ ആദ്യമായിട്ടാണ്. തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം ഇതാണ്, ഇതല്ലാതെ താൻ ഒന്നും തന്നെ തന്റെ ജീവിതത്തിൽ ഇതുപോലെ ആ​ഗ്രഹിച്ചിട്ടില്ല എന്നും ക്രെയ്​ഗ് പറയുന്നു. 

ക്രെയ്​ഗിൻ‌റെ അച്ഛനുമായി പ്രണയത്തിലാവുമ്പോൾ ക്രെയ്​ഗിന്റെ അമ്മ വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയും ആയിരുന്നു. തന്റെ ഭർത്താവ് യുദ്ധത്തിൽ നിന്നും മടങ്ങി വരില്ല എന്നാണ് അവൾ കരുതിയിരുന്നത്. എന്നാൽ, അയാൾ മടങ്ങി വരികയും ഭാര്യ ​ഗർഭിണിയാണ് എന്ന് തിരിച്ചറിയുകയും ചെയ്തു. അങ്ങനെ ക്രെയ്​ഗിനെ ദത്ത് നൽകാൻ തീരുമാനിക്കുകയായിരുന്നു. പതിനൊന്നാമത്തെ വയസിലാണ് ക്രെയ്​ഗിനോട് വളർത്തമ്മ അവൻ വളർത്തുമകനാണ് എന്ന് പറയുന്നത്. 

അമ്മയെ ബന്ധപ്പെടാൻ ശ്രമിച്ചു എങ്കിലും അവരുടെ ഭർത്താവ് അത് തടഞ്ഞു. അതോടെയാണ് അച്ഛനെ കണ്ടെത്താനുള്ള ശ്രമം തുടരുന്നത്. അതാണ് രണ്ട് സഹോദരന്മാരിൽ ചെന്ന് എത്തി നിന്നത്. ഡിഎൻഎ പരിശോധനയാണ് അദ്ദേഹത്തിന് സഹോദരന്മാരെ കണ്ടെത്താൻ തുണയായത്. 

click me!