
സന്ദേശങ്ങളെഴുതി കുപ്പിയിലാക്കി കടലിലെറിയുക എന്നത് ചിലരെങ്കിലും ചെയ്യുന്ന കാര്യമാണ്. വളരെ വളരെ വർഷങ്ങൾക്കു ശേഷം അങ്ങനെ എഴുതുന്ന സന്ദേശം ചിലർ കണ്ടെത്താറുമുണ്ട്. ഏതായാലും കെന്റക്കിയിലെ ഒരാൾ ഇതുപോലെ എഴുതി കടലിലെറിഞ്ഞ ഒരു സന്ദേശം തിരികെ അയാളിലേക്ക് തന്നെ എത്തിയിരിക്കുകയാണ്.
കെന്റക്കിയിലുള്ള മൗണ്ട് വാഷിംഗ്ടൺ നഗരത്തിലുള്ള ട്രോയ് ഹെല്ലർ എന്നയാളാണ് തനിക്ക് വെറും 10 വയസുള്ളപ്പോൾ അതായത് 1985 -ൽ സന്ദേശമെഴുതി കടലിലൊഴുക്കിയത്. ഫ്ലോറിഡയിലെ വെറോ ബീച്ചിലാണ് ഹെല്ലർ ഈ സന്ദേശം ഒഴുക്കിയത്. ഏതായാലും പെപ്സി കുപ്പിയിൽ എഴുതിയിട്ട സന്ദേശം കുറേ സഞ്ചരിച്ചു.
ഏകദേശം നാല് പതിറ്റാണ്ടിന് ശേഷം രണ്ട് അധ്യാപകരാണ് ട്രോയ് ഹെല്ലർ എഴുതിയ സന്ദേശം കണ്ടെത്തിയത്. കൊടുങ്കാറ്റിനെ തുടർന്നുണ്ടായ അവശിഷ്ടങ്ങൾ വൃത്തിയാക്കുകയായിരുന്നു രണ്ട് അധ്യാപകരും. സന്ദേശം ഇട്ടതിൽ നിന്നും 21 കിലോമീറ്റർ അകലെയായിട്ടാണ് സന്ദേശം കണ്ടെത്തുന്നത്. പെപ്സി കുപ്പിയിൽ എഴുതി ഇട്ടിരുന്ന സന്ദേശത്തിൽ പറയുവന്നത് ആരെങ്കിലും ഈ കുറിപ്പ് കണ്ടെത്തിയാൽ തന്നെ വിളിക്കുകയോ തനിക്ക് എഴുതുകയോ ചെയ്യണം എന്നുള്ളതായിരുന്നു.
എന്തായാലും അധ്യാപകർ ഈ സന്ദേശം എഴുതിയ ആളെ കണ്ടെത്തി അത് തിരികെ ഏൽപ്പിക്കാൻ തന്നെ തീരുമാനിച്ചു. അങ്ങനെയാണ് അവർ മൗണ്ട് വാഷിംഗ്ടണിലുള്ള ട്രോയ് ഹെല്ലറെ കണ്ടെത്തിയത്. അങ്ങനെ ആ സന്ദേശം തിരികെ ട്രോയ് ഹെല്ലറിന് തന്നെ കിട്ടി. ഹെല്ലറിനെ സംബന്ധിച്ചും ഇത് വളരെ അതിശയകരമായ കാര്യം തന്നെയായിരുന്നു. ആ കുറിപ്പ് എഴുതിയിടുമ്പോൾ അത് എവിടെ എത്തും എന്ന് നോക്കാം എന്നേ കരുതിയുള്ളൂ എന്നാൽ, ഇത്രയും കാലം കഴിഞ്ഞ് അത് തിരികെ തന്റെ അടുത്തേക്ക് തന്നെ എത്തിയിരിക്കുന്നു. വളരെ അതിശയകരമാണ് അത് എന്നാണ് ഹെല്ലർ പറയുന്നത്.